- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഇന്നലെ ജർമ്മനി; ഇന്ന് യുറഗ്വായ്; കളിയുടെ അവസാനം കാണികളെ മുൾമുനയൽ നിർത്തി പോരാട്ടം; ജീവന്മരണ പോരിൽ ജയിച്ചിട്ടും ലോകകപ്പിൽ നിന്നും പുറത്ത്; മുഖം ടീഷർട്ട് കൊണ്ട് മറച്ച് പൊട്ടിക്കരഞ്ഞ് ലൂയിസ് സുവാരസ്; ഖത്തറിലെ കണ്ണീർക്കാഴ്ചകൾ
ദോഹ: ഘാനയ്‌ക്കെതിരായ ജീവൻ മരണ പോരാട്ടത്തിൽ നിറഞ്ഞ് കളിച്ച് രണ്ട് ഗോൾ നേടി വിജയം ഉറപ്പിച്ചിട്ടും പ്രീ ക്വാർട്ടർ കാണാതെ പ്രഥമ ചാമ്പ്യന്മാരായ യുറഗ്വായ് പുറത്ത്. കളിയുടെ അവസാനം കാണികളെ മുൾമുനയൽ നിർത്തിയാണ് ഘാനയും യുറഗ്വായും വീറോടെ പൊരുതിയത്. എന്നാൽ കരുത്തരായ പോർച്ചുഗലിനെ ദക്ഷിണ കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയതോടെ ഇരു ടീമുകളും പ്രീക്വാർട്ടർ കാണാതെ പുറത്താവുകയായിരുന്നു.
ഇന്നലെ ജർമ്മനി കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തിട്ടും പുറത്തായിരുന്നു. സമാനമായ വിധിയായിരുന്നു ഇന്ന് യുറഗ്വായെയും കാത്തിരുന്നത്. ഘാനയ്ക്ക് എതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും യുറഗ്വായ് പുറത്തായതോടെ സൂപ്പർ ലൂയിസ് സുവാരസ് വികാരാധീനനായി. മത്സരം അവസാനമിനിറ്റുകളിലേയ്ക്ക് കടക്കുമ്പോൾ നിറകണ്ണുകളോടെയാണ് സുവാരസ് സൈഡ് ബെഞ്ചിൽ ഇരുന്നത്. ഇടയ്ക്ക് തലയിൽ കൈവെച്ചുകൊണ്ട് മത്സരം വീക്ഷിച്ച താരം പലപ്പോഴും മുഖം ടീഷർട്ട് കൊണ്ട് മറയ്ക്കുന്നതും കാണാമായിരുന്നു.
മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചിട്ടും അടിച്ച ഗോളുകളുടെ എണ്ണത്തിൽ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ദക്ഷിണ കൊറിയ 2-1ന് പോർചുഗലിനെ തോൽപ്പിച്ചതോടെ മൂന്ന് ഗോൾ വ്യത്യാസത്തിലുള്ള വിജയം യുറഗ്വായ്ക്ക് അനിവാര്യമായിരുന്നു. മൂന്നാമത് ഒരു ഗോളിനായി യുറഗ്വായ് കിണഞ്ഞുപരിശ്രമിച്ചിട്ടും ഗോൾ മാത്രം അകന്നുനിന്നു. ഇതോടെയാണ് സുവാരസ് കണ്ണീരണിഞ്ഞത്.
മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു യുറഗ്വായുടെ ആദ്യ ഗോൾ പിറന്നത്. പെല്ലിസ്ട്രി ബോക്‌സിലേക്ക് നൽകിയ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോൾകീപ്പർ അതി സിഗി തട്ടിയകറ്റി. എന്നാൽ കീപ്പറുടെ കൈയിൽ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോർജിയൻ ഡി അരാസ്‌കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
32-ാം മിനിറ്റിൽ അരാസ്‌കേറ്റ തന്നെ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നൽകിയ പന്ത് ഡാർവിൻ ന്യൂനെസ് തട്ടി സുവാരസിന് നൽകി. സുവാരസ് നൽകിയ പന്തിൽ നിന്നുള്ള അരാസ്‌കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയിൽ.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി പോരാടിയെങ്കിലും ഫലം കണ്ടില്ല. 66 ാം മിനിറ്റിൽ സുവാരിസിന് പകരം കവാനിയേയും പെലിസ്ട്രിക്ക് പകരം ഡി ലാ ക്രൂസിനേയും ഇറക്കി കളി മാറ്റാൻ യുറഗ്വായ് നീക്കം നടത്തി. 78ാം മിനിറ്റിൽ ഘാനയുടെ വാൽവേഡ് ഗോൾ പോസ്റ്റിലേക്ക് മുന്നേറ്റം നടത്തിയെങ്കിലും കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി. 81ാം മിനിറ്റിൽ കുഡുസ് മനോഹരമായ ഷോട്ട് യുറുഗ്വായ് പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഗോളി തട്ടിമാറ്റുകയായിരുന്നു.
ദക്ഷിണ കൊറിയ രണ്ട് ഗോൾ നേടിയ വിവരം അറിഞ്ഞതോടെ യുറഗ്വായ് ആരാധകർ ആകാംക്ഷയുടെ മുൾമുനയിലായി. ഇതോടെ ഒരു ഗോൾ കൂടി അടിച്ച് പ്രീക്വാർട്ടറിൽ കയറാനുള്ള പരാക്രമമായിരുന്നു കളത്തിൽ. 90ാം മിനിറ്റിൽ ഘാനയുടെ പോസ്റ്റിലേക്ക് ഗോമസ് പന്ത് അടിച്ചുകയറ്റാൻ ശ്രമിച്ചങ്കിലും ഗോളി തട്ടിമാറ്റി. ഗാനയെ സംബന്ധിച്ചടത്തോളം പ്രീക്വാർട്ടറിൽ നിന്നും പുറത്തായ അവസ്ഥയായിരുന്നു. എന്നാൽ യുറുഗ്വായെ പ്രീക്വാർട്ടറിൽ നിന്നും പുറത്താക്കാനായിരുന്നു പിന്നീട് ഘാനയുടെ ശ്രമം. അവസാനനിമിഷങ്ങളിലെ കളി അതിനായിരുന്നു. അതിൽ അവർ ജയിക്കുകയും ചെയ്തു.
മികച്ച മുന്നേറ്റം നടത്തി ഘാനയ്‌ക്കെതിരെ വിജയിച്ചെങ്കിലും ജർമനിയുടെ വിധിയായിരുന്നു യുറഗ്വായെയും കാത്തിരുന്നത്. ഇന്നലെ നടന്ന കളിയിൽ സ്‌പെയിനെതിരെ ജപ്പാൻ ജയിച്ചതോടെയാണ് കോസ്റ്ററിക്കയെ തോൽപ്പിച്ച ജർമനിയും പ്രീ ക്വാർട്ടറിന് പുറത്തായത്.
സ്പോർട്സ് ഡെസ്ക്