ദോഹ: ലോകകപ്പിൽ ഘാനക്ക് എതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനു ജയിച്ചെങ്കിലും പ്രീക്വാർട്ടർ കാണാതെ യുറഗ്വയ് പുറത്തായതിന് പിന്നാലെ ഫിഫ ഒഫീഷ്യലിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും റഫറിയെ അസഭ്യം പറയുകയും ചെയ്ത യുറഗ്വായ് സൂപ്പർ താരം ജോസ് ഗിമനെസിനെതിരേ നടപടിക്ക് സാധ്യത. ഫിഫ ഒഫീഷ്യലിൽ തലയിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയും റഫറിക്കെതിരേ അസഭ്യവർം നടത്തുകയും ചെയ്ത ഗിമനെസിന് വിലക്ക് ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.

അവസാന മത്സരം ജയിച്ചിട്ടും ലോകകപ്പിൽ നിന്ന് യുറഗ്വായ് പുറത്തായതോടെയാണ് ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അടിച്ച ഗോളുകളുടെ എണ്ണത്തിൽ ദക്ഷിണകൊറിയക്ക് പിന്നിലാകുകയായിരുന്നു യുറഗ്വായ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പെനാൽറ്റി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യുറഗ്വായ് താരങ്ങൾ റഫറിയുമായി തർക്കിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

മത്സരശേഷം റഫറിയെയും അസിസ്റ്റന്റ് റഫറിയേയും യുറഗ്വായ് താരങ്ങൾ പൊതിഞ്ഞപ്പോൾ ജോസ് ഗിമനെസ് മനപ്പൂർവം ഫിഫ ഒഫീഷ്യലിൽ തലയിൽ കൈമുട്ട് കൊണ്ട് ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒപ്പം റഫറിക്കെതിരേ അദ്ദേഹം അസഭ്യവർം നടത്തുകയും ചെയ്തു. സഹതാരങ്ങൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റെക്കോഡ് ചെയ്തോളൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഗിമനെസ് അസഭ്യവർഷം തുടർന്നത്.

റഫറിയെ അസഭ്യം പറഞ്ഞതിന് മൂന്ന് മത്സരങ്ങളിൽ ഗിമനെസിന് വിലക്ക് ലഭിച്ചേക്കാം. ഒപ്പം മാച്ച് ഒഫീഷ്യലിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് 15 മത്സരങ്ങളിലോ, ഒരു നിശ്ചിത കാലാവധിയിലേക്കോ വിലക്ക് ലഭിച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം റഫറി മാച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയോ, ഒഫീഷ്യൽ പരാതി നൽകുകയോ ചെയ്താൽ ഫിഫ നടപടി സ്വീകരിച്ചേക്കും.

പോർച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ദക്ഷിണ കൊറിയ അട്ടിമറിച്ചതോടെയാണ് യുറുഗ്വായിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞത്. പോയിന്റിൽ തുല്യനിലയിലാണെങ്കിലും ഗോൾ കണക്കിന്റെ ബലത്തിലാണ് കൊറിയ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്.

എന്നാൽ, ഘാനയ്ക്കെതിരായ മത്സരത്തിനുശേഷം റഫറിയോടും 'വാർ' മോണിറ്ററിനോടും കലിപ്പ് തീർക്കുന്ന യുറുഗ്വായ് താരങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകായണ്. മത്സരത്തിൽ അർഹമായ പെനാൽറ്റി നൽകിയില്ലെന്ന് ആരോപിച്ച് യുറുഗ്വായ് താരങ്ങൾ മത്സരം നിയന്ത്രിച്ച ജർമൻ റഫറി ഡാനിയൽ സീബർട്ടുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഉന്തുംതള്ളിലും കലാശിക്കുകയും ചെയ്തിരുന്നു. പിന്നാലെ, റഫറി ഫൈനൽ വിസിൽ മുഴക്കുകയും ചെയ്തിരുന്നു.

ഇതിനുശേഷം താരങ്ങൾ ഡ്രെസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് യുറുഗ്വായ് സ്ട്രൈക്കർ എഡിൻസൻ കവാനി ഡ്രെസിങ് റൂമിലേക്കുള്ള വഴിയിലുണ്ടായിരുന്ന 'വാർ' സ്‌ക്രീൻ പോഡിയം കവാനി കലിപ്പിൽ തള്ളിയിട്ടത്. ഇതിന്റെ വിഡിയോ ആണ് പുറത്തുവന്നിരുന്നു.

മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഘാനയുടെ പ്രതിരോധ താരം അലിദു സൈദു ബോക്സിൽ കവാനിയുമായി കൂട്ടിയിടിച്ചത് കാണിച്ചായിരുന്നു യുറുഗ്വായ് താരങ്ങൾ പെനാൽറ്റി ആവശ്യപ്പെട്ടത്. എന്നാൽ, റഫറി അംഗീകരിച്ചില്ല. തുടർന്ന് 'വാറി'ൽ പരിശോധിക്കണമെന്ന് മുറവിളികൂട്ടിയെങ്കിലും സീബർട്ട് തിരിഞ്ഞുനോക്കിയില്ല. അധികം വൈകാതെ അന്തിമ വിസിൽ വിളിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കവാനിയും മറ്റൊരു യുറുഗ്വായ് താരം യോസെ മരിയ ഹിമനെസും റഫറിയെ ചോദ്യംചെയ്തു രംഗത്തെത്തി. വാക്കേറ്റത്തിൽ തുടങ്ങി ഉന്തും തള്ളിലും കലാശിക്കുകയും ചെയ്യുകയായിരുന്നു.