ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനെ ഗോൾ രഹിത സമനിലയിൽ കുരുക്കി കാമറൂൺ. ബ്രസീൽ താരങ്ങൾ നടത്തിയ മുന്നേറ്റങ്ങളെ അതിജീവിച്ചാണ് കാമറൂൺ ആദ്യ പകുതിയിൽ പിടിച്ചുനിന്നത്. ആദ്യ പകുതിയിൽ പത്ത് ഷോട്ടുകളും 68 ശതമാനം പന്തടക്കവുമായി ബ്രസീൽ മുന്നിട്ടുനിന്നു. എന്നാൽ ലഭിച്ച ഗോളവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായില്ല.

ആദ്യ മിനിറ്റ് തൊട്ട് ബ്രസീൽ ആക്രമിച്ച് കളിച്ചു. കാമറൂണും ആക്രമണങ്ങളിൽ ഒട്ടും പിറകിലല്ലായിരുന്നു. മത്സരം തുടങ്ങി ആദ്യ ഏഴ് മിനിറ്റിനുള്ളിൽ തന്നെ രണ്ട് മഞ്ഞക്കാർഡുകൾ പിറന്നു. ബ്രസീലിന്റെ എഡർ മിലിറ്റാവോയും കാമറൂണിന്റെ നൗഹു ടോളോയും മഞ്ഞക്കാർഡ് കണ്ടു. 14-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോൾ ശ്രമം പിറന്നത്. മാർട്ടിനെല്ലിയുടെ ഒന്നാന്തരം ഹെഡ്ഡർ കാമറൂൺ ഗോൾകീപ്പർ ഡെവിസ് എപ്പാസി തട്ടിയകറ്റി.

20ാം മിനിറ്റിൽ കാമറൂണിന് മത്സരത്തിൽ ആദ്യ അവസരം ലഭിച്ചു. മാക്‌സിം ചൗപോ ബ്രസീലിന്റെ മൂന്നു പ്രതിരോധ താരങ്ങൾ മറികടന്ന് ബ്രസീൽ ബോക്‌സിലേക്കെത്തി. ഷൂട്ട് ചെയ്യും മുൻപ് മിലിറ്റാവോ ബ്രസീലിനെ രക്ഷപെടുത്തി. മാർട്ടിനെല്ലി കട്ട് ചെയ്തു നൽകിയ പന്തിൽ ഗബ്രിയേൽ ജെസ്യൂസിന്റെ ഫസ്റ്റ് ടൈം ഷോട്ട് കാമറൂൺ ഗോളി ബ്ലോക്ക് ചെയ്തു. 34ാം മിനിറ്റിൽ ബ്രസീലിനായി ഡാനി ആൽവസിന്റെ ഷോട്ട് കാമറൂൺ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. ആദ്യപകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ.

ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ബ്രസീൽ പ്രീക്വാർട്ടറിലെത്തിക്കഴിഞ്ഞു. സെർബിയയ്‌ക്കെതിരെ ജയിച്ചാൽ സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിലെത്തും. സെർബിയസ്വിറ്റ്‌സർലൻഡ് സമനിലയിൽ പിരിയുകയും ബ്രസീൽ കാമറൂണിനെ തോൽപിക്കുകയും ചെയ്താൽ ബ്രസീലിനും സ്വിറ്റ്‌സർലൻഡിനും മുന്നേറാം. സെർബിയസ്വിറ്റ്‌സർലൻഡ് സമനിലയിൽ പിരിയുകയും കാമറൂൺ ബ്രസീലിനെ പരാജയപ്പെടുത്തുകയും ചെയ്താൽ സ്വിറ്റ്‌സർലൻഡിനും കാമറൂണിനും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലെത്തും.

തോറ്റാൽ സ്വിറ്റ്‌സർലൻഡ് പുറത്താകും. രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞാൽ ബ്രസീലും സ്വിറ്റ്‌സർലൻഡും അടുത്ത റൗണ്ടിലെത്തും. കാമറൂണിനും സെർബിയയ്ക്കും ജയം അനിവാര്യം. ബ്രസീൽ കാമറൂണിനെ തോൽപിക്കുകയും സെർബിയ ജയിക്കുകയും ചെയ്താൽ സെർബിയ മുന്നേറും. കാമറൂണും സെർബിയയും ജയിച്ചാൽ ഇരുടീമുകൾക്കും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം അടുത്ത റൗണ്ടിലെത്തും