ഖത്തർ: ലോകകപ്പിന്റെ നിർണായകമായ നോക്കൗട്ട് റൗണ്ടിന് ഇറങ്ങുംമുമ്പ് മുൻ ചാമ്പ്യന്മാരായ ബ്രസീലിന് ഇരട്ടപ്രഹരം. സൂപ്പർ താരങ്ങളായ ഗബ്രിയേൽ ജീസസിനും അലക്‌സ് ടെല്ലസിനും ലോകകപ്പ് നഷ്ടമാകും. കാമറൂണിനെതിരായ മത്സരത്തിൽ ഇരുവർക്കും കാൽമുട്ടിന് പരുക്കേറ്റിരുന്നു. ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇക്കാര്യം സ്ഥിരീകരിച്ചു.

കാമറൂണിനെതിരായ മത്സരത്തിന്റെ 54-ാം മിനുറ്റിൽ ടെല്ലസിനെ തിരിച്ചു വിളിച്ചിരുന്നു. പത്ത് മിനുറ്റുകൾക്ക് ശേഷം ജീസസും കളം വിട്ടു. മത്സരത്തിൽ 1-0 ന്റെ അപ്രതീക്ഷിത തോൽവിയാണ് ബ്രസീൽ നേരിട്ടത്.

പ്രീ ക്വാർട്ടറിൽ തിങ്കളാഴ്ച സൗത്തുകൊറിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. നിലവിൽ പരുക്കിന്റെ പിടിയിലുള്ള നെയ്മർ ഇതുവരെ ശാരീരിക ക്ഷമത പൂർണമായി വീണ്ടെടുത്തിട്ടില്ല. നോക്കൗട്ട് റൗണ്ടിൽ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സെർബിയക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തിരിക്കുന്നത്. ഫുൾബാക്കിൽ കളിക്കുന്ന അലക്സ് സാൻഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിലാണ്.

മൂവരും തിങ്കളാഴ്ചത്തെ മത്സരത്തിൽ കളത്തിലെത്തുമൊ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഡാനിലൊയ്ക്കും അലക്‌സിനും പകരം മാർക്വിനസും ഡാനി ആൽവസുമായിരിക്കും ഇറങ്ങുക.
പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ കാമറൂണിനെതിരെയുള്ള ഇലവനിൽ ഒമ്പത് മാറ്റങ്ങളാണ് കോച്ച് ടിറ്റെ കൊണ്ടുവന്നിരുന്നത്. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ ടീമിനോട് പരാജയപ്പെട്ടത് ബ്രസീൽ ആരാധകരുടെ നെഞ്ചിടിപ്പ് ഏറ്റുന്നുണ്ട്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ പുറത്തെടുത്ത മികവ് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.