ദോഹ: ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ ഘാനയ്ക്കെതിരേ മറുപടിയില്ലാത്ത രണ്ട് ഗോളിന് യുറഗ്വായ് ജയം നേടിയെങ്കിലും പ്രീക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പിലെ കരുത്തരായ പോർച്ചുഗലിനെ ഏഷ്യൻ വമ്പന്മാരായ ദക്ഷിണ കൊറിയ കീഴടക്കിയതോടെയാണ് ലാറ്റിനമേരിക്കൻ ടീമിന് തിരിച്ചടിയായത്. ആഫ്രിക്കൻ കരുത്തരായ ഘാനയും ലോകകപ്പിൽ നിന്നും പുറത്തായി.

ആറ് മിനിറ്റുകൾക്കിടെ ജ്യോർജിയൻ ഡി അരാസ്‌കേറ്റയുടെ ഇരട്ട ഗോളുകളാണ് യുറഗ്വായെ ജയത്തിലെത്തിച്ചത്. ഇതിനിടെ ഘാനയ്ക്ക് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ആൻഡ്രെ ആയു നഷ്ടപ്പെടുത്തിയത് ടീമിന് തിരിച്ചടിയായി.



മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നാലെ 16-ാം മിനിറ്റിലെ ഒരു ഘാന മുന്നേറ്റം നിരവധി സംഭവങ്ങൾക്ക് വഴിവെച്ചു. 16-ാം മിനിറ്റിൽ ഘാനയാണ് മത്സരത്തിലെ ആദ്യ പ്രധാന മുന്നേറ്റം നടത്തിയത്. ജോർദാൻ ആയു പന്ത് കട്ട് ചെയ്ത് ബോക്സിനകത്തേക്ക് കയറി അടിച്ച ഷോട്ട് യുറഗ്വായ് ഗോളി സെർജിയോ റോഷെറ്റ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് കുഡുസ് മുഹമ്മദിന് ലഭിക്കും മുമ്പ് റോഷെറ്റ് വീണ്ടും യുറഗ്വായുടെ രക്ഷയ്ക്കെത്തി.

എന്നാൽ ഇതിനു പിന്നാലെ വാർ പരിശോധിച്ച റഫറി ഘാനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ റോഷെറ്റ്, കുഡുസിനെ ബോക്സിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി. പക്ഷേ കിക്കെടുത്ത ആൻഡ്രെ ആയുവിന്റെ ഷോട്ട് രക്ഷപ്പെടുത്തി റോഷെറ്റ് വീണ്ടും യുറഗ്വായുടെ ഹീറോയായി. ആൻഡ്രെ ആയുവിന്റെ പെനാൽറ്റി നഷ്ടം 12 വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ യുറഗ്വായ്ക്കെതിരേ തന്നെ നടന്ന മത്സരത്തിലെ അസമോവ ഗ്യാനിന്റെ പെനാൽറ്റി നഷ്ടത്തെ ഓർമിപ്പിച്ചു.



23-ാം മിനിറ്റിൽ യുറഗ്വായ്ക്ക് ആദ്യ സുവർണാവസരം ലഭിച്ചു. അരാസ്‌കേറ്റയുമായുള്ള ഒരു മുന്നേറ്റത്തിനൊടുവിൽ ന്യൂനെസിന്റെ ഷോട്ട് തടയാൻ ഘാന ഗോൾകീപ്പർ സിഗി ലൈൻ വിട്ടിറങ്ങി. എന്നാൽ ഗോളിയെ കബളിപ്പിച്ച് ന്യൂനെസ് ചിപ് ചെയ്ത് വിട്ട പന്ത് ഗോൾവര കടക്കും മുമ്പ് മുഹമ്മദ് സാലിസു ക്ലിയർ ചെയ്യുകയായിരുന്നു.

