ദോഹ: ഇത് അട്ടിമറികളുടെ ലോകകപ്പ് തന്നെ... സംശയമില്ല, അർജന്റീനയെ സൗദി അറേബ്യ വീഴ്‌ത്തിയപ്പോഴും ജർമ്മനിയെയും സ്‌പെയിനെയും ജപ്പാൻ തരിപ്പണമാക്കിയപ്പോഴും ഞെട്ടിത്തരിച്ച ആരാധകരെ.... തീർന്നിട്ടില്ല... അതിലും വലുത് വരാനുണ്ട്. സാമ്പിൾ വെടിക്കെട്ടായി ഒടുവിലിതാ ബ്രസീലിനെ കാമറൂണും വീഴ്‌ത്തിയിരിക്കുന്നു. ടിറ്റെയുടെ പരീക്ഷണം പാളിയെന്ന് വേണമെങ്കിൽ ആശ്വസിക്കാം. പക്ഷെ മത്സരത്തിൽ ഉടനീളം ആർത്തലച്ചെത്തിയ കാമറൂണിന്റെ ആവേശകുതിപ്പിന് ഒടുവിൽ സൂപ്പർ താരം വിൻസന്റ് അബൗബക്കർ തൊടുത്തുവിട്ട പന്ത് തരിപ്പണമാക്കിയത് ബ്രസീലിന്റെ ഹൃദയമാണ്.

ഇൻജുറി ടൈമിൽ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ടാണ് കാമറൂൺ കരുത്തുകാട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പർ താരം വിൻസന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോൾ നേടിയത്. തോൽവി വഴങ്ങിയിട്ടും ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു. സെർബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി സ്വിറ്റസർലൻഡും നോക്കൗട്ടിലേക്ക് വണ്ടികയറി. സെർബിയയ്ക്കും, അട്ടിമറി ജയത്തിന്റെ മധുര ഓർമ്മകളുമായി കാമറൂണിനും നാട്ടിലേക്ക് മടക്കം.



പ്രീ ക്വാർട്ടറിൽ ബ്രസീലിന് പോർച്ചുഗലിനെ കീഴടക്കിയെത്തുന്ന ദക്ഷിണ കൊറിയയാണ് എതിരാളികൾ. സ്വിറ്റ്സർലൻഡ് പോർച്ചുഗലിനെ നേരിടും. സ്വിറ്റ്സർലൻഡിനും ബ്രസീലിനും ആറ് പോയന്റ് വീതമാണെങ്കിലും ഗോൾവ്യത്യാസത്തിന്റെ ബലത്തിൽ ബ്രസീൽ ഒന്നാമതെത്തി.

ബ്രസീലിന്റെ താരസമ്പത്ത് പ്രകടമാക്കുന്നതായിരുന്നു മത്സരം. പ്രധാന താരങ്ങൾക്കെല്ലാം വിശ്രമമനുവദിച്ചിട്ടും ബ്രസീലിന്റെ കരുത്ത് ഒട്ടും ചോർന്നില്ല. ആന്റണിയും മാർട്ടിനെല്ലിയും ജെസ്യൂസും ആൽവസും റോഡ്രിഗോയും ഫ്രെഡും എഡേഴ്സണുമെല്ലാം അണനിരന്ന ലോകോത്തര ടീമിന് പക്ഷേ ഒത്തിണക്കം ഗ്രൗണ്ടിൽ പുറത്തെടുക്കാനായില്ല. കാമറൂൺ ഗോൾകീപ്പർ ഡെവിസ് എപ്പാസിയുടെ തകർപ്പൻ സേവുകളും ബ്രസീലിന് വിലങ്ങുതടിയായി.



