ദോഹ: ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ പ്രീ ക്വാർട്ടറിൽ രണ്ട് ഗോൾ ലീഡെടുത്ത് അർജന്റീന. ആദ്യപകുതിയിലെ ലയണൽ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റിൽ ജൂലിയൻ ആൽവാരസാണ് 2-0ന്റെ ലീഡ് സമ്മാനിച്ചത്. ഗോളിയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ.

ഗോൾപോസ്റ്റിനു മുന്നിൽ അനാവശ്യമായി പന്തു തട്ടിക്കളിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നത്. 57ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. ആദ്യ ഗോൾ 35ാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസ്സി നേടി. നിക്കോളാസ് ഒട്ടാമെൻഡിയുടെ പാസിൽനിന്നാണ് ലയണൽ മെസ്സി ലക്ഷ്യം കണ്ടത്. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ മെസ്സിയുെട ആദ്യ ഗോൾ കൂടിയാണിത്.

സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നതിനു പകരം പാസ് ചെയ്ത് കളിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീന രണ്ടാം ഗോൾ നേടിയത്. അർജന്റീനയുടെ ഒരു മുന്നേറ്റം നിഷ്ഫലമാക്കി പന്ത് പിടിച്ചെടുത്ത ഓസീസ് ഗോൾകീപ്പർ അത് ഇടതുവിങ്ങിലെ താരത്തിനു നീട്ടിയെറിഞ്ഞുനൽകി. അർജന്റീന സമ്മർദ്ദം ചെലുത്തിയതോടെ പന്ത് റൗൾസ് വഴി വീണ്ടും ഗോൾകീപ്പറിലേക്ക്. ഇതിനിടെ രണ്ട് അർജന്റീന താരങ്ങൾ സമ്മർദ്ദം ചെലുത്തി ഓടിയെത്തിയതോടെ ഗോൾകീപ്പറിനു പിഴച്ചു. പന്തു പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തഴുകിവിട്ടു. സ്‌കോർ 2 -0.

പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന ആദ്യപകുതിയിൽ, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് മെസ്സിയിലൂടെ അർജന്റീന ലീഡ് നേടിയത്.

അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്‌സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്‌സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് താരങ്ങൾ പ്രതിരോധിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഫലം, പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി, ഓടിയെത്തിയ മെസ്സിക്ക് കാൽപ്പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിലെത്തി.