- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഷെസ്‌നിയുടെ ഉരുക്കുകോട്ട കീഴടക്കി!; ഇരട്ട ഗോളുമായി 'കിടിലൻ' എംബപ്പെ; ചരിത്ര ഗോളുമായി ജിറൂഡും; പൊരുതിനിന്ന പോളണ്ടിനെ വിറപ്പിച്ച് കീഴടക്കി ഫ്രഞ്ച് പട; ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ വലചലിപ്പിച്ച് ലെവൻഡോവ്സ്കി; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോളണ്ടിനെ കീഴടക്കി ക്വാർട്ടറിലേക്ക് ഫ്രാൻസ് മാർച്ച്
ദോഹ: സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ഇരട്ട ഗോളും, ഒളിവർ ജിറൂഡിന്റെ ചരിത്ര ഗോളും കണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ വിറപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസ് പോളണ്ടിനെ കീഴടക്കിയത്. കിലിയൻ എംബപെ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളും (74, 90പ്ലസ് വൺ മിനിറ്റുകൾ) ആദ്യ പകുതിയിൽ ഒലിവർ ജിറൂഡ് (44ാം മിനിറ്റ്) നേടിയ ഗോളുമാണ് ഫ്രാൻസിന് ക്വാർട്ടർ ബർത്ത് സമ്മാനിച്ചത്. നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷിയായ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് പോളണ്ട് നായകൻ റോബർട്ട് ലെവൻഡോവിസ്‌കി ആശ്വാസ ഗോൾ കണ്ടെത്തി.
പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളോടെ, ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ എംബപെ മുന്നിലെത്തി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോളാണിത്. രണ്ടാം സ്ഥാനത്തുള്ളവർക്ക് ഇതുവരെ നേടാനായത് മൂന്നു ഗോളുകൾ മാത്രം. ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയ ജിറൂഡും ഒരു സുവർണ നേട്ടം സ്വന്തമാക്കി. ഫ്രഞ്ച് ജഴ്‌സിയിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടമാണ് ജിറൂഡ് സ്വന്തം പേരിലാക്കിയത്. ദേശീയ ടീമിനായി ജിറൂഡിന്റെ 52ാം ഗോളാണിത്. സാക്ഷാൽ തിയറി ഹെന്റിയെയാണ് ജിറൂഡ് പിന്നിലാക്കിയത്.
നാലാം മിനിറ്റിൽ ഫ്രാൻസിന്റെ ആക്രമണത്തോടെയാണ് മത്സരത്തിന് ചൂടുപിടിത്. ഗ്രീസ്മാന്റെ കോർണർ കിക്കിൽ ഉയർന്നുചാടി റാഫേൽ വരാനെ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക്. തൊട്ടടുത്ത മിനിറ്റിൽ പോളണ്ട് വക അതിനുള്ള മറുപടി. വരാനെയുടെ ബാക്ക് പാസ് ക്ലിയർ ചെയ്യുന്നതിൽ ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന് പിഴവ് സംഭവിച്ചു. എന്നാൽ മാറ്റി കാഷിന്റെ ഷോട്ട് ഗോൾ കീപ്പറുടെ കൈകളിലേക്ക്. പിന്നാലെ ഗ്രീസ്മാൻ, എംബാപ്പെ എന്നിവരുടെ മിന്നലാട്ടങ്ങൾ. 13-ാം മിനിറ്റിൽ ഒർലിൻ ഷ്വാമെനിയുടെ ഷോട്ട് പോളിഷ് ഗോൾ കീപ്പർ ഷെസ്നി തട്ടിയകറ്റി. 17-ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ഡെംമ്പേലെയുടെ ഷോട്ടും ഷെസ്നി അനായാസം കയ്യിലൊതുക്കി. 20-ാം മിനിറ്റിൽ ജിറൂഡ്്- ഗ്രീസ്മാൻ സഖ്യത്തിന്റെ മുന്നേറ്റം പോളണ്ട് പ്രതിരോധത്തിന് മുന്നിൽ വിലപ്പോയില്ല.
21-ാം മിനിറ്റിലാണ് പോളണ്ടിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാൽ 20 അടി അകലെ നിന്ന് റോബർട്ട് ലെവൻഡോസ്‌കി തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി. ഇതോടെ മത്സരത്തിലേക്ക് ചെറുതായിട്ടെങ്കിലും തിരിച്ചെത്താൻ പോളണ്ടിനായി. എന്നാൽ 29-ാം മിനിറ്റിൽ ജിറൂഡ് ഒരു തുറന്ന അവസരം നഷ്ടമാക്കി. ഡെംബെലയുടെ നിലംപറ്റെയുള്ള ക്രോസിൽ ജിറൂഡ് കാല് വച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 38-ാം മിനിറ്റിൽ ലോറിസിന്റെ തകർപ്പൻ സേവ് പോളണ്ടിനെ ഗോളിൽ നിന്നകറ്റി. സിലിൻസ്‌കിയുടെ ഷോട്ട് ഫ്രഞ്ച് ഗോൾ കീപ്പർ മനോഹരമായി തടഞ്ഞിടുകയായിരുന്നു. റീബൗണ്ടിൽ കമിൻസ്‌കിയുടെ ഷോട്ട് വരാനെ രക്ഷപ്പെടുത്തി.
