ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെതിരെ ഫ്രാൻസ് ആദ്യ പകുതിയിൽ മുന്നിൽ. ആദ്യ പകുതിയുടെ ഇൻജുറി ടൈമിന് തൊട്ടുമുമ്പ് ഒളിവിയർ ജിറൂഡാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. 44-ാം മിനിറ്റിലായിരുന്നു ജിറൂഡിന്റെ ഗോൾ. ബോക്സിന് തൊട്ടുവെളിയിൽ നിന്ന് എംബാപ്പെ നൽകിയ പാസ് ജിറൂഡ് ഇടംകാലനടിയിലൂടെ വലയിലെത്തിച്ചു. കിലിയൻ എംബപ്പെയുടെ കിടിലൻ പാസ് പിടിച്ചെടുത്ത ജിറൂഡ് പോളണ്ട് ഗോൾകീപ്പർ വോയ്‌ചെക് ഷെസ്‌നിയെ മറികടന്നാണ് ലക്ഷ്യത്തിലെത്തിച്ചത്.

ജിറൂഡിനെ മാർക്ക് ചെയ്യുന്നതിൽ പോളണ്ട് താരം വരുത്തിയ പിഴവ് മുലെടുത്ത് താരം പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഫ്രാൻസിനായി 52-ാം രാജ്യാന്തര ഗോൾ നേടിയ താരം അവർക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. 51 ഗോളുകൾ നേടിയ തിയറി ഹെന്റിയെ മറികടന്നായിരുന്നു ജിറൂഡിന്റെ നേട്ടം.

നിലവിലെ ചാംപ്യന്മാരെന്ന തലപ്പൊക്കവുമായെത്തിയ ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനമാണ് പൊളണ്ട് കാഴ്ചവച്ചത്. അർജന്റീനയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ അമിത പ്രതിരോധം വിട്ട് ഇത്തവണ ആക്രമണത്തിലേക്കു കൂടുമാറിയ പോളണ്ട്, പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഫ്രഞ്ച് പടയെ അക്ഷരാർഥത്തിൽ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെയാണ് ജിറൂഡിലൂടെ ഫ്രാൻസ് ലീഡ് നേടിയത്. പോളണ്ട് ഗോൾമുഖം ലക്ഷ്യമാക്കി ഫ്രാൻസ് നടത്തിയ മുന്നേറ്റമാണ് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. ബോക്‌സിനുള്ളിൽ കിലിയൻ എംബപ്പെ നൽകിയ ത്രൂപാസ് പിടിച്ചെടുത്ത ജിറൂഡ് ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്‌കോർ 1 - 0.

മത്സരത്തിന്റെ 38ാം മിനിറ്റിൽ ഫ്രഞ്ച് ഗോൾമുഖം വിറപ്പിച്ച് പോളണ്ട് നടത്തിയ ആക്രമണം ഗോളിലെത്താതെ പോയത്, ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഹ്യൂഗോ ലോറിസിന്റെ മികവുകൊണ്ടും ഭാഗ്യം കൊണ്ടും മാത്രം. ഇതുൾപ്പെടെ ഫ്രഞ്ച് പടയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു പോളണ്ടിന്റേത്. മറുവശത്ത്, സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചുകയറിയ ഫ്രാൻസിനും ആദ്യപകുതിയിൽ ഒരിക്കൽപ്പോലും ലക്ഷ്യം കാണാനായില്ല.