ദോഹ: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്രസീൽ ടീമിൽ അടിമുടി മാറ്റം. പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണിനെതിരെ ഇറങ്ങുന്ന ബ്രസീലിന്റെ അന്തിമ ഇലവനിൽ രണ്ട് പേർ ഒഴികെ ബാക്കി താരങ്ങളെ മാറ്റിയാണ് ഇറക്കുന്നത്. പ്രമുഖർക്ക് വിശ്രമം നൽകിയാണ പരിശീലകൻ ടിറ്റെ ടീം പ്രഖ്യാപിച്ചത്.

ഗോൾ കീപ്പർ മുതൽ എല്ലാ പൊസിഷനുകളിലും മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ ഫ്രെഡും മിലിറ്റാവോയും മാത്രമാണ് കാമറൂണിനെതിരെയുള്ള മത്സരത്തിനുള്ളത്. ഗോൾ കീപ്പറായി എഡേഴ്‌സൺ വന്നപ്പോൾ പ്രതിരോധ നിരയിൽ അലക്‌സ് ടെല്ലാസ്, ബ്രെമർ, മിലിറ്റാവോ, ഡാനി ആൽവസ് എന്നിവരാണ് എത്തിയത്. ഫ്രെഡും ഫാബീഞ്ഞോയും ഡിഫൻസീവ് മിഡ്ഫീൽഡേഴ്‌സായി ഉണ്ട്.

അവർക്ക് മുന്നിലായി മാർട്ടിനെല്ലി, റോഡ്രിഡോ, ആന്റണി എന്നിവരെയാണ് ടിറ്റെ നിയോഗിച്ചത്. ഗബ്രിയേൽ ജിസൂസിനാണ് ഗോൾ അടിക്കാനുള്ള ചുമതല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളിയും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കിയ ടീമാണ് ബ്രസീൽ. സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്സർലൻഡിനെ 1-0നും ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്റുമായി ബ്രസീൽ തന്നെയാണ് ജി ഗ്രൂപ്പിൽ തലപ്പത്ത്.

എന്നാൽ കാനറികൾക്കെതിരെ അട്ടിമറി വിജയത്തിലൂടെ നോക്കൗട്ട് സാധ്യതയിലേക്ക് ഉറ്റുനോക്കുകയാണ് കാമറൂൺ. പ്രീ ക്വാർട്ടറിന് മുൻപ് എല്ലാവരെയും പൂർണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തിക്കാനാണ് ടിറ്റെയുടെ വമ്പൻ പരീക്ഷണം. സ്വിറ്റ്‌സർലൻഡിനോട് തോൽക്കുകയും സെർബിയയോട് സമനില വഴങ്ങുകയും ചെയ്ത കാമറൂണിന് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷ നൽകില്ല. ബ്രസീലും കാമറൂണും ഇതിന് മുൻപ് ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചിലും ജയം ബ്രസീലിനൊപ്പമായിരുന്നു.

2003ലെ കോൺഫെഡറേഷൻസ് കപ്പിലായിരുന്നു കാമറൂണിന്റെ അട്ടിമറി വിജയം. ഖത്തർ ലോകകപ്പിൽ മറ്റൊരു ടീമിനും ഇനി അവകാശപ്പെടാനാവാത്ത സമ്പൂർണ ജയമെന്ന നേട്ടം സ്വന്തമാക്കാൻ കൂടിയാണ് ബ്രസീൽ ഇറങ്ങുന്നത്. 2006ലാണ് അവസാനം ബ്രസീൽ ഏറ്റവുമൊടുവിൽ ഗ്രൂപ്പിലെ എല്ലാ കളികളും ജയിച്ചത്. ഗ്രൂപ്പിലെ മൂന്നിൽ മൂന്ന് കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ നോക്കൗട്ട് റൗണ്ടിലെത്തുക എത്തുക എന്നതാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ഇന്നത്തെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് സെർബിയയെ നേരിടും. ബ്രസീലിന് പിന്നാലെ ഗ്രൂപ്പ് ജിയിൽ നിന്നും പ്രീക്വാർട്ടറിലെത്തുന്നവരെ ഇന്നത്തെ മത്സരങ്ങൾ തീരുമാനിക്കും. സെർബിയയെയും സ്വിറ്റ്സർലൻഡിനെയും പരാജയപ്പെടുത്തി കാനറികൾ ഇതിനോടകം നോക്കൗട്ടിലെത്തി. കാമറൂണിനെ കീഴടക്കി തോൽവിയറിയാതെ മുന്നേറണം. നിലവിലെ സാഹചര്യത്തിൽ ബ്രസീലിന് കാര്യങ്ങൾ അനുകൂലമാണ്. പകരക്കാരും പകിട്ടോടെ കളിക്കുകയാണ്.

ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ഇന്നത്തെ പോര്. സ്വിറ്റ്സർലൻഡിനും കാമറൂണിനും സെർബിയക്കും സാധ്യതയുണ്ട്. നേരിയ മുൻതൂക്കം സ്വിറ്റ്സർലൻഡിനാണ്. സെർബിയക്കെതിരെ ജയിച്ചാലോ സമനിലയിൽ തളച്ചാലോ പ്രീക്വാർട്ടറിലെത്താം. സെർബിയക്ക് ജയം അനിവാര്യമാണ്. തോൽവിയോ സമനിലയോ പുറത്തേക്കുള്ള വാതിലാണ്. ജയിച്ചാലും നോക്കൗട്ട് ഉറപ്പല്ല. കാമറൂൺ ബ്രസീലിനോട് തോൽക്കണം.