ദോഹ: ഗോൾമഴ പെയ്തിറങ്ങിയ ആദ്യ പകുതി. പ്രതിരോധവും ആക്രമണവും ഇഴചേർന്ന രണ്ടാം പകുതി. ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോളും.... ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ മനോഹാരിത കണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ബ്രസീൽ ക്വാർട്ടറിൽ.

പോർച്ചുഗലിനെ വീഴ്‌ത്തിയ കൊറിയൻ ത്രില്ലർ പ്രതീക്ഷിച്ചെത്തിയ കടുത്ത കൊറിയൻ ആരാധകരെ തുടക്കത്തിലെ നിരാശരാക്കി മഞ്ഞപ്പടയുടെ മുന്നേറ്റമാണ് തുടക്കം മുതൽ കണ്ടത്. കാമറൂണിനെതിരേ അടിതെറ്റിയപ്പോൾ തലപൊക്കിയ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ടിറ്റെയുടെ കുട്ടികൾ ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിന് ഒരിക്കൽ കൂടി കാട്ടിയത്. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ദക്ഷിണകൊറിയയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ അവസാന എട്ടിലെത്തിയത്. അട്ടിമറി സ്വപ്നവുമായി എത്തിയ കൊറിയയെ ബ്രസീൽ നിലം തൊടാൻ അനുവദിച്ചില്ല. ക്വാർട്ടറിൽ ക്രൊയേഷ്യയാണ് മഞ്ഞപ്പടയുടെ എതിരാളികൾ.

ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി. ഡിസംബർ ഒൻപതിന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. പ്രീക്വാർട്ടറിൽ പൊരുതിക്കളിച്ച ജപ്പാനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ക്രൊയേഷ്യ ക്വാർട്ടറിലെത്തിയത്. ബ്രസീലിനായി 123ാം മത്സരം കളിച്ച നെയ്മാറിന്റെ 76ാം ഗോളാണ് കൊറിയയ്ക്കെതിരെ പിറന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ നെയ്മാറിനു വേണ്ടത് ഒരേയൊരു ഗോൾകൂടി മാത്രം.



ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലേതിന് സമാനമായി ബ്രസീലിന്റെ അതിവേഗ നീക്കങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ഹൈ പ്രസിംഗിന് പോകാതെ, പ്രതിരോധത്തിൽ വിള്ളലുകൾ വരാതെ മുൻകരുതൽ സ്വീകരിക്കുകയായിരുന്നു ദക്ഷിണ കൊറിയ. എന്നാൽ, ബ്രസീലിന്റെ കനത്ത ആക്രമണത്തെ പിടിച്ച് നിർത്താൻ അതൊന്നും പോരായെന്ന് കൊറിയൻ സംഘം തിരിച്ചറിഞ്ഞു.

ഏഴാം മിനിറ്റിൽ തന്നെ കാനറികൾ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് സ്വന്തമാക്കി. ബോക്‌സിന്റെ വലതുഭാഗത്ത് നിന്നുള്ള റാഫീഞ്ഞയുടെ പാസ് നടുഭാഗത്തെ കൂട്ടിയിടികൾക്കൊടുവിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന വിനീഷ്യസിലേക്കാണ് എത്തിയത്. ആവശ്യത്തിന് സമയം ലഭിച്ച റയൽ മാഡ്രിഡ് താരം അതി സുന്ദരമായി പന്ത് വലയിലെത്തിച്ചു.



വലതുവിങ്ങിലൂടെ റാഫീഞ്ഞ നടത്തിയ ഉജ്വലമായൊരു മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിവച്ചത്. വലതുവിങ്ങിൽനിന്ന് കട്ട് ചെയ്ത് നൽകിയ പന്ത് തിരികെ വാങ്ങി ബോക്‌സിനുള്ളിലേക്ക് കടന്ന റാഫീഞ്ഞ പന്ത് നേരെ പോസ്റ്റിനു സമാന്തരമായി നീട്ടിനൽകി. റിച്ചാർലിസനും പക്വേറ്റയും ഉൾപ്പെടെയുള്ളവർക്ക് എത്തിപ്പിടിക്കാനാകാതെ പോയ പന്ത് നേരെ ബോക്‌സിനുള്ളിൽ ഇടതുഭാഗത്ത് വിനീസ്യൂസ് ജൂനിയറിന്. പന്തുമായി അൽപനേരം കാത്തുനിന്ന താരം, ഉന്നംപിടിച്ച് പന്ത് വലയിലേക്ക് ഉയർത്തിവിട്ടു.