പിന്നാലെ 26-ാം മിനിറ്റിൽ യുറഗ്വായുടെ ആദ്യ ഗോളെത്തി. പെല്ലിസ്ട്രി ബോക്സിലേക്ക് നൽകിയ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോൾകീപ്പർ അതി സിഗി തട്ടിയകറ്റി. എന്നാൽ കീപ്പറുടെ കൈയിൽ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോർജിയൻ ഡി അരാസ്‌കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

32-ാം മിനിറ്റിൽ അരാസ്‌കേറ്റ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നൽകിയ പന്ത് ഡാർവിൻ ന്യൂനെസ് തട്ടി സുവാരസിന് നൽകി. സുവാരസ് നൽകിയ പന്തിൽ നിന്നുള്ള അരാസ്‌കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയിൽ.

സുവാരസിനോടും യുറഗ്വായോടും 12 വർഷം മുമ്പുള്ള ഒരു കണക്ക് തീർക്കാൻ ഉറപ്പിച്ചായിരുന്നു ഘാന കളത്തിലിറങ്ങിയത്. എന്നാൽ പെനാൽറ്റി ലഭിച്ചിട്ട് പോലും ഒരു ഗോൾ തിരിച്ചടിക്കാൻ സാധിക്കാതെയാണ് അവർ മടങ്ങുന്നത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി പോരാടിയെങ്കിലും ഫലം കണ്ടില്ല. 66 ാം മിനിറ്റിൽ സുവാരിസിന് പകരം കവാനിയേയും പെലിസ്ട്രിക്ക് പകരം ഡി ലാ ക്രൂസിനേയും ഇറക്കി കളി മാറ്റാൻ യുറഗ്വായ് നീക്കം നടത്തി. 78ാം മിനിറ്റിൽ ഘാനയുടെ വാൽവേഡ് ഗോൾ പോസ്റ്റിലേക്ക് മുന്നേറ്റം നടത്തിയെങ്കിലും കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി. 81ാം മിനിറ്റിൽ കുഡുസ് മനോഹരമായ ഷോട്ട് യുറുഗ്വായ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോളി തട്ടിമാറ്റുകയായിരുന്നു.

ഒടുവിൽ പോർച്ചുഗലിനെതിരേ കൊറിയ മുന്നിലെത്തിയതോടെ യുറഗ്വായ്ക്ക് മുന്നേറാൻ ഒരു ഗോൾ കൂടി വേണമെന്ന സ്ഥിതിയെത്തി. പിന്നീട് മൈതാനത്ത് മൂന്നാം ഗോളിനായുള്ള യുറഗ്വായ് താരങ്ങളുടെ പരാക്രമങ്ങളായിരുന്നു. പക്ഷേ ഇവയെല്ലാം ഫൈനൽ തേർഡിൽ വിഫലമായിപ്പോകുകയായിരുന്നു. ഘാന ഗോളി സിഗിയുടെ തകർപ്പൻ സേവുകളും യുറഗ്വായുടെ വഴിയടച്ചു. അവസാന മിനിറ്റുകളിൽ രണ്ട് പെനാൽറ്റികൾക്കായി യുറഗ്വായ് വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഒടുവിൽ 90 മിനിറ്റും എട്ട് മിനിറ്റ് അധിക സമയവും അവസാനിച്ചപ്പോൾ തോറ്റ ഘാനയ്ക്കൊപ്പം ജയിച്ച യുറഗ്വായും പ്രീ ക്വാർട്ടർ കാണാതെ പുറത്തേക്ക്.



മികച്ച മുന്നേറ്റം നടത്തി ഘാനയ്‌ക്കെതിരെ വിജയിച്ചെങ്കിലും ജർമനിയുടെ വിധിയായിരുന്നു യുറഗ്വായെയും കാത്തിരുന്നത്. ഇന്നലെ നടന്ന കളിയിൽ സ്‌പെയിനെതിരെ ജപ്പാൻ ജയിച്ചതോടെയാണ് കോസ്റ്ററിക്കയെ തോൽപ്പിച്ച ജർമനിയും പ്രീ ക്വാർട്ടറിന് പുറത്തായത്.