- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മൂന്നാം ജയം ലക്ഷ്യമിട്ട് കാനറികൾ; പ്രമുഖർക്ക് വിശ്രമം; മഞ്ഞപ്പടയെ നയിക്കാൻ ഡാനി ആൽവസ്; ലോകകപ്പിൽ ബ്രസീലിനെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന റെക്കോഡ് ഇനി ആൽവസിന്
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബ്രസീൽ കാമറൂണിനെതിരെ ഇറങ്ങുന്നത്. മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് സെർബിയയെ നേരിടും. ബ്രസീലിന് പിന്നാലെ ഗ്രൂപ്പ് ജിയിൽ നിന്നും പ്രീക്വാർട്ടറിലെത്തുന്നവരെ ഇന്നത്തെ മത്സരങ്ങൾ തീരുമാനിക്കും.
സെർബിയയെയും സ്വിറ്റ്‌സർലൻഡിനെയും പരാജയപ്പെടുത്തി കാനറികൾ ഇതിനോടകം നോക്കൗട്ടിലെത്തിക്കഴിഞ്ഞു. കാമറൂണിനെ കീഴടക്കി തോൽവിയറിയാതെ മുന്നേറണം. നിലവിലെ സാഹചര്യത്തിൽ ബ്രസീലിന് കാര്യങ്ങൾ അനുകൂലമാണ്. പകരക്കാരും പകിട്ടോടെ കളിക്കുന്നു. പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങൾക്ക് ബ്രസീൽ വിശ്രമം നൽകിയേക്കും.
കാമറൂണിനെതിരായ മത്സരത്തിൽ സൂപ്പർ താരം ഡാനി ആൽവസാണ് ബ്രസീലിനെ നയിക്കുന്നത്. പരിശീലകൻ ടിറ്റെയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 39 കാരനായ ആൽവസ് ഈ ലോകകപ്പിൽ ഇതുവരെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടിയിട്ടില്ല. ഇന്ന് കാമറൂണിനെതിരേ ബൂട്ടുകെട്ടുന്നതോടെ ആൽവസ് പുതിയൊരു റെക്കോഡ് സ്വന്തമാക്കും.
ലോകകപ്പിൽ ബ്രസീലിനെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ നായകൻ എന്ന റെക്കോഡാണ് ആൽവസ് സ്വന്തമാക്കുന്നത്. 38 കാരനായ തിയാഗോ സിൽവയുടെ പേരിലാണ് നിലവിലെ റെക്കോഡ്.
ഗോൾ വലയ്ക്ക് മുന്നിൽ അലിസൺ മാറിയാൽ വരുന്നത് എഡേഴ്‌സണായിരിക്കും. സമ്പൂർണ മാറ്റമാണ് ടിറ്റെ നടപ്പാക്കുന്നതെങ്കിൽ മിലിറ്റാവോയും ബ്രമറും ടെലസും പ്രതിരോധത്തിൽ വരും. മധ്യനിരയിൽ ഫാബീഞ്ഞോയും ബ്രൂണോ ഗ്വിമറേസുമായിരിക്കും. റോഡ്രിഗോ, മാർട്ടിനെല്ലി, ജീസസ്, ആന്റണി എന്നിവരെ മുന്നേറ്റത്തിലും ഇറക്കി ഒരു പുതിയ സ്റ്റാർട്ടിങ് ഇലവനെ പരീക്ഷിക്കാനുള്ള കരുത്തുണ്ട് ബ്രസീലിന്. പരിക്കേറ്റ നെയ്മറും ഡാനിലോയും ഇന്നും വിശ്രമിക്കും. അലക്‌സാൻഡ്രോയ്ക്കും പരിക്കുണ്ട്.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ഇന്നത്തെ പോര്. സ്വിറ്റ്‌സർലൻഡിനും കാമറൂണിനും സെർബിയക്കും സാധ്യതയുണ്ട്. നേരിയ മുൻതൂക്കം സ്വിറ്റ്‌സർലൻഡിനാണ്. സെർബിയക്കെതിരെ ജയിച്ചാലോ സമനിലയിൽ തളച്ചാലോ പ്രീക്വാർട്ടറിലെത്താം. സെർബിയക്ക് ജയം അനിവാര്യമാണ്. തോൽവിയോ സമനിലയോ പുറത്തേക്കുള്ള വാതിലാണ്. ജയിച്ചാലും നോക്കൗട്ട് ഉറപ്പല്ല. കാമറൂൺ ബ്രസീലിനോട് തോൽക്കണം.
കാമറൂൺ. ജയം മാത്രമാണ് മുന്നിലുള്ള വഴി. എതിരാളികൾ ബ്രസീലാണ്. അതിനാൽ ആ ലക്ഷ്യം എളുപ്പമല്ലെന്ന് മാത്രം. തോറ്റാലും സമനിലയിലായാലും കാമറൂണും പുറത്താകും. അപ്രവചനീയതയാണ് കാൽപന്തിന്റെ സൗന്ദര്യം. അനിശ്ചിതത്വം നിറയുകയാണ് അവസാനം വരെ.
സ്പോർട്സ് ഡെസ്ക്