പ്രത്യാക്രമണത്തിന് കോപ്പുകൂട്ടും മുമ്പെ ദക്ഷിണ കൊറിയയുടെ വലയിൽ വീണ്ടും പന്തെത്തി. പത്താം മിനിറ്റിൽ കൊറിയയുടെ എല്ലാ സ്വപ്നങ്ങളും തകർത്തുകൊണ്ട് റിച്ചാർലിസണെ വീഴ്‌ത്തിയതിന് പെനാൽറ്റി വിധിക്കപ്പെട്ടു. പന്തിൽ ഒരു ഉമ്മ നൽകി കൊണ്ട് ദക്ഷിണ കൊറിയൻ ഗോളിയുടെ സകല അടവുകളെയും നിസാരമാക്കി നെയ്മർ ഖത്തർ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ പേരിലെഴുതി. മനോഹരമായി ഒഴുകുന്ന സാംബ സംഗീതത്തിന് മുന്നിൽ അങ്ങനെയൊന്നും മുട്ടുമടക്കില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടാണ് ദക്ഷിണ കൊറിയ പൊരുതിയത്.



റിച്ചാർലിസണെ ബോക്സിനുള്ളിൽ വെച്ച് ജങ് വോയങ് വീഴ്‌ത്തിയതിനാണ് റഫറി ബ്രസീലിന് പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത നെയ്മറിന് തെറ്റിയില്ല. ഗോൾകീപ്പറെ കബിളിപ്പിച്ച് സ്വതസിദ്ധമായ ശൈലിയിൽ നെയ്മർ വലകുലുക്കി. ഇതോടെ ആദ്യ 13 മിനിറ്റിൽ തന്നെ ബ്രസീൽ 2-0 ന് മുന്നിലെത്തി. ബ്രസീലിനായി 123ാം മത്സരം കളിക്കുന്ന നെയ്മാറിന്റെ 76ാം ഗോളാണ് കൊറിയയ്ക്കെതിരെ പിറന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ നെയ്മാറിനു ഇനി വേണ്ടത് ഒരേയൊരു ഗോൾകൂടി മാത്രം.



രണ്ട് ഗോൾ വഴങ്ങിയതോടെ കൊറിയ ആക്രമണം ശക്തിപ്പെടുത്തി. 16-ാം മിനിറ്റിൽ കൊറിയയുടെ ഹവാങ് ഹീ ചാന്റെ തകർപ്പൻ ലോങ് റേഞ്ചർ അത്ഭുതകരമായി ബ്രസീൽ ഗോൾകീപ്പർ അലിസൺ തട്ടിയകറ്റി. പന്ത് കൈവശം ഉള്ളപ്പോൾ മൂന്നോ നാലോ താരങ്ങൾ വരെ മുന്നോട്ട് കയറി ഒരു ഗോൾ മടക്കാനുള്ള നിരന്തര ശ്രമം കൊറിയൻ നിര തുടർന്നു. എന്നാൽ, ത്രില്ലർ സിനിമകളുടെ ആശാന്മാരായ കൊറിയക്കാരെ ഫുട്‌ബോളിന്റെ താളം ഒരിക്കൽ കൂടെ കാനറികൾ പഠിപ്പിച്ചു. മാർക്വീഞ്ഞോസ് - തിയാഗോ സിൽവ - റിച്ചാർലിസൺ എന്നിവരുടെ പാസിങ് മികവാണ് ഗോളിൽ മൂന്നാം ഗോളിൽ കലാശിച്ചത്.