അർജന്റീനയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ അമിത പ്രതിരോധം വിട്ട് ഇത്തവണ ആക്രമണത്തിലേക്കു കൂടുമാറിയ പോളണ്ട്, പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ഇരു പകുതികളിലും ഫ്രഞ്ച് പടയെ അക്ഷരാർഥത്തിൽ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെയാണ് ജിറൂദിലൂടെ ഫ്രാൻസ് ലീഡ് നേടിയത്. പോളണ്ട് ഗോൾമുഖം ലക്ഷ്യമാക്കി ഫ്രാൻസ് നടത്തിയ മുന്നേറ്റമാണ് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. ബോക്‌സിനുള്ളിൽ കിലിയൻ എംബപ്പെ നൽകിയ ത്രൂപാസ് പിടിച്ചെടുത്ത ജിറൂഡ്, ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
സമനില ഗോളിനായി പോളണ്ട് സമ്മർദ്ദം ചെലുത്തുന്നതിനിടെ, മത്സരത്തിന്റെ 74ാം മിനിറ്റിൽ ഫ്രാൻസിനായി വലചലിപ്പിച്ച എംബപ്പെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ വീണ്ടും ഗോൾ നേടുകയായിരുന്നു.
പോളണ്ടിന്റെ ആക്രമണത്തിന്റെ മുനയൊടിച്ച് ഫ്രഞ്ച് നിര നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് രണ്ടാം ഗോൾ പിറന്നത്. പോളണ്ട് ബോക്‌സിലേക്ക് ഫ്രാൻസ് നടത്തിയ മുന്നേറ്റത്തിനു തുടക്കമിട്ടത് ഒലിവർ ജിറൂഡ്. സ്വന്തം പകുതി പിന്നിടുമ്പോഴേയ്ക്കും ജിറൂഡ് നീട്ടിനൽകിയ പന്ത് ഒസ്മാൻ ഡെംബലയിലേക്ക്. മുന്നേറ്റത്തിനിടെ ഒന്ന് കട്ട് ചെയ്ത അകത്തേക്ക് കടന്ന ഡെംബലെ, പന്ത് എംബപ്പെയ്ക്ക് മറിച്ചു. സമയമെടുത്ത് എംബപ്പെ പായിച്ച ഷോട്ട് ഷെസ്‌നിയുടെ നീട്ടിയ കൈകൾക്കു മുകളിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിൽ തുളച്ചുകയറി.
ഖത്തർ ലോകകപ്പിന്റെ താരമാകാൻ താൻ മുൻനിരയിലുണ്ടെന്ന പ്രഖ്യാപനവുമായി ഒരിക്കൽക്കൂടി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ. മത്സരം മുഴുവൻ സമയം പിന്നിട്ട് ഇൻജറി ടൈമിലേക്ക് കടന്നതിനു തൊട്ടുപിന്നാലെയായിരുന്നു പോളണ്ടിന് 'ഇൻജറി' സമ്മാനിച്ച് എംബപെയുടെ രണ്ടാം ഗോൾ. ഇത്തവണ ഗോളിനു വഴിയൊരുക്കിയത് മാർക്കസ് തുറാം. ബോക്‌സിനുള്ളിൽ തുറാം നീട്ടിനൽകിയ പന്തിനെ കാലിൽക്കൊരുത്ത് എംബപെ പായിച്ച ബുള്ളറ്റ് ഷോട്ട്, പോളണ്ട് ഗോൾകീപ്പർ വോയ്‌ചെക് ഷെസ്‌നിയെ മറികടന്ന് വലയുടെ വലതു മൂലയിൽ തുളച്ചുകയറി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോൾ.
ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നാണ് പോളണ്ട് ആശ്വാസഗോൾ നേടിയത്. ഫ്രഞ്ച് ബോക്‌സിലേക്കെത്തിയ പോളണ്ട് മുന്നേറ്റം തടയുന്നതിനിടെ ദയോട്ട് ഉപമെകാനോ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനൽറ്റി. ലെവൻഡോവിസ്‌കി എടുത്ത ആദ്യ കിക്ക് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് തടഞ്ഞെങ്കിലും, കിക്കെടുക്കും മുൻപേ ഫ്രഞ്ച് താരങ്ങൾ ബോക്‌സിൽ പ്രവേശിച്ചതിനാൽ റഫറി വീണ്ടും പെനൽറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത ലെവൻഡോവിസ്‌കി പിഴവുകളില്ലാതെ പന്ത് വലയിലാക്കി. ഖത്തർ ലോകകപ്പിൽ അവസാന സെക്കൻഡിൽ ആശ്വാസഗോളുമായി പോളണ്ടിന് മടക്കം.
മാർച്ച് പത്തിന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് സെനഗൽ മത്സര വിജയികളാണ് ഫ്രാൻസിന്റെ എതിരാളികൾ. മൂന്നു ഗോളുകൾ വഴങ്ങിയെങ്കിലും, നിലവിലെ ചാംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് ലെവൻഡോവിസ്‌കിയുടെ പോളണ്ട് അൽ തുമാമ സ്റ്റേഡിയത്തിൽ പുറത്തെടുത്തത്. പക്ഷേ പരിചയ സമ്പത്തും താരങ്ങളുടെ വ്യക്തിഗത മികവും ചേർന്നതോടെ, പോളണ്ടിനെ മറികടന്ന് ഫ്രാൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തു.
സ്പോർട്സ് ഡെസ്ക്