- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ ലോകകപ്പിൽ വീണ്ടും 'ഏഷ്യൻ' അട്ടിമറി; പറങ്കിപ്പടയെ മുക്കി ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ; പോർച്ചുഗീസിനെതിരെ ഏഷ്യൻ ടീമിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിലെ സമനില കുരുക്ക് പൊട്ടിച്ച് ഇൻജുറി ടൈമിലെ മിന്നും ഗോളുമായി ഹ്വാങ് ഹീ ചാൻ; ജയിച്ചിട്ടും യുറഗ്വയ് പുറത്ത്; ഘാനയ്ക്കും കണ്ണീരോടെ മടക്കം
ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടും 'ഏഷ്യൻ' അട്ടിമറി. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലിനെതിരെ അട്ടിമറി ജയത്തോടെ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ കരുത്തരുടെ ജയം. രണ്ടാം പകുതിയുടെ ഇൻജറി ടൈമിലായിരുന്നു കൊറിയയുടെ വിജയഗോൾ പിറന്നത്. 91ാം മിനുട്ടിൽ ഹ്വാങ് ഹീ ചാനാണ് കൊറിയയുടെ വിജയഗോൾ നേടിയത്. അവസാന മത്സരം പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി പോർച്ചുഗൽ പ്രീക്വാർട്ടർ കളിക്കും.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊറിയയുടെ മിന്നുന്ന തിരിച്ചുവരവ്. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർട്ടയുടെ ഗോളിലായിരുന്നു പോർച്ചുഗൽ ലീഡ് നേടിയത്. ഇരുപത്തിയേഴാം മിനിറ്റിൽ കിം യങ് വോണാണ് സമനില നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ, തൊണ്ണൂറ്റിയൊന്നാം മിനിറ്റിൽ ഹ്വാങ് ഹീ ചാൻ അവർക്ക് മനോഹരമായൊരു ഗോളിൽ സ്വപ്നതുല്ല്യമായ ജയം സമ്മാനിച്ചു. ഈ ലോകകപ്പിൽ ഇതുകൊറിയയുടെ ആദ്യ ജയമാണ്. 2010നുശേഷം ഇതാദ്യമായാണ് അവർ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
പ്രീക്വാർട്ടറിലെത്താൻ കൊറിയയ്ക്ക് ഇന്നു ജയിക്കേണ്ടിയിരുന്നു. യുറഗ്വായ് ഘാനയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കുക കൂടി ചെയ്തതോടെ ഏഷ്യൻ ടീമിന്റെ പ്രീക്വാർട്ടർ പ്രവേശനം അനായാസമായി. മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. റികാർഡോ ഹോർട്ടയാണ് ഗോൾ നേടിയത്. ഡീഗോ ഡാലോ ബോക്സിലേക്ക് നൽകിയ പന്ത് ആദ്യ ഷോട്ടിൽ തന്നെ ഹോർട്ട വലയിലെത്തിക്കുകയായിരുന്നു.
സമനിലഗോളിനായി ദക്ഷിണ കൊറിയ വിങ്ങുകളിലൂടെ മുന്നേറ്റം തുടർന്നു. എന്നാൽ പോർച്ചുഗൽ ഫുൾ ബാക്കുകൾ കൃത്യമായി പ്രതിരോധിച്ചു. 18-ാം മിനിറ്റിൽ കൊറിയ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി.
27-ാം മിനിറ്റിൽ ദക്ഷിണ കൊറിയ മത്സരത്തിലേക്ക് തിരിച്ചുവന്നു. കിം യങ് ഗ്വാണിലൂടെയാണ് കൊറിയ ഗോളടിച്ചത്. കോർണറിൽ നിന്ന് ലഭിച്ച പന്ത് അനായാസം കിം വലയിലെത്തിച്ചു. പോർച്ചുഗൽ വിജയഗോളിനായി നിരവധി മുന്നേറ്റങ്ങൾ നടത്തി. 29-ാം മിനിറ്റിൽ റൊണാൾഡോയടെ ഷോട്ട് കൊറിയൻ ഗോൾകീപ്പർ തട്ടിയകറ്റി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ വിജയിക്കാനുറച്ചാണ് ദക്ഷിണ കൊറിയ ഇറങ്ങിയത്. ഒരു ഗോൾ കൂടി നേടിയാൽ ഗ്രൂപ്പിൽ യുറഗ്വായിയെ മറികടന്ന് നോക്കൗട്ടിൽ കടക്കാമെന്ന സ്ഥിതി വന്നതോടെ ദക്ഷിണ കൊറിയ മികച്ച ആക്രമണങ്ങൾ നടത്തി. 65-ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയെ പോർച്ചുഗൽ കളത്തിൽ നിന്ന് പിൻവലിച്ചു. മുന്നേറ്റങ്ങൾ തുടർന്ന ദക്ഷിണ കൊറിയക്ക് 66-ാം മിനിറ്റിൽ മികച്ച അവസരം ലഭിച്ചു. പോർച്ചുഗലിന്റെ പിഴവ് മുതലെടുത്ത കൊറിയ മുന്നേറി. പക്ഷേ പോസ്റ്റിലേക്കുതിർത്ത ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി.
ഒടുവിൽ 90-മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഗാലറി ഇളകി മറിഞ്ഞു. പോർച്ചുഗലിനെ ഞെട്ടിച്ച് കൊറിയ ലീഡെടുത്തു. പോർച്ചുഗലിന്റെ മുന്നേറ്റം തടഞ്ഞ് മികച്ചൊരു കൗണ്ടറിലൂടെ കൊറിയ മുന്നേറി. സൺ ഹ്യുങ്മിന്നിന്റെ മുന്നേറ്റത്തിനൊടുക്കം പെനാൽറ്റി ബോക്സിലേക്ക് നൽകിയ പന്ത് ഹ്വാങ് ഹീ ചാൻ വലയിലെത്തിച്ചു. ജേഴ്സിയൂരി ആഘോഷത്തിലാറാടി.
പ്രീക്വാർട്ടർ ഉറപ്പിച്ച പോർച്ചുഗൽ കഴിഞ്ഞ മത്സരം കളിച്ച ടീമിൽനിന്ന് ആറു മാറ്റങ്ങളുമായാണ് ദക്ഷിണ കൊറിയയെ നേരിട്ടത്. മത്സരത്തിൽ ആദ്യം ലീഡെടുത്തിട്ടും പോർച്ചുഗലിന് വിജയിക്കാനോ ലീഡ് നിലനിർത്താനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു.
സ്പോർട്സ് ഡെസ്ക്