ദോഹ: ഖത്തർ ലോകകപ്പിൽ വിജയപ്രതീക്ഷകളുമായി ഗ്രൂപ്പ് സി ചാംപ്യന്മാരായ അർജന്റീന പ്രീക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. പരിക്കേറ്റ ഏഞ്ചൽ ഡി മരിയ സ്റ്റാർട്ടിങ് ഇലവനിലില്ല. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അൽപ സമയത്തിനകം മത്സരത്തിന് കിക്കോഫാകും. ആദ്യ പ്രീ ക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്‌ത്തിയ നെതർലൻഡ്സ് മാത്രമാണ് ഖത്തർ ലോകകപ്പിൽ ഇതുവരെ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിട്ടുള്ളത്.

4-3-3 ശൈലിയിൽ സ്‌കലോണി അർജന്റീനയെ കളത്തിലിറക്കുമ്പോൾ പപു ഗോമസും ലിയോണൽ മെസിയും ജൂലിയൻ ആൽവാരസുമാണ് മുന്നേറ്റത്തിൽ. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും എൻസോ ഫെർണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോൾ നഹ്വെൽ മൊളീനയും ക്രിസ്റ്റ്യൻ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാർക്കോസ് അക്യൂനയുമാണ് പ്രതിരോധം കാക്കുക. ഗോൾബാറിന് കീഴെ എമി മാർട്ടിസിന്റെ കാര്യത്തിൽ മാറ്റമില്ല. അതേസമയം ഗ്രഹാം അർനോൾഡ് 4-4-2 ശൈലിയിൽ ഇറക്കുന്ന ഓസ്‌ട്രേലിയയുടെ ആക്രമണം നയിക്കുക മിച്ചൽ ഡ്യൂക്കും റിലൈ മക്ഗ്രീയുമായിരിക്കും. അർജന്റീനൻ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം.

ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തകർപ്പൻ ഫോമാണ് അർജന്റീനയുടെ പ്രതീക്ഷ. ഖത്തറിൽ ഇതുവരെ രണ്ട് ഗോളും ഒരു അസിസ്റ്റും മെസിയുടെ കാലിൽ നിന്നുണ്ടായി. ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ സവിശേഷ റെക്കോർഡ് മെസിയെ കാത്തിരിക്കുന്നു. പ്രൊഫഷനൽ കരിയറിൽ ഇന്നത്തോടെ 1000 മത്സരങ്ങൾ സൂപ്പർ താരം പൂർത്തിയാക്കും. അർജന്റീനയ്ക്കായി ഇതിനോടകം 168 മത്സരങ്ങൾ കളിച്ച മെസി ക്ലബ് തലത്തിൽ ബാഴ്സലോണയിൽ 778 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അട്ടിമറി തോൽവി വഴങ്ങിയതിനു ശേഷമാണ് അർജന്റീന ഫോമിലായത്. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെയും അവസാന മത്സരത്തിൽ പോളണ്ടിനെതിരെയും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീനയുടെ പ്രീക്വാർട്ടർ പ്രവേശനം. സൗദിക്കെതിരെ രണ്ടു ഗോൾ വഴങ്ങിയ ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ക്ലീൻഷീറ്റ് നേടിയ പ്രതിരോധനിര ഫോമിലാണ്. 22 ഗോൾഷോട്ടുകൾ നേടിയെങ്കിലും 5 ഗോൾ മാത്രമാണ് മൂന്നു മത്സരങ്ങളിലായി നേടിയത്. ലയണൽ മെസ്സിയുടെ ഫോം തന്നെയാണ് ശക്തി.

ഓസ്‌ട്രേലിയ ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് 4 -1നു തോറ്റെങ്കിലും തുടർന്നുള്ള രണ്ടു മത്സരങ്ങളിലും ജയിച്ചു. രണ്ടു ക്ലീൻഷീറ്റുകൾ നേടി. മധ്യനിരയിൽ ക്രിയേറ്റിവ് മിഡ്ഫീൽഡറിന്റെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട്. മുന്നേറ്റ നീക്കങ്ങൾ കുറവാണെങ്കിലും ആവശ്യമുള്ളപ്പോൾ ഗോൾ നേടാൻ സാധിച്ചതാണ് ടീമിനെ രക്ഷിച്ചത്.