ദോഹ: ലോകകപ്പിലെ ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനും ക്രൊയേഷ്യയും ഓരോ ഗോൾ വീതം അടിച്ച് ഒപ്പത്തിനൊപ്പം. ആദ്യ പകുതിയുടെ 43ാം മിനിറ്റിൽ ഡയ്‌സൻ മയേഡ ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 55ാം മിനിറ്റിൽ പെരിസിച്ച് നേടിയ തകർപ്പൻ ഹെഡർ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ മുഴുവൻ സമയം പിന്നിടുമ്പോൾ ഇരു ടീമുകളും തുല്യത പാലിച്ചതോടെ ഖത്തർ ലോകകപ്പിൽ ആദ്യമായി ഒരു മത്സരം അധിക സമയത്തേക്ക് നീണ്ടു. ദെയാൻ ലോവ്റെന്റെ പാസിൽ നിന്നാണ് പെരിസിച്ച് ലക്ഷ്യം കണ്ടത്. ഡയ്‌സൻ മയേഡ 43ാം മിനിറ്റിൽ നേടിയ ഗോളിൽ ആദ്യ പകുതിയിൽ ജപ്പാൻ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ജപ്പാൻ ബോക്‌സിൽ ക്രൊയേഷ്യ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു 55ാം മിനിറ്റിലെ അവരുടെ സമനില ഗോൾ. ജപ്പാൻ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവിൽ ബോക്‌സിലേക്ക് ദെയാൻ ലോവ്റെന്റെ തകർപ്പൻ ക്രോസ്. ഉയർന്നുചാടിയ പെരിസിച്ച് പന്തിന് പോസ്റ്റിന്റെ വലതു മൂലയിലേക്ക് വഴികാട്ടി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ ആദ്യപകുതിയിൽ, ഡയ്‌സൻ മയേഡ നേടിയ ഗോളാണ് ജപ്പാന് ലീഡ് സമ്മാനിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ്, 43ാം മിനിറ്റിലാണ് മയേഡ ലക്ഷ്യം കണ്ടത്. ആദ്യപകുതിയിൽ ഇരു ടീമുകളും മത്സരിച്ച് അവസരങ്ങൾ പാഴാക്കുന്നതിനിടെയാണ് ജപ്പാൻ ലീഡെടുത്തത്.

ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് അവരുടെ ആദ്യ ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. പന്ത് നേരെ ബോക്‌സിലേക്ക് ഉയർത്തിവിടുന്നതിനു പകരം ജപ്പാൻ എടുത്തത് ഷോർട്ട് കോർണർ. പരസ്പരം പന്തു കൈമാറി നടത്തിയ നീക്കത്തിനൊടുവിൽ റിറ്റ്‌സു ഡൊവാന്റെ ക്രോസ് ക്രൊയേഷ്യൻ ബോക്‌സിലേക്ക്. ഉയർന്നുചാടിയ യോഷിദ പന്ത് നേരെ പോസ്റ്റിനു മുന്നിലേക്കിട്ടു. ഓടിയെത്തിയ മയേഡയുടെ ഷോട്ട് വലയിലേക്ക്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി. പന്തു പോയത് പുറത്തേക്ക്. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കും ലഭിച്ചു ഒരു സുവർണാവസരം. ജപ്പാൻ പ്രതിരോധനിര താരം തകേഹിരോ തോമിയാസുവിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഇവാൻ പെരിസിച്ചിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.

13ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിന് സമാന്തരമായി എത്തിയ ഉജ്വല ക്രോസിന് കാലുവയ്ക്കാൻ ജപ്പാൻ താരങ്ങൾക്ക് സാധിക്കാതെ പോയി. താരങ്ങളുടെ ഉയരക്കുറവ് ജപ്പാന് മത്സരത്തിലുടനീളം സെറ്റ്പീസുകൾ പ്രതിരോധിക്കുന്നതിന് തടസമായിരുന്നു. ആദ്യ പകുതിയിൽ പലപ്പോഴും ഈ ആനുകൂല്യം മുതലെടുക്കാനായിരുന്നു ക്രൊയേഷ്യയുടെ ശ്രമങ്ങൾ.