ദോഹ: പതിമൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകൾ. ദക്ഷിണ കൊറിയയ്ക്ക് എതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിന് സ്വപ്‌നതുല്യമായ മുൻതൂക്കം നൽകി ടിറ്റെയുടെ കുട്ടികൾ. കാമറൂണിനെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോൽവിയുടെ ഞെട്ടലിൽനിന്നും കുതിച്ചുയർന്ന കാനറികൾ തുടക്കം മുതൽ കൊറിയൻ ബോക്‌സിലേക്ക് ഇരമ്പിക്കയറി. എട്ടാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയർ ബ്രസീലിനെ മുന്നിലെത്തിച്ചു. പതിമൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സൂപ്പർതാരം നെയ്മാർ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ മിനിറ്റു മുതൽ ഗോളിനായി സമ്മർദ്ദം ചെലുത്തി മുന്നേറിയാണ് ബ്രസീൽ തുടക്കത്തിൽത്തന്നെ ലീഡെടുത്തത്.



വലതുവിങ്ങിലൂടെ റാഫീഞ്ഞ നടത്തിയ ഉജ്വലമായൊരു മുന്നേറ്റത്തിന്റെ ബാക്കിപത്രമായിരുന്നു ബ്രസീലിന്റെ ഗോൾ. വലതുവിങ്ങിൽനിന്ന് കട്ട് ചെയ്ത് നൽകിയ പന്ത് തിരികെ വാങ്ങി ബോക്‌സിനുള്ളിലേക്ക് കടന്ന റാഫീഞ്ഞ പന്ത് നേരെ പോസ്റ്റിനു സമാന്തരമായി നീട്ടിനൽകി. റിച്ചാർലിസനും പക്വേറ്റയും ഉൾപ്പെടെയുള്ളവർക്ക് എത്തിപ്പിടിക്കാനാകാതെ പോയ പന്ത് നേരെ ബോക്‌സിനുള്ളിൽ ഇടതുഭാഗത്ത് വിനീസ്യൂസ് ജൂനിയറിന്. പന്തുമായി അൽപനേരം കാത്തുനിന്ന താരം, ഉന്നംപിടിച്ച് പന്ത് വലയിലേക്ക് പറഞ്ഞയച്ചു.



അഞ്ച് മിനിറ്റിനുള്ളിൽ ബ്രസീൽ രണ്ടാം ഗോളും നേടി. ഇത്തവണ ലക്ഷ്യം കണ്ടത് പരുക്കിൽനിന്ന് വിമുക്തനായി കളത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം നെയ്മാർ. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനൽറ്റിയിൽ നിന്നായിരുന്നു സൂപ്പർതാരത്തിന്റെ ഗോൾ. ആദ്യ ഗോളിനു പിന്നാലെ കൊറിയൻ ബോക്‌സിലേക്ക് ഇരച്ചുകയറിയ ബ്രസീൽ താരങ്ങളെ തടയാനുള്ള ശ്രമത്തിനിടെ റിച്ചാർലിസനെ കൊറിയൻ താരം വീഴ്‌ത്തി. കിക്കെടുത്ത നെയ്മാർ, അനായാസം ലക്ഷ്യം കണ്ടു.



കാമറൂണിനെതിരായ മത്സരത്തിൽ തോറ്റ രണ്ടാം നിര ടീമിനെ വീണ്ടും ബെഞ്ചിലേക്കു മാറ്റിയ ബ്രസീൽ പരിശീലകൻ ടിറ്റെ, ആകെ വരുത്തിയത് 10 മാറ്റങ്ങൾ. കാമറൂണിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിലുണ്ടായിരുന്നവരിൽ സ്ഥാനം നിലനിർത്തിയത് ഏദർ മിലിട്ടാവോ മാത്രം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച ടീമിൽ ദക്ഷിണകൊറിയ രണ്ടു മാറ്റങ്ങൾ വരുത്തി.

സെർബിയയ്‌ക്കെതിരായ മത്സരത്തിൽ കണങ്കാലിനു പരുക്കേറ്റ നെയ്മാർ അടുത്ത രണ്ടു മത്സരങ്ങളും കളിച്ചിരുന്നില്ല. നെയ്മാർ തിരിച്ചെത്തിയെങ്കിലും സ്‌ട്രൈക്കർ ഗബ്രിയേൽ ജിസ്യൂയും ഡിഫൻഡർ അലക്‌സ് ടെല്ലസും പരുക്കേറ്റു പുറത്തായത് ടീമിനു തിരിച്ചടിയാണ്.

പ്രതീക്ഷിച്ചതുപോലെ സൂപ്പർതാരം നെയ്മാർ ഉൾപ്പെടെയുള്ളവരെ ബ്രസീൽ ടീമിൽ തിരിച്ചെത്തിച്ച ടിറ്റെ സർവ സന്നാഹങ്ങളുമായാണ് കൊറിയയെ നേരിടുന്നത്. കാമറൂണിനെതിരായ മത്സരത്തിൽ തോറ്റ രണ്ടാം നിര ടീമിൽ അടിമുടി മാറ്റം വരുത്തിയ പരിശീലകൻ ടിറ്റെ, നിലനിർത്തിയത് ഏദർ മിലിട്ടാവോയെ മാത്രം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച ടീമിൽ ദക്ഷിണകൊറിയ രണ്ടു മാറ്റങ്ങൾ വരുത്തി.

സെർബിയയ്‌ക്കെതിരായ മത്സരത്തിൽ കണങ്കാലിനു പരുക്കേറ്റ നെയ്മാർ അടുത്ത രണ്ടു മത്സരങ്ങളും കളിച്ചിരുന്നില്ല. നെയ്മാർ തിരിച്ചെത്തിയെങ്കിലും സ്‌ട്രൈക്കർ ഗബ്രിയേൽ ജിസ്യൂയും ഡിഫൻഡർ അലക്‌സ് ടെല്ലസും പരുക്കേറ്റു പുറത്തായത് ടീമിനു തിരിച്ചടിയാണ്.

അവസാന മത്സരത്തിൽ കാമറൂണിനെതിരെ തോറ്റെങ്കിലും ഗ്രൂപ്പ് ജി ചാംപ്യന്മാരായാണ് ബ്രസീൽ പ്രീക്വാർട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് നേടി. മൂന്ന് ഗോൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. മുന്നേറ്റനിര ശക്തമാണ്. റിസർവ് താരങ്ങളെ പരീക്ഷിച്ച മത്സരത്തിലാണ് കാമറൂണിനെതിരെ തോറ്റത്.