ദോഹ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ജീവൻ മരണ പോരാട്ടത്തിൽ ഘാനയ്‌ക്കെതിരെ ആദ്യ പകുതിയിൽ യുറുഗ്വേയ്ക്ക് രണ്ട് ഗോളിന്റെ നിർണായക ലീഡ്. 26ാം മിനിറ്റിൽ ഡി അരാസ്‌കേറ്റയുടെ ഹെഡ്ഡറിലൂടെയാണ് യുറഗ്വായ് സ്‌കോർ ബോർഡ് തുറന്നത്. 32ാം മിനിറ്റിൽ രണ്ടാം ഗോളും നേടിയത് അരാസ്‌കേറ്റ തന്നെ. നേരത്തെ ഘാന പെനാൽറ്റി പാഴാക്കിയിരുന്നു. ഖത്തർ ലോകകപ്പിലെ യുറഗ്വായുടെ ആദ്യ ഗോൾ നേട്ടമാണിത്.

വീണുകിട്ടിയ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഘാനയ്ക്ക് നിരാശജനകമായിരുന്നു ആദ്യ പകുതി. പതിനാറാം മിനിറ്റിൽ ഗാനയുടെ ജോർദൻ ആയേവ് പോസ്റ്റിലേക്ക് പന്ത് പായിച്ചെങ്കിലും ഗോളി തട്ടിമാറ്റുകയായിരുന്നു. ഇതിനുപിന്നാലെ മുന്നേറ്റം തടയുന്നതിനിടെ ഘാനയുടെ കുഡുസിനെ യുറുഗ്വായുടെ ഗോളി റോഷെറ്റ് തടഞ്ഞിട്ടത് പെനാൽറ്റിക്ക് വഴി തുറന്നു. എന്നാൽ ഘാനയുടെ പെനാൽറ്റി കിക്ക് എടുത്ത ആൻഡ്രെയ്ക്ക് ലക്ഷ്യം നേടാനായില്ല. വളരെ ദുർബലമായ കിക്ക് ഗോളി കയ്യിലൊതുക്കുകയായിരുന്നു. ആദ്യപകുതി അവസാനിച്ചപ്പോൾ രണ്ട് ഗോൾ നേട്ടവുമായി യുറഗ്വായ് മികച്ച നില കൈവരിച്ചു.

ഘാനയ്‌ക്കെതിരെ ജയിച്ചാൽ മാത്രമേ ആദ്യ ലോകകപ്പ് ചാംപ്യന്മാർക്ക് പ്രീക്വാർട്ടറിൽ എത്താൻ സാധിക്കൂ. അതിനാൽ മരണപ്പോരാട്ടത്തിനാണ് യുറഗ്വായ് ഇറങ്ങിയത്. 4-4-2 എന്ന ഫോർമേഷനിലാണ് യുറുഗ്വേ കളത്തിൽ ഇറങ്ങിയതെങ്കിൽ 4-2-3-1 ഫോർമേഷനിലാണ് ഘാന ഇറങ്ങിയത്. പോർച്ചുഗലിന് ദക്ഷിണ കൊറിയയെ തോൽപ്പിക്കാനായാൽ ഘാനയ്ക്ക് യുറുഗ്വേയ്ക്ക് എതിരെ സമനില നേടിയാലും പ്രീക്വാർട്ടറിലേക്ക് കടക്കാം. യുറുഗ്വേയ്ക്ക് യോഗ്യത നേടണമെങ്കിൽ ഘാനയെ തോൽപ്പിക്കുകയും വേണം പോർച്ചുഗൽ ദക്ഷിണ കൊറിയക്കെതിരെ ജയിക്കുകയും വേണം.

തോറ്റാൽ ഘാന പുറത്താകും. രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാൽ പോർച്ചുഗലും ഘാനയും അടുത്ത റൗണ്ടിലെത്തും. ദക്ഷിണ കൊറിയയ്ക്കും യുറഗ്വായ്ക്കും ജയം അനിവാര്യം. പോർച്ചുഗൽ ദക്ഷിണ കൊറിയയെ തോൽപിക്കുകയും യുറഗ്വായ് ജയിക്കുകയും ചെയ്താൽ യുറഗ്വായ് മുന്നേറും. ദക്ഷിണ കൊറിയ, യുറഗ്വായ് ജയിച്ചാൽ ഇരുടീമുകൾക്കും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലെത്തും.

2010 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ യുറുഗ്വായോടേറ്റ തോൽവിക്ക് കണക്ക് തീർക്കാനാണ് ഘാന. 2010 ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ യുറുഗ്വേഗോൾപോസ്റ്റിലേക്ക് പോകുകയായിരുന്ന പന്ത് കൈകൊണ്ട് തടഞ്ഞിട്ട സുവാരസിന്റെ പ്രവൃത്തി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലഭിച്ച പെനാൽറ്റി ഗോളാക്കാൻ സാധിക്കാതിരുന്ന ഘാന ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്താവുകയും ചെയ്തിരുന്നു.

എന്നാൽ, അന്നത്തെ സംഭവത്തിൽ താൻ ക്ഷമ ചോദിക്കില്ലെന്ന് ഘാനയ്‌ക്കെതിരായ മത്സരത്തിന് മുൻപ് സുവാരസ് വ്യക്തമാക്കിയിരുന്നു. ഞാൻ കാരണം കളിക്കാരന് പരിക്കേറ്റിരുന്നെങ്കിൽ ഞാൻ ക്ഷമ ചോദിച്ചേനെ. എന്നാൽ ആ കളിക്കാരന് പെനാൽറ്റി നഷ്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അവരുടെ പെനാൽറ്റി വലയിലെത്തിക്കുക എന്റെ ഉത്തരവാദിത്വമല്ല എന്നും സുവാരസ് പറഞ്ഞു