- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലോകകപ്പ് ക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസും ഇംഗ്ലണ്ടും; ടുണീഷ്യ വീഴ്ത്തിയ നിലവിലെ ചാമ്പ്യന്മാരെ കുരുക്കാൻ പോളണ്ട്; പാസിങ് ഗെയിമിലൂടെ എതിരാളികളെ വിറപ്പിക്കുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുമോ സെനഗൽ; അട്ടിമറി പ്രതീക്ഷയിൽ ആരാധകർ
ദോഹ: ലോകകപ്പിൽ ക്വാർട്ടർ ലക്ഷ്യമിട്ട് കരുത്തരായ ഇംഗ്ലണ്ടും ഫ്രാൻസും ഇന്നിറങ്ങും. രാത്രി 8.30ന് നടക്കുന്ന പ്രീക്വാർട്ടറിൽ സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ എതിരാളി. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട്് ആഫ്രിക്കൻ കരുത്തരായ സെനഗലുമായി ഏറ്റുമുട്ടും. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾ ഡിസംബർ പത്തിനു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും.
ഹൈ പ്രസ് ഗെയിമിലൂടെ എതിരാളികളെ തകർക്കുന്ന ഫ്രാൻസിനെതിരെ പോളണ്ടിന്റെ ഹൈബോൾ അടവ് എത്രത്തോളം വിജയിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫ്രാൻസും പോളണ്ടും ഇതുവരെ 16 തവണയാണ് മുഖാമുഖം വന്നത്. എട്ടുതവണ ഫ്രാൻസും മൂന്നുതവണ പോളണ്ടും വിജയിച്ചു. അഞ്ചു മത്സരങ്ങൾ സമനിലയിലായി. പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തിൽ ഇരുടീമുകളും തോറ്റു. ഫ്രാൻസ് ടുണീഷ്യയോടും പോളണ്ട് അർജന്റീനയോടും. 4-2-3-1 ശൈലിയിലാകും ഫ്രാൻസ് കളത്തിലിറങ്ങുക. പോളണ്ട് 4-4-2 ശൈലിയിലായിരിക്കും കളിക്കുക.
മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാൻസ് പ്രീക്വാർട്ടറിലെത്തിയത്. ഓസ്‌ട്രേലിയ, ഡെന്മാർക്ക് എന്നിവരെ പരാജയപ്പെടുത്തിയപ്പോൾ അവസാന മത്സരത്തിൽ ടുണീഷ്യയോടു തോറ്റു. 6 ഗോൾ അടിച്ചപ്പോൾ 3 ഗോൾ വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ ക്ലീൻഷീറ്റ് നേടാനായിട്ടില്ല.
കിലിയൻ എംബപെ, അന്റോയ്ൻ ഗ്രീസ്മാൻ, ഒസ്മാൻ ഡെംബലെ, ഒളിവർ ജിറൂദ് എന്നിവരടങ്ങുന്ന മുന്നേറ്റനിര തന്നെയാണ് ഫ്രാൻസിന്റെ ശക്തി. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാൻ പറ്റുമെന്ന് ഓസ്‌ട്രേലിയയ്ക്കും ഡെന്മാർക്കിനും എതിരായ മത്സരങ്ങളിലൂടെ തെളിയിച്ചു. 9 മാറ്റങ്ങളുമായി ഇറങ്ങിയ ഫ്രാൻസിനെയാണ് ടുണീഷ്യ 1 - 0നു തോൽപിച്ചത്. റിസർവ് താരങ്ങളുടെ മോശം പ്രകടനമാകാം പരിശീലകൻ ദിദിയെ ദെഷാമിനെ നിലവിൽ അലട്ടുന്നത്.
മൂന്ന് മത്സരങ്ങളിൽനിന്നു 4 പോയിന്റുമായി ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീക്വാർട്ടറിലെത്തിയത്. ജയിച്ചത് സൗദി അറേബ്യയ്‌ക്കെതിരെ മാത്രം. അവസാന ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനയോട് 2- 0നു തോറ്റു. രണ്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടിയ ടീമാണ് പോളണ്ട്. റോബർട്ട് ലെവൻഡോവ്‌സ്‌കി എന്ന് സ്റ്റാർ സ്‌ട്രൈക്കറാണ് പോളണ്ടിന്റെ ശക്തി. ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയ ലെവൻഡോവ്‌സ്‌കി രണ്ടാം മത്സരത്തിൽ സൗദിക്കെതിരെ ഗോളടിച്ചു.
രാത്രി 12.30ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടും സെനഗലും ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തോൽവിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തിയത്. ഒരു തോൽവിയോടെ സെനഗലും. രണ്ടാം തവണയാണ് സെനഗൽ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ആഫ്രിക്കൻ ടീമുകളുമായുള്ള കഴിഞ്ഞ 20 മത്സരങ്ങളിൽ ഇംഗ്ലണ്ട് തോൽവിയറിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് ഇറങ്ങാൻ സാധ്യതയുള്ള ശൈലി: 4-3-3 ശൈലിയിലാകും ഇംഗ്ലണ്ട് കളിക്കുക. സെനഗലിന്റേത് 4-2-3-1 ശൈലിയാകും
പാസിങ് ഗെയിമിലൂടെ എതിരാളികളുടെ ബോക്‌സിലേക്കു കടക്കുന്ന ഇംഗ്ലണ്ടിന്റെ കളിശൈലി ആഫ്രിക്കൻ പവർഗെയിമിനെതിരെ എത്രത്തോളം വിജയകരമാകും എന്ന് ഇന്നത്തെ മത്സരത്തിലറിയാം
നിർണായകമായ അവസാന മത്സരത്തിൽ ഇക്വഡോറിനെ തോൽപിച്ചാണ് സെനഗൽ പ്രീക്വാർട്ടർ യോഗ്യത നേടിയത്. രണ്ടു മത്സരങ്ങളിൽ ജയിച്ചപ്പോൾ നെതർലൻഡ്‌സിനെതിരെ തോറ്റു. മൂന്നു മത്സരങ്ങളിലായി 5 ഗോൾ അടിച്ചപ്പോൾ നാലെണ്ണം വഴങ്ങി.
സ്പോർട്സ് ഡെസ്ക്