ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചെങ്കിലും മോശം പ്രകടനം മൂലം ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്‌ളോപ്പ് ഇലവനിൽ ഇടം പിടിച്ചിരിക്കുകയാണ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകടനം വിലയിരുത്തി ഒരോ കളിക്കാരനും റേറ്റിങ് പോയന്റ് നൽകി സോഫാസ്‌കോർ നടത്തിയ സർവേയിൽ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാൾഡോയും ഇതിൽ ഇടം നേടിയത്. അതിനിടെ സ്വിറ്റ്‌സർലാൻഡിനെതിരെയുള്ള പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകർ.

പോർച്ചുഗീസ് സ്പോർട്സ് പത്രമായ എ ബോല നടത്തിയ ഒരു സർവേയിൽ 70 ശതമാനം ആരാധകരും റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്തിനാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നത്. അദ്ദേഹം ക്ലബ്ബിൽ പോലും സ്റ്റാർട്ടർ ആയിരുന്നില്ലെന്ന് ഒരു ആരാധകൻ പറഞ്ഞതായി എ ബോല റിപ്പോർട്ട് ചെയ്തു.

മാഞ്ചസ്റ്ററിൽ നടന്ന സംഭവങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോയെ ടീമിലേക്ക് വിളിക്കാൻ പോലും പാടില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന് നായകാനാകൻ അവസരം ലഭിച്ചു. പക്ഷേ ഇപ്പോൾ ഒരു തടസമായാണ് നിൽക്കുന്നത്. അദ്ദേഹം സ്വയം നിർമ്മിച്ച പ്രതിച്ഛായ തകർക്കുകയാണ്. ഇത് സിആർ7 അല്ല, സിആർ37 ആണെന്ന് മറ്റൊരു ആരാധകർ പറഞ്ഞതായും പോർച്ചുഗീസ് പത്രം റിപ്പോർട്ട് ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തിൽ പെനൽറ്റിയിലൂടെ ഘാനക്കെതിരെ ഗോൾ നേടിയിരുന്നു. എന്നാൽ, ഉറുഗ്വെക്കെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ തന്റെ തലയിൽ തട്ടിയാണ് ഗോളായതെന്ന് റൊണാൾഡോ അവകാശവാദം ഉന്നയിച്ചത് വിവാദമായി. പിന്നാലെ പോർച്ചുഗൽ തോൽവി ഏറ്റുവാങ്ങി ദക്ഷിണ കൊറിയക്കെതിരെ തീർത്തും നിറം മങ്ങിയ പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. കൊറിയ സമനില ഗോൾ നേടിയത് റൊണാൾഡോയുടെ പിഴവിൽ നിന്നായിരുന്നു.

ലോകകപ്പിൽ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് താരത്തിനെതിരെ വിമർശനം കടുത്തിരിക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്‌ളോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉൾപ്പെട്ടിരിക്കുന്നത്. ലോകത്തിലെ പ്രധാന ടൂർണമെന്റുകളിലെ കളിക്കാരുടെ പ്രകടനം വിലയിരുത്തി അവർക്ക് റേറ്റിങ് നൽകുന്ന ഏജൻസിയാണ് ക്രൊയേഷ്യയിലെ സാഗ്രെബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫാസ്‌കോർ. ലോകകപ്പ് ഗ്രൂപ്പ് ഘടത്തിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് സോഫാസ്‌കോർ റൊണാൾഡോക്ക് നൽകിയിരിക്കുന്ന റേറ്റിങ് 6.37 മാത്രമാണ്.

കാനഡയിൽ നിന്നും കോസ്റ്റോറിക്കയിൽ നിന്നും രണ്ട് പേരും സൗദി അറേബ്യ, ഓസ്‌ട്രേലിയ പോർച്ചുഗൽ ടീമുകളിൽ നിന്ന് ഓരോ കളിക്കാരുമാണ് മോശം ഇലവനിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ പെനൽറ്റിയിലൂടെ ഘാനക്കെതിരെ ഗോൾ നേടിയിരുന്നു. യുറുഗ്വേക്കെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിൽ തന്റെ തലയിൽ തട്ടിയാണ് ഗോളായതെന്ന് റൊണാൾഡോ അവകാശപ്പെട്ടിരുന്നു.

കൊറിയക്കെതിരായ മത്സരത്തിൽ നിറം മങ്ങിയ റൊണാൾഡോയെ കോച്ച് 65-ാം മിനിറ്റിൽ തിരിച്ചുവിളിച്ചിരുന്നു. ഇതിൽ റൊണാൾഡോ രോഷം കൊണ്ടെങ്കിലും താൻ ദക്ഷിണ കൊറിയൻ താരത്തോടാണ് ദേഷ്യപ്പെട്ടതെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു.