ദോഹ: ലോകകപ്പിലെ ആവസാന ഗ്രൂപ്പ് മത്സരത്തിനിടെ ദക്ഷിണ കൊറിയൻ താരത്തോട് വായടക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആംഗ്യം കാണിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി പോർച്ചുഗൽ മുഖ്യപരിശീലകൻ ഫെർണാണ്ടോ സാന്റോസ്. റൊണാൾഡോയെ ദക്ഷിണ കൊറിയൻ താരം അപമാനിച്ചുവെന്നാണ് സാന്റോസിന്റെ ആരോപണം. മത്സരത്തിന്റെ 65-ാം മിനിറ്റിൽ റൊണാൾഡോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ താരംഗ്രൗണ്ട് വിട്ടുവെന്ന റിപ്പോർട്ടുകൾ ഉയർന്ന സാഹചര്യത്തിലാണ് പരിശീലകന്റെ മറുപടി.

വെള്ളിയാഴ്‌ച്ച നടന്ന കൊറിയ- പോർചുഗൽ അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് സംഭവം. ദക്ഷിണ കൊറിയൻ താരത്തോട് വായടക്കാൻ ആംഗ്യം കാട്ടിയാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. ഗ്രൗണ്ടിൽ നിന്ന് ഡഗ്ഔട്ടിലേക്ക് സാവകാശം നടക്കുന്നതിനിടെ കൊറിയൻ താരം ചോ ഗ്യി സങ് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാൻ ആവശ്യപ്പെട്ടതാണ് തന്നെ പ്രകോപിച്ചതെന്ന് റൊണാൾഡോ പറഞ്ഞതായി ദി ഗോൾ റിപ്പോർട്ട് ചെയ്തു. തന്നോട് അത്തരത്തിൽ സംസാരിക്കാൻ അവർക്ക് അധികാരമില്ല. എന്ത് തന്നെ സംഭവിച്ചാലും തങ്ങൾ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. ഇവിടെ വിവാദത്തിന്റെ കാര്യമില്ലെന്നും ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നും റൊണാൾഡോ പറഞ്ഞു.

നേരത്തെ, തന്നെപ്പോലെ ഒരു താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാൻ നിങ്ങൾക്ക് എന്താണ് ധൃതിയെന്നു കോപത്തോടെ ഫെർണാണ്ടോ സാന്റോസിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ ചോദിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി റൊണാൾഡോയും പോർച്ചുഗീസ് പരിശീലകനും രംഗത്തെത്തിയത്.

'എന്നെ പോലെയുള്ള താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാൻ നിങ്ങൾക്ക് എന്താണ് ധൃതിയെന്നു കോപത്തോടെ ഫെർണാണ്ടോ സാന്റോസിനോട് റൊണാൾഡോ ചോദിച്ചതായും' വാർത്തകൾ പ്രചരിച്ചിരുന്നു.

ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ കടന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർട്ടയിലൂടെ മുന്നിലെത്തിയ പോർച്ചുഗലിനെ 27-ാം മിനിറ്റിൽ കിം യങ് ഗ്വാണും ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിൽ ഹ്വാങ് ഹീ ചാനും നേടിയ ഗോളിലാണ് കൊറിയ വീഴ്‌ത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാനയെ വീഴ്‌ത്തിയ യുറഗ്വായ് പോയന്റ് നിലയിലും ഗോൾ വ്യത്യാസത്തിലും ഒപ്പമെത്തിയെങ്കിലും അടിച്ച ഗോളുകളുടെ എണ്ണമാണ് കൊറിയക്കു പ്രീ ക്വാർട്ടറിലേക്ക് വഴിതുറന്നു.