- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വീണ്ടും മെസി മാജിക്; ഓസ്‌ട്രേലിയയുടെ പ്രതിരോധ കോട്ട തകർത്ത് അർജന്റീന; നോക്കൗട്ടിലെ മെസിയുടെ ആദ്യ ലോകകപ്പ് ഗോൾ പിറന്നത് മുപ്പത്തിയഞ്ചാം മിനിറ്റിൽ; അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നീലക്കടലിരമ്പം; ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ; പരുക്കൻ അടവുകൾ പുറത്തെടുത്ത് ഓസിസ് താരങ്ങൾ
ദോഹ: ലോകകപ്പിലെ പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയക്കെതിരെ നിർണായക ലീഡ് എടുത്ത് അർജന്റീന. മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോളിന്റെ ബലത്തിൽ അർജന്റീന മുന്നിലാണ്. 35-ാം മിനിറ്റിലാണ് മെസ്സി ഗോൾവലകുലുക്കിയത്.
കിക്കോഫായി നാലാം മിനുറ്റിൽ ഗോമസിന്റെ ക്രോസ് ബാക്കസിന്റെ കയ്യിൽ തട്ടിയപ്പോൾ അർജന്റീനൻ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 18-ാം മിനുറ്റിൽ ഓസീസ് മുന്നേറ്റം ഗോൾലൈനിനരികെ ഡി പോൾ തടുത്തു. അർജന്റീനൻ താരങ്ങളെ ബോക്സിലേക്ക് കയറാൻ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്‌ട്രേലിയൻ ഡിഫൻസ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു മെസിയുടെ സുന്ദരൻ ഫിനിഷിങ്.
ആരാധകരെയും ഓസ്ട്രേലിയയെയും അമ്പരിപ്പിച്ചുകൊണ്ടാണ് മെസ്സി വലകുലുക്കിയത്. മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒട്ടമെൻഡി പന്ത് ഒരു ടച്ചിലൂടെ അത് മെസ്സിക്ക് കൈമാറി. മൂന്ന് പ്രതിരോധതാരങ്ങൾക്കിടയിലൂടെ പന്ത് വലയിലേക്ക് അടിച്ചിട്ടപ്പോൾ അഹമ്മദ് ബിൻ അലി സ്റ്റേഡിയം ആഹ്ലാദത്താൽ പൊട്ടിത്തെറിച്ചു. അത്രമേൽ ലോകോത്തര നിലവാരമുള്ള ഗോളാണ് മെസ്സിയുടെ കാലിൽ നിന്ന് പിറന്നത്. മെസ്സിയുടെ ഒൻപതാം ലോകകപ്പ് ഗോളാണിത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ സൂപ്പർ താരത്തിന്റെ ആദ്യ ഗോളുമാണിത്. ലോകകപ്പിലെ മെസ്സിയുടെ ഒൻപതാം ഗോളാണിത്.
അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്‌സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്‌സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് താരങ്ങൾ പ്രതിരോധിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഫലം, പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി, ഓടിയെത്തിയ മെസ്സിക്ക് കാൽപ്പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിൽ. സ്‌കോർ 1 - 0.
പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന ആദ്യപകുതിയിൽ, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു.
മത്സരത്തിന്റെ തുടക്കം തൊട്ട് അർജന്റീന ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അർജന്റീനയുടെ മുന്നേറ്റങ്ങളെ ഓസ്ട്രേലിയ ശാരീരികമായാണ് നേരിട്ടത്. ആദ്യ 22 മിനിറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചത് അർജന്റീനയാണ്. 24-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ ഓസ്ട്രേലിയ നേടിയെടുത്തു.
4-3-3 ശൈലിയിൽ സ്‌കലോണി അർജന്റീനയെ കളത്തിലിറക്കിയപ്പോൾ പപു ഗോമസും ലിയോണൽ മെസിയും ജൂലിയൻ ആൽവാരസുമായിരുന്നു മുന്നേറ്റത്തിൽ. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും എൻസോ ഫെർണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോൾ നഹ്വെൽ മൊളീനയും ക്രിസ്റ്റ്യൻ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാർക്കോസ് അക്യൂനയുമാണ് പ്രതിരോധം കാക്കുന്നത്. ഗോൾബാറിന് കീഴെ എമി മാർട്ടിസിന്റെ കാര്യത്തിൽ മാറ്റമില്ല. പരിക്കേറ്റ ഏഞ്ചൽ ഡി മരിയ ഇന്ന് ടീമിലില്ല.
അതേസമയം ഗ്രഹാം അർനോൾഡ് 4-4-2 ശൈലിയിൽ ഇറക്കിയ ഓസ്‌ട്രേലിയയുടെ സ്റ്റാർട്ടിങ് ഇലവനിൽ മിച്ചൽ ഡ്യൂക്കും റൈലി മഗ്രീയും ആക്രമണത്തിലും ക്യാനു ബാക്കസ്, ജാക്സൺ ഇർവിൻ, ആരോൺ മോയി, മാത്യൂ ലെക്കീ എന്നിവർ മധ്യനിരയിലും അസീസ് ബെഹിച്ച്, കൈ റോൾസ്, ഹാരി സൗട്ടർ, മിലോസ് ഡെഗെനെക് എന്നിവർ പ്രതിരോധത്തിലും എത്തിയപ്പോൾ മാത്യൂ റയാനാണ് ഗോളി. അർജന്റീനൻ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു.
ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനൽ കരിയറിൽ ലയണൽ മെസി 1000 മത്സരങ്ങൾ പൂർത്തിയാക്കി. അർജന്റീനയ്ക്കായി 169 മത്സരങ്ങൾ കളിച്ച മെസി ക്ലബ് തലത്തിൽ ബാഴ്സലോണയിൽ 778 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി.
സ്പോർട്സ് ഡെസ്ക്