- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ത്രീ ഗോൾസ്, ത്രീ ലയൺസ്!; തുടക്കമിട്ട് ഹെൻഡേഴ്സൻ; ലീഡ് ഉയർത്തി ഹാരി കെയ്ൻ; പട്ടിക തികച്ച് ബുകായോ സാക്ക; അൽ ബെയ്ത്തിൽ ഇംഗ്ലണ്ടിന്റെ ഗോളടിമേളം; അവസരങ്ങൾ തുലച്ച് തലകുനിച്ച് സെനഗൽ; ആഫ്രിക്കൻ കരുത്തരെ വീഴ്ത്തി സൗത്ത്ഗേറ്റിന്റെ സംഘം; ക്വാർട്ടറിൽ ഫ്രാൻസിന് കടുപ്പമേറുമോ ഇംഗ്ലീഷ് പരീക്ഷ
ദോഹ: ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ കീഴടക്കി ഇംഗ്ലണ്ട് ക്വാർട്ടറിൽ. ആദ്യപകുതിയിൽ രണ്ടു ഗോളിന്റെ ലീഡെടുത്ത ഇംഗ്ലണ്ട്, രണ്ടാം പകുതിയുടെ തുടക്കത്തിൽ മൂന്നാം ഗോളുമടിച്ച് അവസാന എട്ടിൽ ഇടംപിടിച്ചു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ പ്രതീക്ഷിച്ച അത്ഭുതങ്ങളൊന്നും കാഴ്ചവയ്ക്കാതെയാണ് അലിയോ സിസ്സെയുടെ സെനഗൽ മടങ്ങുന്നത്. ജോർദാൻ ഹെൻഡേഴ്‌സൺ, ഹാരി കെയ്ൻ, ബുകായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറർമാർ. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നിൽ പകച്ചുപോയ ആഫ്രിക്കൻ രാജാക്കന്മാർക്ക് ലഭിച്ച സുവർണാവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാതെ കണ്ണീരോടെയാണ് മടങ്ങുന്നത്. ക്വാർട്ടറിൽ ഫ്രാൻസാണ് ഇംഗ്ലണ്ടിന് എതിരാളികൾ.
മത്സരത്തിന്റെ തുടക്കത്തിൽ സെനഗലിന്റെ വീറുറ്റ ആക്രമണമാണ് കണ്ടത്. ഇംഗ്ലണ്ട് താരങ്ങൾ മികച്ച പ്രത്യാക്രമണത്തിലൂടെ സെനഗലിന്റെ ഗോൾമുഖവും വിറപ്പിച്ചു. എന്നാൽ കലിദു കുലിബലിയുടെ നേതൃത്വത്തിലുള്ള സെനഗൽ പ്രതിരോധം ഉറച്ച് നിന്നതോടെ ഫൈനൽ തേർഡിൽ മികച്ച പ്രകടനം നടത്താൻ ഇംഗ്ലണ്ട് താരങ്ങൾക്ക് തുടക്കത്തിൽ സാധിച്ചില്ല.
കളിപിടിച്ച സെനഗൽ മികച്ച മുന്നേറ്റങ്ങൾ ആദ്യ പകുതിയിൽ പുറത്തെടുക്കുകയും ചെയ്തു. നാലാം മിനിറ്റിൽ തന്നെ സെനഗലിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചിരുന്നു. ബുലായെ ഡിയയ്ക്ക് ലഭിച്ച ഒരു ത്രൂബോളിൽ നിന്നായിരുന്നു അത്. പന്തുമായി ജോൺ സ്റ്റോൺസിനും ഹാരി മഗ്വെയർക്കും ഇടയിലൂടെ മുന്നേറിയ ഡിയക്ക് ഷൂട്ട് ചെയ്യാൻ അവസരം ലഭിക്കും മുമ്പ് മഗ്വെയറുടെ നിർണായക ടച്ച് ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി.
പിന്നാലെ ആക്രമണങ്ങൾ കടുപ്പിച്ച സെനഗൽ 22-ാം മിനിറ്റിൽ അടുത്ത അവസരം സൃഷ്ടിച്ചു. മഗ്വെയറിൽ നിന്ന് പന്ത് റാഞ്ചിയ ക്രെപിൻ ഡയാറ്റയാണ് അവസരമൊരുക്കിയത്. ഡയാറ്റയുടെ ക്രോസിൽ നിന്ന് ഡിയക്ക് ഷോട്ടിന് സാധിച്ചില്ല. എന്നാൽ കുത്തിയുയർന്ന പന്ത് ഓടിയെത്തിയ ഇസ്മയ്ല സാർ ഗോളിലേക്ക് തൊടുത്തെങ്കിലും പന്ത് പുറത്തേക്ക് പോകുകയായിരുന്നു.
തുടർന്ന് 31-ാം മിനിറ്റിൽ ഇംഗ്ലണ്ട് ഞെട്ടിയ നിമിഷമെത്തി. സാക്കയുടെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ സാറിൽ നിന്ന് പന്ത് ബുലായെ ഡിയയിലേക്ക്. ഡിയയുടെ ഗോളെന്നുറച്ച ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് അവിശ്വസനീയമായി തട്ടിയകറ്റുകയായിരുന്നു.
