ദോഹ: ലോകകപ്പിൽ പ്രീക്വാർട്ടറിനൊരുങ്ങുന്ന ബ്രസീൽ ടീമിന് ആശ്വാസ വാർത്ത. സൗത്തുകൊറിയക്കെതിരെ നെയ്മർ കളിക്കുമെന്ന് ബ്രസീലിയൻ പരിശീലകൻ ടിറ്റെ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം നടന്ന പരിശീലനത്തിൽ പങ്കെടുത്തെന്നും ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ നെയ്മറിന് കഴിയുമെന്നാണ് ടിറ്റെ പറഞ്ഞത്. സെർബിയയ്‌ക്കെതിരായ മത്സരത്തിൽ പരുക്കേറ്റ നെയ്മറിന് കളി തീരും മുൻപെ കളം വിടേണ്ടി വന്നിരുന്നു. ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും നെയ്മറിന് നഷ്ടമായി.

പരിശീലന ചിത്രങ്ങൾ നെയ്മർ തന്നെയാണ് പങ്കുവെച്ചത്. രാജ്യത്തിനും സഹതാരങ്ങൾക്കും വേണ്ടി ശക്തമായി തിരിച്ചെത്തുമെന്ന് നെയ്മർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിനിടയിൽ താരം പ്രീക്വാർട്ടർ മത്സരങ്ങൾ കളിക്കില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിന് മുമ്പ് നെയ്മർക്ക് പനി ബാധിച്ചുവെന്ന് വാർത്തകൾ വന്നതോടെ ബ്രസീൽ ആരാധകർ കടുത്ത ആശങ്കയിലായിരുന്നു.

'ഇന്ന് ഉച്ച തിരിഞ്ഞ് നെയ്മർ പരിശീലത്തിനെത്തി. നന്നായി പരിശീലനത്തിൽ പങ്കെടുത്തു. അദ്ദേഹം കളിക്കും', ടിറ്റെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേ സമയം ബ്രസീലിയൻ സ്ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസിനും പ്രതിരോധ താരം അലക്സ് ടെല്ലസിനും ലോകകപ്പിലെ ഇനിയുള്ള കളികൾ നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാമറൂണിനെതിരെ നടന്ന മത്സരത്തിൽ കാൽമുട്ടിന് പരുക്കേറ്റതാണ് ഇരുവരുടെയും മത്സരങ്ങൾ നഷ്ടപ്പെടാൻ കാരണമായത്. പ്രീക്വാർട്ടറിൽ ചൊവ്വാഴ്ച സൗത്തുകൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.

സ്ട്രൈക്കർ ഗബ്രിയേൽ ജെസൂസിനും പ്രതിരോധ താരം അലക്സ് ടെല്ലസിനും കഴിഞ്ഞ മത്സരത്തിൽ കാമറൂണിനെതിരെ കളിച്ചപ്പോഴാണ് പരിക്കേറ്റത്. പരിക്കേറ്റ താരങ്ങൾക്ക് ഒരു മാസത്തിലധികം വിശ്രമം ആവശ്യമാണ്. ബ്രസീൽ 1-0 ത്തിന് പരാജയപ്പെട്ട മത്സരത്തിൽ 54ാം മിനുട്ടിലാണ് ടെല്ലസ് തിരിച്ചുകയറിയത്. പത്തു മിനുട്ടിന് ശേഷം ജീസസും പിൻവാങ്ങി. ഫുൾബാക്കിൽ കളിക്കുന്ന അലക്‌സ് സാൻഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിലാണ്.

പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ കാമറൂണിനെതിരെയുള്ള ഇലവനിൽ ഒമ്പത് മാറ്റങ്ങളാണ് കോച്ച് ടിറ്റെ കൊണ്ടുവന്നിരുന്നത്. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ ടീമിനോട് പരാജയപ്പെടുന്നതിനാണ് ഈ സാഹസം വഴിയൊരുക്കിയത്.