ആദ്യ പകുതിയിൽ പത്ത് ഷോട്ടുകളും 68 ശതമാനം പന്തടക്കവുമായി ബ്രസീൽ മുന്നിട്ടുനിന്നു. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ബ്രസീൽ താരം ആന്റണിയുടെ പാസിൽ സ്ലൈഡ് ചെയ്തുള്ള ഫ്രെഡിന്റെ ഗോൾ നീക്കം കാമറൂൺ പ്രതിരോധം പരാജയപ്പെടുത്തി. തൊട്ടുപിന്നാലെ ആന്റണി മറ്റൊരു മുന്നേറ്റം നടത്തുന്നതിനിടെ കാമറൂണിന്റെ നൗഹൗ ടോളോ ഫൗൾ ചെയ്തുവീഴ്‌ത്തി. ടോളോയ്ക്കു യെല്ലോ കാർഡ്. തൊട്ടടുത്ത മിനിറ്റിൽ ബ്രസീലിന്റെ എഡർ മിലിറ്റാവോയ്ക്കും യെല്ലോ കാർഡ് ലഭിച്ചു. 14ാം മിനിറ്റിൽ ബ്രസീലിന്റെ മികച്ചൊരു മുന്നേറ്റം. പ്രതിരോധ താരങ്ങൾ നിറഞ്ഞ കാമറൂൺ ബോക്‌സിലേക്ക് ഫ്രെഡിന്റെ പാസ്. മാർട്ടിനെല്ലിയുടെ മികച്ചൊരു ഹെഡർ കാമറൂൺ ഗോൾ കീപ്പർ ഡേവിസ് എപസി തട്ടിയകറ്റി.



20ാം മിനിറ്റിൽ കാമറൂണിന് മത്സരത്തിൽ ആദ്യ അവസരം ലഭിച്ചു. മാക്‌സിം ചൗപോ ബ്രസീലിന്റെ മൂന്നു പ്രതിരോധ താരങ്ങൾ മറികടന്ന് ബ്രസീൽ ബോക്‌സിലേക്കെത്തി. ഷൂട്ട് ചെയ്യും മുൻപ് മിലിറ്റാവോ ബ്രസീലിനെ രക്ഷപെടുത്തി. മാർട്ടിനെല്ലി കട്ട് ചെയ്തു നൽകിയ പന്തിൽ ഗബ്രിയേൽ ജെസ്യൂസിന്റെ ഫസ്റ്റ് ടൈം ഷോട്ട് കാമറൂൺ ഗോളി ബ്ലോക്ക് ചെയ്തു. 34ാം മിനിറ്റിൽ ബ്രസീലിനായി ഡാനി ആൽവസിന്റെ ഷോട്ട് കാമറൂൺ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. ആദ്യപകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ.



രണ്ടാം പകുതിയുടെ തുടക്കത്തിൽ കാമറൂൺ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടു. 50-ാം മിനിറ്റിൽ സൂപ്പർതാരം അബൗബക്കറുടെ ഉഗ്രൻ ഷോട്ട് ബ്രസീൽ ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 56-ാം മിനിറ്റിൽ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മാർട്ടിനെല്ലി ഉഗ്രൻ ഷോട്ട് പോസ്റ്റിലേക്കുതിർത്തെങ്കിലും അവിശ്വസനീയമായി ഡെവിസ് അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിനും ലക്ഷ്യം കാണാനായില്ല. പിന്നാലെ ആന്റണിയും ഒരു ശ്രമം നടത്തിയെങ്കിലും അതും പാളി. പിന്നാലെ ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 85-ാം മിനിറ്റിൽ റാഫീന്യയുടെ ക്രോസിൽ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം പെഡ്രോയും പാഴാക്കി.



എന്നാൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കാമറൂൺ ഗോളടിച്ചു. തകർപ്പൻ ഹെഡ്ഡറിലൂടെ സൂപ്പർ താരം വിൻസെന്റ് അബൗബക്കറാണ് കാമറൂണിനായി വലകുലുക്കിയത്. എൻഗോം എംബെക്കെല്ലിയുടെ തകർപ്പൻ ക്രോസിന് മനോഹരമായി തലവെച്ചുകൊണ്ട് അബൗബക്കർ കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചു. ജഴ്സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കർ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ചുവപ്പുകാർഡ് വാങ്ങി പുറത്തായി. പിന്നാലെ കാമറൂണിന്റെ ഗോൾവലയിലേക്ക് പലതവണ മഞ്ഞപ്പട പന്തടിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഫൈനൽ വിസിൽ മുഴങ്ങിയതോടെ കാമറൂണിന് ഐതിഹാസിക ജയം. ജയിച്ചെങ്കിലും സെർബിയയ്‌ക്കെതിരെ സ്വിറ്റ്‌സർലൻഡ് വിജയിച്ചതോടെ കാമറൂൺ പ്രക്വാർട്ടർ കാണാതെ പുറത്തായി. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ജി ഗ്രൂപ്പിൽ മൂന്നാമതാണ് കാമറൂൺ.