- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപ്പെ; മറികടന്നത് 60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ്; ഗോൾവേട്ടയിൽ മെസ്സിയുടെ നേട്ടത്തിനൊപ്പം; ക്വാർട്ടറിൽ വലചലിപ്പിച്ചാൽ ചരിത്രത്തിലേക്ക്
ദോഹ: റഷ്യൻ ലോകകപ്പിൽ പത്തൊമ്പതാം വയസിൽ ലോകജേതാക്കളായ ഫ്രഞ്ച് പടയുടെ ടോപ്പ് സ്‌കോററായി മാറി ചരിത്രം കുറിച്ച കിലിയൻ എംബാപ്പെ നാല് വർഷങ്ങൾക്കിപ്പറും ബ്രസീലിയൻ ഇതിഹാസ ഫുട്‌ബോൾ താരം പെലെയുടെ റെക്കോർഡ് തകർത്ത് പുതുചരിത്രം കുറിക്കുകയാണ്. 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് എംബാപ്പെയ്ക്ക് ഇനി സ്വന്തം. 60 വർഷം പഴക്കമുള്ള പെലെയുടെ റെക്കോർഡാണ് എംബാപ്പെ തിരുത്തിയത്. 23 കാരനായ എംബാപ്പെക്ക് ഇതുവരെ ലോകകപ്പിൽ 9 ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെ എന്നിവരെ പിന്തള്ളിയാണ് താരത്തിന്റെ നേട്ടം. പോളണ്ടിനെതിരെ 74-ാം മിനിറ്റിൽ നേടിയ ഗോളോടെ ഗോൾ വേട്ടയിൽ എംബാപ്പെ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി(8 ഗോൾ). രണ്ടാം ഗോൾ കൂടി നേടിയതോടെ റൊണാൾഡോയെ മറികടന്ന് അർജന്റീന നായകൻ മെസ്സിയുടെ നേട്ടത്തിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് കഴിഞ്ഞു(9 ഗോൾ). മെസ്സിയെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് നേട്ടം.
2018 ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ അരങ്ങേറ്റ എഡിഷനിൽ എംബാപ്പെ നാല് ഗോളുകൾ നേടിയിരുന്നു. ആ ടൂർണമെന്റിൽ പെറുവിനെതിരെ നേടിയ ആദ്യ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഗോൾ സ്‌കോറർ എന്ന നേട്ടം എംബാപ്പെയ്ക്ക് ചാർത്തികൊടുത്തു. ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യത്തെ ഫ്രഞ്ച് താരം കൂടിയാണ് എംബാപ്പെ.
ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് ശേഷം (1958ൽ 17 വയസ്സും 249 ദിവസം) ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ അഞ്ച് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് അദ്ദേഹം(23 വയസ്സും 349 ദിവസവും). ഓസ്ട്രേലിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഒരു ഗോളോടെയാണ് എംബാപ്പെ ഖത്തറിൽ അക്കൗണ്ട് തുറന്നത്. പോളണ്ടിനെതിരെ നേടിയ ഇരട്ടഗോളുകളോടെ, ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ എംബപെ മുന്നിലെത്തി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോളാണിത്.
റഷ്യൻ ലോകകപ്പിന് മുമ്പ് തന്നെ തന്റെ പേര് ഫുട്ബോൾ ലോകത്തിന് കളിക്കളത്തിലെ വേഗതയുടെയും ബുള്ളറ്റ് ഷോട്ടിലൂടെയും അവൻ പരിചയപ്പെടുത്തിയിരുന്നു. അത് ഒരിക്കൽ കൂടി അരക്കിട്ടിറുപ്പിക്കുകയായിരുന്നു അന്ന് എംബാപ്പെ ചെയ്തത്.
അതിനു നാല് വർഷങ്ങൾക്കിപ്പുറം ഖത്തറിലൊരു ലോകകപ്പ് വേദിയിൽ വീണ്ടും എംബാപ്പെ വിളികൾ ഉയർന്നുകേട്ട മത്സരമാണ് ഇപ്പോൾ ഫ്രാൻസ്-പോളണ്ട് പോരാട്ടം. ഫ്രാൻസ് നേടിയ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരികെവരാൻ പോളണ്ട് കിണഞ്ഞു ശ്രമിക്കുമ്പോഴാണ് 74-ാം മിനിറ്റിൽ പോളണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഒരു കിടിലൻ ഷൂട്ട് പിറന്നത്. ഡംബാലെ നൽകിയ പാസ് എംബാപ്പെയുടെ കരുത്തും കൂടെ ആവാഹിച്ച് പോസ്റ്റിലേക്ക് നിറയൊഴിക്കപ്പെട്ടു.
ഫ്രാൻസ് വേട്ട നിർത്തിയെന്ന് ആരാധകർ കരുതിയപ്പോഴാണ് അധികസമയത്തിന്റെ ആദ്യ മിനിറ്റിൽ തുറാം നൽകിയ പാസിൽ ഒരിക്കൽ കൂടി എംബാപ്പെ പോളണ്ടിനെ ഞെട്ടിച്ചത്. തന്റെ വലംകാലിൽ നിന്ന പിറന്ന ആ ഷോട്ടിലൂടെ ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്തെത്തി. അഞ്ച് ഗോളുകളാണ് എംബാപ്പെ ഇതുവരെ നേടിയത്. അഞ്ചും ഫീൽഡ് ഗോളുകളുമായിരുന്നു.
സ്പോർട്സ് ഡെസ്ക്