- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പ്രീക്വാർട്ടർ സ്വപ്‌നം പൊലിഞ്ഞത് ഒരു ഗോളിന്; അവസാന മിനിറ്റുകളിൽ രണ്ട് പെനാൽറ്റികൾ റഫറി 'തള്ളി'; മത്സരം അവസാനിച്ചതോടെ റഫറിയുടെ ടീ ഷർട്ടിൽ പിടിച്ച് തർക്കിച്ച് യുറഗ്വായ് താരങ്ങൾ; പകവീട്ടി ഘാനയും
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഘാനയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയിട്ടും പ്രീക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ റഫറിക്ക് എതിരേ തിരിഞ്ഞ് യുറഗ്വായ് താരങ്ങൾ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണ കൊറിയ പോർച്ചുഗലിനെ അട്ടിമറിച്ചതോടെയാണ് ജയിച്ചിട്ടും യുറഗ്വായ് നോക്കൗട്ടിലെത്താതെ പുറത്തായത്. ഇതോടെയാണ് ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ യുറഗ്വായ് താരങ്ങൾ റഫറിയെ പൊതിഞ്ഞത്.
അവസാന മിനിറ്റുകളിൽ രണ്ട് പെനാൽറ്റികൾക്കായി യുറഗ്വായ് വാദിച്ചെങ്കിലും റഫറി അനുവദിച്ചിരുന്നില്ല. തുടർന്ന് മത്സരം അവസാനിച്ചതോടെ യുറഗ്വായ് താരങ്ങൾ റഫറിയുടെ ടീ ഷർട്ടിൽ പിടിച്ചു വലിക്കുകയും അദ്ദേഹത്തോട് തർക്കിക്കുകയുമായിരുന്നു. മത്സരശേഷം ഗ്രൗണ്ടിൽ നിന്ന് മടങ്ങിയ റഫറിയെ താരങ്ങൾ പിന്തുടരുകയും അദ്ദേഹത്തോട് തർക്കിക്കുകയുമായിരുന്നു. സൈഡ് ബഞ്ചിൽ നിന്നടക്കം താരങ്ങളെത്തിയാണ് റഫറിയുമായി തർക്കത്തിലേർപ്പെട്ടത്. ഇതിനിടെ മത്സരത്തിൽ അഞ്ച് യുറഗ്വേ താരങ്ങൾക്കാണ് മഞ്ഞ കാർഡ് ലഭിച്ചത്.
ഗോൾവ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണത്തിലാണ് യുറഗ്വായെ മറികടന്ന് ദക്ഷിണ കൊറിയ അവസാന 16-ലേക്ക് മുന്നേറിയത്. കൊറിയ നാല് ഗോളുകൾ നേടിയപ്പോൾ യുറഗ്വായ് വെറും രണ്ട് ഗോളുകൾ മാത്രമാണ് അടിച്ചത്. ഇതോടെ കൊറിയ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് പ്രീ ക്വാർട്ടറിലെത്തി.
ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. എന്നാൽ,ജയിച്ചെങ്കിലും പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായും പ്രീക്വാർട്ടർ കാണാതെ പുറത്തായി.
കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയന്റ് വീതമായി. ഗോൾ വ്യത്യാസത്തിലും സമാസമം. എന്നാൽ അടിച്ച ഗോളുകളുടെ എണ്ണത്തിൽ യുറഗ്വായെ മറികടന്ന് കൊറിയ പോർച്ചുഗലിനൊപ്പം പ്രീ ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ, 16-ാം മിനിറ്റിലെ ഒരു ഘാന മുന്നേറ്റം നിരവധി സംഭവങ്ങൾക്ക് വഴിവെച്ചു. 16-ാം മിനിറ്റിൽ ഘാനയാണ് മത്സരത്തിലെ ആദ്യ പ്രധാന മുന്നേറ്റം നടത്തിയത്. ജോർദാൻ ആയു പന്ത് കട്ട് ചെയ്ത് ബോക്‌സിനകത്തേക്ക് കയറി അടിച്ച ഷോട്ട് യുറഗ്വായ് ഗോളി സെർജിയോ റോഷെറ്റ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് കുഡുസ് മുഹമ്മദിന് ലഭിക്കും മുമ്പ് റോഷെറ്റ് വീണ്ടും യുറഗ്വായുടെ രക്ഷയ്‌ക്കെത്തി.
എന്നാൽ ഇതിനു പിന്നാലെ വാർ പരിശോധിച്ച റഫറി ഘാനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ റോഷെറ്റ്, കുഡുസിനെ ബോക്‌സിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി. പക്ഷേ കിക്കെടുത്ത ആൻഡ്രെ അയൂവിന്റെ ഷോട്ട് രക്ഷപ്പെടുത്തി റോഷെറ്റ് വീണ്ടും യുറഗ്വായുടെ ഹീറോയായി.
സ്പോർട്സ് ഡെസ്ക്