എന്നാൽ 38-ാം മിനിറ്റിൽ ജോർദൻ ഹെൻഡേഴ്സനിലൂടെ ഇംഗ്ലണ്ട് സെനഗൽ പ്രതിരോധം ഭേദിച്ചു. ഹാരി കെയ്ൻ ജൂഡ് ബെല്ലിങ്ങാമിന് നീട്ടിനൽകിയ പന്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. സെനഗൽ ഡിഫൻഡർമാരെ വെട്ടിച്ച് മുന്നേറി ബെല്ലിങ്ങാം കട്ട്ബാക്ക് ചെയ്ത് നൽകിയ പന്ത് ഹെൻഡേഴ്സൻ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മത്സരം സെനഗലിന്റെ കയ്യിൽ നിന്നും ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് വഴിമാറി.
കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്‌കോററായിട്ടും ഇത്തവണ ഗോളൊന്നും നേടാനാകാത്തതിന്റെ നിരാശ തീർത്ത് ക്യാപ്റ്റൻ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനായി രണ്ടാം ഗോൾ നേടിയത്. ഒരിക്കൽക്കൂടി അതിവേഗ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. സ്വന്തം പകുതിയിൽനിന്ന് പന്തു പിടിച്ചെടുത്ത് ജൂഡ് ബെല്ലിങ്ങാമാണ് ഇക്കുറി മുന്നേറ്റത്തിനു തുടക്കമിട്ടത്. മധ്യത്തിലൂടെ പന്തുമായി മുന്നേറിയ ബെല്ലിങ്ങാം, അത് ഫിൽ ഫോഡനു മറിച്ചു. ഫോഡൻ ഞൊടിയിടയ്ക്കുള്ളിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ക്യാപ്റ്റൻ കെയ്‌ന് പന്തു നൽകി. പോസ്റ്റിനു മുന്നിൽ ആവശ്യത്തിനു സമയം ലഭിച്ച കെയ്‌നിന്റെ ഷോട്ട് എഡ്വാർഡ് മെൻഡിയെ മറികടന്ന് വലയിലേക്ക്.
57ാം മിനിറ്റിൽ യുവതാരം ബുകായോ സാകയാണ് ഇംഗ്ലണ്ടിനായി മൂന്നാം ഗോൾ നേടിയത്. ഫിൽ ഫോഡന്റെ പാസിൽ നിന്നായിരുന്നു സാകയുടെ ഗോൾ. സെനഗൽ ബോക്‌സ് ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ക്യാപ്റ്റൻ ഹാരി കെയ്‌നു നിയന്ത്രണം നഷ്ടമായ പന്ത് പിടിച്ചെടുത്ത് ഫിൽ ഫോഡൻ ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളിൽ കലാശിച്ചത്. പന്തുമായി കുതിച്ചോടിയ ഫോഡൻ, ബോക്‌സിനു പറത്തുവച്ച് അത് ഗോൾമുഖത്തേക്ക് മറിച്ചു. പോസ്റ്റിനു സമാന്തരമായെത്തിയ പന്തിന് ഓടിയെത്തിയ ബുകായോ സാക വലയിലേക്ക് വഴികാട്ടുമ്പോൾ, ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഖത്തർ ലോകകപ്പിൽ ബുകായോ സാകയുടെ മൂന്നാം ഗോൾ.
മുപ്പത്താറാം വയസ്സിൽ യുഎസ്എസ്ആറിനെതിരെ 1958 ലോകകപ്പിൽ ഗോൾ നേടിയ ടോം ഫിന്നിക്കുശേഷം, ഇംഗ്ലണ്ടിനായി ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമാണ് മുപ്പത്തിരണ്ടുകാരനായ ഹെൻഡേഴ്‌സൻ. ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളിലും നിർണായക സാന്നിധ്യമായ ജൂഡ് ബെല്ലിങ്ങാം, മൈക്കൽ ഓവനുശേഷം ഇംഗ്ലണ്ടിനായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യ ഇലവനിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി. 2022 ലോകകപ്പിൽ ആദ്യപകുതിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന നേട്ടം ഇംഗ്ലണ്ടിനായി. നാലു കളികളിൽനിന്ന് അഞ്ച് ഗോളുകളാണ് അവരുടെ സമ്പാദ്യം. ഈ ഗോളുകളെല്ലാം 30 മിനിറ്റിനുശേഷം പിറന്നവയാണെന്ന പ്രത്യേകതയുമുണ്ട്.
അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയ്ൽസിനെ തോൽപ്പിച്ച ടീമിൽ ഒരേയൊരു മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് സെനഗലിനെതിരെ ഇറങ്ങിയത്. വെയ്ൽസിനെതിരെ ഗോൾ നേടിയ മാർക്കസ് റാഷ്ഫഡിനു പകരം ബുകായോ സാക ആദ്യ ഇലവനിലെത്തി. ഇറാനെതിരായ ആദ്യ മത്സരത്തിൽ സാക ഇരട്ടഗോൾ നേടിയിരുന്നു. കുടുംബപരമായ കാരണങ്ങളാൽ റഹിം സ്റ്റെർലിങ് കളിച്ചില്ല.
സ്പോർട്സ് ഡെസ്ക്