- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അർജന്റീനയുടെ രക്ഷകനായി വീണ്ടും മിശിഹ; ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ട തകർത്ത് ആദ്യ പകുതിയിലെ മിന്നും ഗോൾ; ലോകകപ്പ് ഗോൾനേട്ടത്തിൽ മറഡോണയെ മറികടന്ന് മെസി; ജയമുറപ്പിച്ച് ആൽവാരസ്; ഏക പിഴവ് എൻസോയുടെ സെൽഫ് ഗോൾ മാത്രം; വെല്ലുവിളിച്ച ഓസിസിനെ കടൽ കടത്തി അർജന്റീന ക്വാർട്ടറിൽ; നെതർലൻഡ്‌സ് എതിരാളികൾ
ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ നീലക്കടൽ ഇരമ്പത്തെ സാക്ഷിയാക്കി ലോകകപ്പ് ക്വാർട്ടർ പ്രവേശനം ആഘോഷമാക്കി അർജന്റീന. വീറോടെ പൊരുതിയ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്‌ത്തിയാണ് ലയണൽ മെസിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസിയും 57ാം മിനിറ്റിൽ യുവതാരം ജൂലിയൻ അൽവാരസും നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനലിലേക്ക് പാത തുറന്നത്. ഓസ്‌ട്രേലിയയുടെ ആശ്വാസഗോൾ അർജന്റീനയുടെ വകയായിരുന്നു. 77-ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് സെൽഫ് ഗോൾ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക പോരായ്മ.
ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്‌സിനെ നേരിടും. ആദ്യ പ്രീക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്‌സ് ക്വാർട്ടറിൽ കടന്നത്. പ്രഫഷനൽ കരിയറിലെ 1000ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോളാണ് ഓസീസിനെതിരെ നേടിയത്. അർജന്റീനയ്ക്കായി ലോകകപ്പിൽ ഒൻപതാം ഗോൾ നേടിയ മെസ്സി, ഇക്കാര്യത്തിൽ സാക്ഷാൽ ഡീഗോ മറഡോണയെ പിന്നിലാക്കി. ഇനി മെസ്സിക്കു മുന്നിലുള്ളത് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രം.
പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന മത്സരത്തിൽ, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. കിക്കോഫായി നാലാം മിനുറ്റിൽ ഗോമസിന്റെ ക്രോസ് ബാക്കസിന്റെ കയ്യിൽ തട്ടിയപ്പോൾ അർജന്റീനൻ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. 18-ാം മിനുറ്റിൽ ഓസീസ് മുന്നേറ്റം ഗോൾലൈനിനരികെ ഡി പോൾ തടുത്തു.
അർജന്റീനൻ താരങ്ങളെ ബോക്സിലേക്ക് കയറാൻ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്‌ട്രേലിയൻ ഡിഫൻസ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റിൽ മെസിയുടെ സുന്ദരൻ ഫിനിഷിങ്. കാൽകളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അർധാവസരം പോലും നൽകാതെ വലയിലെത്തിക്കുകയായിരുന്നു.
അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്‌സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്‌സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് താരങ്ങൾ പ്രതിരോധിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഫലം, പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി, ഓടിയെത്തിയ മെസ്സിക്ക് കാൽപ്പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിൽ. സ്‌കോർ 1 -0.
50-ാം മിനുറ്റിൽ പപു ഗോമസിനെ വലിച്ച് അർജന്റീന ലിസാണ്ട്രോ മാർട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാൻ അനായാസം പിടികൂടി. എന്നാൽ 57-ാം മിനുറ്റിൽ അർജന്റീന ലീഡ് രണ്ടാക്കി. റോൾസിന്റെ ബാക് പാസ് തട്ടിയകറ്റാൻ റയാൻ വൈകിയപ്പോൾ ഡി പോൾ നടത്തിയ ഇടപെടലാണ് ആൽവാരസിന്റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നതിനു പകരം പാസ് ചെയ്ത് കളിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീന രണ്ടാം ഗോൾ നേടിയത്.
അർജന്റീനയുടെ ഒരു മുന്നേറ്റം നിഷ്ഫലമാക്കി പന്ത് പിടിച്ചെടുത്ത ഓസീസ് ഗോൾകീപ്പർ അത് ഇടതുവിങ്ങിലെ താരത്തിനു നീട്ടിയെറിഞ്ഞുനൽകി. അർജന്റീന സമ്മർദ്ദം ചെലുത്തിയതോടെ പന്ത് റൗൾസ് വഴി വീണ്ടും ഗോൾകീപ്പറിലേക്ക്. ഇതിനിടെ രണ്ട് അർജന്റീന താരങ്ങൾ സമ്മർദ്ദം ചെലുത്തി ഓടിയെത്തിയതോടെ ഗോൾകീപ്പറിനു പിഴച്ചു. പന്തു പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തഴുകിവിട്ടു. സ്‌കോർ 2-0.
77-ാം മിനുറ്റിൽ ഗുഡ്വിന്റെ ലോംഗ് റേഞ്ചർ ഷോട്ട് എൻസോയുടെ ഡിഫ്‌ളക്ഷനിൽ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും അർജന്റീന 2-1ന് മത്സരം തങ്ങളുടേതായി അവസാനിപ്പിച്ചു. അവസരങ്ങൾ കളഞ്ഞുകുളിച്ച് ലൗറ്റാരോ മാർട്ടിനസ് അർജന്റീനൻ വിജയത്തിന്റെ ശോഭ കുറച്ചു. ഇഞ്ചുറിടൈമിന്റെ അവസാന സെക്കൻഡുകളിൽ വമ്പൻ സേവുമായി എമി മാർട്ടിനസ് താരമായി.
സ്പോർട്സ് ഡെസ്ക്