ദോഹ: നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ഘട്ടത്തിൽ വീഴുന്ന സമീപകാലത്തെ ദുർവിധി മാറ്റി എഴുതിയപ്പോഴെ പ്രതീക്ഷിച്ചതാണ് ഈ ലോകകപ്പിൽ ഫ്രാൻസ് എന്തൊക്കെയോ കരുതി വച്ചിട്ടുണ്ട് ആരാധകരെ വിസ്മയിപ്പിക്കാൻ എന്ന്. മധ്യനിരയിലെ കരുത്തരായ എങ്കോളോ കാന്റെയും പോൾ പോഗ്‌ബെയും പ്രതീക്ഷയായിരുന്ന കരീം ബെൻസേമയും പരിക്കേറ്റുവീണതോടെ ഫ്രാൻസ് മുടന്തുമെന്ന് കരുതിയവർക്ക് തെറ്റി. പ്രീക്വാർട്ടറിൽ പോളണ്ടിനെയും വീഴ്‌ത്തി ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് മിന്നുന്ന പ്രകടനമാണ് ഖത്തർ ലോകകപ്പിൽ കാഴ്ചവെയ്ക്കുന്നത്.

പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ടീമിന്റെ മുന്നേറ്റത്തിൽ ഏറ്റവുമധികം കയ്യടി നേടുന്ന താരമാണ് കിലിയൻ എംബപ്പെ. കിലിയൻ എംബാപ്പെ മത്സരത്തിലുടനീളം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ ഒരു അസിസ്റ്റും നൽകി. നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ എംബാപ്പെ ലോകകപ്പിൽ ചരിത്രമെഴുതിക്കൊണ്ടിരിക്കുകയാണ്.



ജിറൂഡ്് നേടിയ ആദ്യ ഗോളിന് അസിസ്റ്റ് നൽകികൊണ്ടാണ് എംബാപ്പെ തുടങ്ങിയത്. രണ്ടാം പകുതിയിലെ 74-ാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ ആദ്യ ഗോളടിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടിക്കൊണ്ട് എംബാപ്പെ കത്തിക്കയറി. ഇതോടെ ഖത്തർ ലോകകപ്പിലെ ടോപ്പ്സ്‌കോറർ പട്ടികയിൽ ഒന്നാമതെത്താനും എംബാപ്പെക്കായി. അഞ്ച് ഗോളുകളാണ് ലോകകപ്പിലെ എംബാപ്പെയുടെ നേട്ടം.

ലോകകപ്പിലെ എംബാപ്പെയുടെ ആകെ ഗോൾനേട്ടം ഒമ്പതാണ്. കഴിഞ്ഞ ലോകകപ്പിൽ എംബാപ്പെ നാല് ഗോളുകളാണ് നേടിയത്. ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോൾ നേടുന്ന ആദ്യ ഫ്രാൻസ് താരം കൂടിയാണ് എംബാപ്പെ.



ഒരു ലോകകപ്പ് ടൂർണമെന്റിൽ ഫ്രാൻസിനായി അഞ്ച് തവണ വലകുലുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. 1958-ൽ ജസ്റ്റ് ഫൊണ്ടയിൻ 13-ഗോളുകൾ നേടിയിരുന്നു. പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജുകളിൽ അഞ്ച് ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായും ഈ 23-കാരൻ മാറി. ഇനി എംബാപ്പെയുടെ കാലമെന്ന് വിധിയെഴുതുന്നവർ പക്ഷെ ടീമിലെ 'ത്യാഗികളുടെ' പ്രകടനം കാണാതെ പോകരുത്.

എംബാപ്പെ ചരിത്രത്തിലേക്ക് കുതിക്കുമ്പോൾ ടീമിന് വേണ്ടി പൊസിഷൻ മാറാനുള്ള അന്റോയിൻ ഗ്രീസ്മാന്റെ തീരുമാനമാണ് ഫ്രഞ്ച് മുന്നേറ്റത്തിൽ നിർണായകമാവുന്നത്. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മിന്നും താരമാണ് അന്റോയിൻ ഗ്രീസ്മാൻ. ഫ്രാൻസിനായി ഏറ്റവും അധികം ഗോളുകൾ നേടിയിട്ടുള്ള മൂന്നാമത്തെ താരം എന്ന മേൽവിലാസം കൂടെ ഗ്രീസ്മാനുണ്ട്.

ഗോളടിക്കാൻ സ്വപ്നം കണ്ടാണ് എല്ലാ സ്‌ട്രൈക്കർമാരും ലോകകപ്പിനെത്തുന്നതെങ്കിലും ഇത്തവണ ഗ്രീസ്മാന് ചുമതല കളിമെനയുകയെന്നതാണ്. കരീം ബെൻസേമ പരിക്കേറ്റ് പുറത്തായതോടെയാണ് ഗ്രീസ്മാനെ മധ്യനിരയിലേക്ക് മാറ്റി കോച്ച് ദിദിയർ ദെഷാംസ് മറുതന്ത്രം മെനഞ്ഞത്. എംബപ്പെ, ജിറൂഡ്, ഡെംബലെ ത്രയത്തെ സഹായിക്കുകയാണ് ഖത്തറിൽ ഗ്രീസ്മാന്റെ ചുമതല.



പല താരങ്ങളും പൊസിഷൻ മാറ്റുന്ന തീരുമാനങ്ങളിൽ അസ്വസ്ഥരാകാറുണ്ടെങ്കിലും ഗ്രീസ്മാൻ കോച്ചിൽ പൂർണമായി വിശ്വസിക്കുകയാണ്. ടീം ആവശ്യപ്പെടുന്നത് നൽകാനാണ് താൻ കളിക്കുന്നതെന്ന് ഗ്രീസ്മാൻ തുറന്ന് പറയുന്നത്. മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള പാലമാവുകയാണ് ഇത്തവണ തന്റെ നിയോഗം. ഗോൾ സ്‌കോർ ചെയ്യാനാകാത്തതിൽ ആശങ്കയില്ലെന്നും മൂന്നാം ലോകകപ്പ് കളിക്കുന്ന ഗ്രീസ്മാൻ പറഞ്ഞു.

പരാതിയില്ലാതെ കോച്ചിന്റെ മനസിനൊപ്പം നിൽക്കാനുള്ള ഗ്രീസ്മാന്റെ തീരുമാനമാണ് ഫ്രഞ്ച് ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാകുന്നത്. മധ്യനിരയിലെ കരുത്തരായ എങ്കോളോ കാന്റെയും പോൾ പോഗ്‌ബെയും പരിക്കേറ്റ് പുറത്തായതും ഗ്രീസ്മാന് പുതിയ ചുമതല നൽകാൻ ദെഷാംസിനെ പ്രേരിപ്പിച്ചു. എന്തായാലും ഇതുവരെയുള്ള കളികളിൽ ഈ തന്ത്രം വിജയിക്കുന്നതാണ് കണ്ടത്. ഫ്രാൻസിനായി ഗ്രീസ്മാൻ 113 കളികളിൽ നിന്നായി 42 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിലെ വേഗക്കുതിപ്പ് ഫ്രാൻസ് തുടർന്നാൽ കിരീടം നിലനിർത്തുതും ദഷാംസിന്റെ കുട്ടികൾക്ക് വലിയ വെല്ലുവിളിയാകില്ല.