ദോഹ: ഓരോ ലോകകപ്പിലെയും ഏറ്റവും ഫേവറിറ്റുകളായ ടീമുകളുടെ മുൻനിരയിൽ അർജന്റീനയും ബ്രസീലുമാണ് ഏപ്പോഴും ഉണ്ടാകാറുള്ളത്. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യം തന്നെയാണ് ആരാധനയ്ക്ക് പിന്നിൽ. അർജന്റീന ലോകകപ്പിൽ വിജയക്കുതിപ്പ് നടത്തുമ്പോൾ ആർപ്പുവിളിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. ലാറ്റിനമേരിക്കൻ ടീം വീണ്ടും ഒരിക്കൽകൂടി ലോകകപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നരാണ് ആരാധകരിൽ ഏറെയും. അത് ഇതിഹാസ താരം ലയണൽ മെസിയോടുള്ള ആരാധന കൊണ്ടുകൂടിയാണ്.

ലോകമെമ്പാടും എമ്പാടും ആരാധകരുള്ള മെസിയെ അടുത്ത് കിട്ടിയാൽ സെൽഫി എടുക്കാത്തവർ തന്നെ കുറവാണ്. കാണികളായാലും എതിർടീമിലെ കളിക്കാരായാലും സെൽഫിക്കായി മത്സരിക്കും. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീനയോട് പരാജയപ്പെട്ട ശേഷം ലയണൽ മെസിക്കൊപ്പം ഫോട്ടോയെടുത്താൻ എത്തിയത് നിരവധി ഓസ്‌ട്രേലിയൻ താരങ്ങൾ. മെസി വരുന്നതും കാത്ത് ഡ്രെസിങ് റൂമിൽ കാത്തുനിൽക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഏഴോളം ഓസ്‌ട്രേലിയൻ താരങ്ങളാണ് മെസിക്കെപ്പം ചിത്രമെടുക്കാൻ എത്തിയത്.

ക്രെയ്ഗ് ഗുഡ്‌വിൻ, കീനു ബക്കസ്, ജോയൽ കിങ്, മാർക്കോ ടിലിയോ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. സെൽഫി വീഡിയോ ഇപ്പോൾ ഫു്ടബോൾ പ്രേമികൾക്കിടയിൽ തരംഗമാണ്. അർജന്റീനയുടെ ഡ്രസ്സിങ് റൂമിന് പുറത്ത് കാത്തുനിന്ന ഓസ്‌ട്രേലിയൻ താരങ്ങളാണ് മെസ്സിക്കൊപ്പം സെൽഫി എടുത്തത്. പരിഭവങ്ങളൊന്നുമില്ലാതെ ചിരിച്ചുകൊണ്ടാണ് മെസി, തന്റെ മുന്നിലെത്തിയവരെ തൃപ്തിപ്പെടുത്തിയത്.

അതേസമയം, പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. ആദ്യപകുതിയിലെ ലിയോണൽ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റിൽ ജൂലിയൻ അൽവാരസിലൂടെ അർജന്റീന ലീഡ് രണ്ടാക്കിയപ്പോൾ 77-ാം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് ഓൺഗോൾ വഴങ്ങിയത് മാത്രമാണ് മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് ആശ്വസിക്കാനുള്ള വക നൽകിയത്.

ക്വാർട്ടറിൽ ഡിസംബർ 9ന് നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളികൾ. ഖത്തർ ലോകകപ്പിൽ തന്റെ പ്രതിഭ മുഴുവൻ പുറത്തെടുത്തപ്പോൾ ഒരിക്കൽക്കൂടി അർജന്റീനയുടെ രക്ഷകനായി മാറുകയായിരുന്നു ലിയോണൽ മെസി. കളിച്ചും കളിപ്പിച്ചും കളിക്കളം വാണ മെസിയാണ് ഇത്തവണയും മാൻ ഓഫ് ദി മാച്ച്. പതിവിലും ശാന്തനായിരുന്നു ലിയോണൽ മെസി. നോക്കൗട്ടിന്റെ സമ്മർദമോ അർജൻന്റൈൻ പ്രതീക്ഷകളുടെ ഭാരമോ ആയിരാമത്തെ മത്സരത്തിന്റെ പിരിമുറുക്കമോ ആ മുഖത്തുണ്ടായിരുന്നില്ല.

ഖത്തറിൽ അർജന്റീന ലോക കിരീടമെന്ന സ്വപ്നം പൂത്ത് തളിർക്കുന്നത് മെസിയുടെ ഇടങ്കാലിനെ ചുറ്റിപ്പറ്റിയാണ്. ആഹ്‌ളാദാരവങ്ങൾക്കുള്ള കാത്തിരിപ്പിന്റെ കെട്ടുപൊട്ടിക്കാൻ മെസിക്ക് മത്സരം തുടങ്ങി വെറും 35 മിനിറ്റേ വേണ്ടിവന്നുള്ളൂ. സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്തുംപോലെ, മഞ്ഞക്കൂപ്പായക്കൂട്ടത്തിന് ഇടയിലൂടെ കവിത പോലെ മനോഹരമായ ഗോൾ പിറന്നു. ലോകകപ്പിൽ മെസിയുടെ ഒൻപതാം ഗോളാണ് ഓസ്‌ട്രേലിയക്കെതിരെ അടിച്ചത്. എട്ട് ഗോൾ നേടിയ മറഡോണ ഇനി മെസിക്ക് പിന്നിലാണ്. മുന്നിലുള്ളത് പത്തു ഗോളുള്ള ബാറ്റിസ്റ്റ്യൂട്ട മാത്രം.