ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ യുഎസ്എയ്ക്കെതിരേ നെതർലൻഡ്സ് രണ്ട് ഗോളിന് മുന്നിൽ. 10-ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രിസിന്റെ ക്രോസ് വലയിലെത്തിച്ച് മെംഫിസ് ഡീപേയാണ് ഡച്ച് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ അധികസമയത്ത് ഡാലെ ബ്ലിൻഡും വലകുലുക്കി.

കളിതുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് യുഎസ്എയായിരുന്നു. നെതർലൻഡ്സ് ടീമിന്റെ ഓഫ്സൈഡ് കുരുക്ക് പൊളിച്ച് പന്ത് സ്വീകരിച്ച ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഡച്ച് ഗോൾകീപ്പർ നൊപ്പേർട്ട് തടുത്തിട്ടു.

പിന്നാലെ ഡച്ച് ബോക്സിലേക്ക് തുടരെത്തുടരെ യുഎസ്എ ആക്രമണങ്ങളായിരുന്നു. എന്നാൽ ഓറഞ്ച് പ്രതിരോധം ഉറച്ചുനിന്നതോടെ അവർക്ക് ഫൈനൽ തേർഡിൽ കാര്യമായ സമ്മർദം സൃഷ്ടിക്കാനായില്ല.

ഇതിനു പിന്നാലെ സ്വന്തം ഹാഫിൽ നിന്നുള്ള മികച്ചൊരു നെതർലൻഡ്സ് മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. 10-ാം മിനിറ്റിൽ വൺടച്ച് ഗെയിമിനൊടുവിൽ ഡെൻസൽ ഡംഫ്രിസ് നൽകിയ ക്രോസ് ഡീപേ ലക്ഷ്യത്തിലെത്തിച്ചു. താളാത്മകമായ പാസുകളിലൂടെ കയറക്കളിച്ചാണ് ഓറഞ്ച് പട ആദ്യ വെടി പൊട്ടിച്ചത്. ഡംഫ്രിസ് നൽകിയ പാസ് ഡീപേ യു.എസ് ഗോൾപോസ്റ്റിന്റെ ഇടതു താഴെ മൂലയിലേക്ക് പായിച്ചു

തുടർന്ന് കളംപിടിച്ച നെതർലൻഡ്സ് കോഡി ഗാക്പോ, ഡംഫ്രിസ്, ഡാലെ ബ്ലിൻഡ് എന്നിവരിലൂടെ മികച്ച അറ്റാക്കിങ് റണ്ണുകൾ നടത്തി. ഇത്തരമൊരു മുന്നേറ്റത്തിനൊടുവിൽ 17-ാം മിനിറ്റിൽ ഗാക്പോ നൽകിയ പന്ത് ബ്ലിൻഡ് പുറത്തേക്കടിച്ച് കളഞ്ഞു.

എന്നാൽ ഗോൾ തിരിച്ചടിക്കാൻ ഉറച്ചെന്നപോലെ കളിച്ച യുഎസ്എ പിന്നീട് നിരന്തരം ആക്രമണങ്ങൾ നടത്തി. ഇതിനിടെ 43-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള തിമോത്തി വിയയുടെ ഷോട്ടും നൊപ്പേർട്ട് തട്ടിയകറ്റി. പിന്നാലെ ഡംഫ്രിസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്ക് തൊട്ടുമുമ്പായി ഡംഫ്രിസ് നൽകിയ പാസ് ബ്ലിൻഡ് യു.എസ് പോസ്റ്റിന്റെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

നിലവിൽ ഡീപേ നെതർലൻഡ്‌സിന്റെ രണ്ടാം ഗോൾ വേട്ടക്കാരനാണ്. 43 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. 50 ഗോളുകളടിച്ച റോബിൻ വാൻപേഴ്‌സിയാണ് ഏറ്റവും മുമ്പിലുള്ളത്.

ഇരുടീമുകളും മുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും നെതർലൻഡ്‌സിനായിരുന്നു ജയം. നെതർലൻഡ്‌സ് കഴിഞ്ഞ 17 മത്സരങ്ങളിൽ തോറ്റിട്ടില്ല. കഴിഞ്ഞ ആറുകളികളിൽ അഞ്ചെണ്ണത്തിലും ഗോൾ വഴങ്ങിയിട്ടുമില്ല. കഴിഞ്ഞ 11 മത്സരങ്ങളിൽ പത്തിലും അമേരിക്ക തോറ്റിട്ടില്ല.