- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യമിട്ട് അർജന്റീന; പ്രീക്വാർട്ടറിൽ എതിരാളി ഓസ്‌ട്രേലിയ; പ്രൊഫഷനൽ കരിയറിൽ ആയിരം മത്സരങ്ങൾ പൂർത്തിയാക്കാൻ മെസി; ഡി മരിയയുടെ പരിക്കിൽ നേരിയ ആശങ്ക; ഡെന്മാർക്കിനെ തകർത്ത സംഘത്തെ ഓസിസ് നിലനിർത്തിയേക്കും
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും. അവസാന മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിൽ കരുത്തരായ ഡെന്മാർക്കിനെ അട്ടിമറിച്ചാണ് ഓഷ്യാനൻ രാജ്യമായ ഓസ്‌ട്രേലിയ പ്രീക്വാർട്ടർ യോഗ്യത നേടിയത്. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് അർജന്റീന-ഓസ്ട്രേലിയ മത്സരം നടക്കുന്നത്.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് അർജന്റീന പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിൽ പോളണ്ടിനെതിരെ അവസാന മത്സരത്തിൽ ആധികാരികമായിരുന്നു അർജന്റീനയുടെ പ്രകടനം. സർവ മേഖലയിലും ആധിപത്യം കാണിച്ച അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയിച്ചുകയറിയത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിന് ശേഷം നേരിട്ട വിമർശനങ്ങൾക്ക് മറുപടി പറയാനും അർജന്റീനയ്ക്ക് സാധിച്ചു.
ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തകർപ്പൻ ഫോമാണ് അർജന്റീനയുടെ പ്രതീക്ഷ. ഇതുവരെ രണ്ട് ഗോളും ഒരു അസിസ്റ്റും മെസിയുടെ കാലിൽ നിന്നുണ്ടായി. ഇന്ന് ഓസ്ട്രേലിയക്കെതിരെ കളിക്കാനൊരുങ്ങുമ്പോൾ ഒരു സവിശേഷ റെക്കോർഡാണ് മെസിയെ കാത്തിരിക്കുന്നത്. പ്രൊഫഷനൽ കരിയറിൽ ഇന്ന് ആയിരം മത്സരങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് സൂപ്പർതാരം. അർജന്റീനയ്ക്കായി ഇതിനോടകം 168 മത്സരങ്ങൾ മെസി പൂർത്തിയാക്കി. ക്ലബ് തലത്തിലായി ബാഴ്സലോണ ജേഴ്സിയിൽ 778 മത്സരങ്ങളിലും മെസി ബൂട്ടണിഞ്ഞു. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം 53 മത്സരങ്ങളും കളിച്ചു.
പോളണ്ടിനെതിരെ കളിച്ച ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാകും അർജന്റീന ഇന്ന് ഇറങ്ങുകയെന്ന സൂചന കോച്ച് ലയണൽ സ്‌കലോണി നൽകിയിട്ടുണ്ട്. ഓസീസ് കോച്ച് ഗ്രഹാം ആർണോൾഡ് ഡെന്മാർക്കിനെ തകർത്ത സംഘത്തെ തന്നെ നിലനിർത്താനാണ് സാധ്യത.
പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ തുടയ്ക്ക് പരിക്കേറ്റ് സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയെ തിരിച്ചുവിളിച്ചിരുന്നു. അടുത്ത മത്സരങ്ങൾകൂടി മുന്നിൽകണ്ടാണ് സ്‌കലോണി താരത്തെ മടക്കിവിളിച്ചത്. എന്നാൽ, ഡിമരിയയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്. തുടയിലെ പേശികൾക്ക് ക്ഷതമേറ്റെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും താരത്തെ മാറ്റാൻ സാധ്യതയില്ലെന്നുമാണ് വിദേശ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നത്.
ഇനി കളിപ്പിക്കാതിരിക്കാൻ തീരുമാനിച്ചാൽ പകരമായി മൂന്ന് താരങ്ങളെ അർജന്റീന പരിഗണിക്കുന്നതാണ് വിവരം. പപു ഗോമസ്, എയ്ഞ്ചൽ കൊറേയ എന്നിവരാണ് അതിൽ പ്രധാനികൾ. ലാതുറോ മാർട്ടിനെസും സാധ്യതാ പട്ടികയിലുണ്ട്. അങ്ങനെയങ്കിൽ താരങ്ങളുടെ പൊസിഷനിലും മാറ്റം വന്നേക്കും. എന്നാൽ പ്രതിരോധത്തിൽ മാറ്റം വരുത്തില്ല. ക്രിസ്റ്റിയൻ റൊമേറൊ, നിക്കോളാസ് ഒട്ടമെൻഡി എന്നിവർ സെൻട്രൽ ഡിഫൻസിലുണ്ടാവും. ഇരുവശങ്ങളിലും സഹായിക്കാൻ മാർകോസ് അക്യൂനയും നഹ്വെൽ മൊളീനയും.
മധ്യനിരയിൽ എൻസോ ഫെർണാണ്ടസിന് സ്ഥാനം ഉറപ്പാണ്. മാക് അലിസ്റ്റർ, ഡി പോൾ എന്നിവരും ആദ്യ ഇലവനിൽ തുടരും. മുന്നേറ്റത്തിൽ ലിയോണൽ മെസിക്കൊപ്പം ജൂലിയൻ അൽവാരസും തുടരും. ഡി മരിയയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു.
ഓസ്ട്രേലിയ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ നോക്കൗട്ട് അങ്കത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ഇതിനുമുൻപ് 2006 ലോകകപ്പിലാണ് അവസാനമായി പ്രീക്വാർട്ടർ കടന്നത്. അന്ന് ഇറ്റലിയോട് 1-0ത്തിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇരുടീമുകളും ഏഴു തവണ ഏറ്റുമുട്ടിയപ്പോൾ ഒരു ജയം മാത്രമാണ് ഓസ്ട്രേലിയയ്ക്ക് നേടാനായത്. 1988ലായിരുന്നു ഇത്. കോച്ച് ആർണോൾഡ് അന്ന് ടീമിലുണ്ടായിരുന്നുവെന്ന കൗതുകവുമുണ്ട്.
ഓസ്ട്രേലിയ കരുത്തരായ എതിരാളികളാണെന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം അർജന്റീന താരം റോഡ്രിഗോ ഡീപോൾ മാധ്യമങ്ങളോട് പറഞ്ഞത്. ഓസ്ട്രേലിയയുടെ അതിവേഗതയുള്ള വിങ്ബാക്കുകൾ വലിയ വെല്ലുവിളിയാണെന്നും അർജന്റീന ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മധ്യനിരതാരം പറഞ്ഞു. സൗദിക്കെതിരായ തോൽവി ടീമിന് വലിയ പാഠങ്ങൾ പകർന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സ്പോർട്സ് ഡെസ്ക്