ബ്രസീൽ സമ്പൂർണാധിപത്യം തുടരുന്നതിനിടെയാണ് മൂന്നാം ഗോൾ നേടിയത്. ദക്ഷിണ കൊറിയൻ ബോക്‌സിനുള്ളിൽ ബ്രസീൽ താരങ്ങളുടെ സ്‌കിൽ സർവത്ര തെളിഞ്ഞുകണ്ട നീക്കങ്ങൾക്ക് ഒടുവിലായിരുന്നു ഗോൾനേട്ടം. പന്തു തലയിലെടുത്തുകൊറിയൻ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി മാർക്വീഞ്ഞോസിനു മറിച്ച് റിച്ചാർലിസൻ മുന്നോട്ട്. മാർക്വീഞ്ഞോസിൽനിന്ന് പന്തു സ്വീകരിച്ച തിയാഗോ സിൽവയുടെ ത്രൂപാസ് റിച്ചാർലിസന്. ഓഫ്‌സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ റിച്ചാർലിസൻ പന്ത് വലയിലാക്കി. കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ നിന്നായി റിച്ചാർലിസൺ നേടുന്ന 10-ാം ഗോളാണിത്.

ഇതോടെ മാനസികമായി കൊറിയ അമ്പേ തകർന്നു. ആവേശത്തിലായ ബ്രസീൽ ഗോൾ മേളം ആസ്വദിക്കാനുള്ള മൂഡിൽ തന്നെയായിരുന്നു. ദക്ഷിണ കൊറിയൻ ബോക്‌സിലേക്ക് ബ്രസീൽ താരങ്ങളുടെ കൂട്ടത്തോടെയുള്ള മുന്നേറ്റം. 36-ാം മിനിറ്റിൽ പക്വേറ്റയിലൂടെ നാലാം ഗോളും വന്നു. വിനീഷ്യസിന്റെ ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് വന്ന ചീക്കി പാസിലേക്ക് ഓടിയെത്തിയ പക്വേറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് കാൽ വയ്‌ക്കേണ്ടി മാത്രമാണ് വന്നത്. താരങ്ങളുടെ കൂട്ടപ്പൊരിച്ചിലിനിടെ പന്തു പക്വേറ്റയുടെ വലംകാലൻ വോളി വലയിലേക്ക്.



മൂന്നാം ഗോൾ വഴങ്ങിയതിന്റെ ആഘാതം കെട്ടടങ്ങും മുമ്പാണ് ബ്രസീൽ വീണ്ടും വെടിപൊട്ടിച്ചത്. ഇതോടെ മഞ്ഞപ്പട ആഘോഷത്തിമിർപ്പിലായി. ഓരോ ഗോൾ അടിക്കുന്ന സമയത്തും എല്ലാ ടീം അംഗങ്ങളും പരിശീലകനും ചേർന്ന് അത് നൃത്തച്ചുവടുകളിലൂടെ ആഘോഷമാക്കി.

നാല് ഗോളടിച്ചിട്ടും ബ്രസീൽ മുന്നേറ്റനിരയുടെ ആക്രമണങ്ങൾക്ക് ഒരു കുറവും വന്നില്ല. ആദ്യപകുതിയലുടനീളം അവർ ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ടു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ റിച്ചാർലിസൺ സുവർണാവസരം പാഴാക്കി.

ദക്ഷിണ കൊറിയയുടെ മികച്ച ഒരു ആക്രമണത്തോടെയാണ് രണ്ടാം പാതിക്ക് തുടക്കമായത്. സൺ ഹ്യൂം?ഗ് മിന്നിന്റെ ഷോട്ട് മുന്നോട്ട് കയറിയെത്തിയ അലിസൺ രക്ഷപ്പെടുത്തി. ആക്രമണങ്ങൾക്ക് പോകുമ്പോൾ ബ്രസീലിന്റെ കൗണ്ടർ അറ്റാക്കിംഗിന് മുന്നിൽ പതറുന്നതാണ് ദക്ഷിണ കൊറിയക്ക് വിനയായി കൊണ്ടിരുന്നത്.

ഇരു വിംഗുകളിലൂടെയും വിനീഷ്യസും റാഫീഞ്ഞയും നടത്തുന്ന റണ്ണൂകൾ കൊറിയൻ ബോക്‌സിലേക്ക് മിന്നൽ പോലെയാണ് എത്തിക്കൊണ്ടിരുന്നത്. 54-ാം മിനിറ്റിൽ മൂന്ന് കൊറിയൻ താരങ്ങളെ വെട്ടിയൊഴിഞ്ഞ് റാഫീഞ്ഞ തൊടുത്ത ഷോട്ടിൽ കിം സ്യൂംഗ് ഗ്യൂവിന് കൈ എത്തിക്കാനായതിനാൽ അഞ്ചാം ഗോൾ പിറന്നില്ല. 62-ാം മിനിറ്റിൽ നെയ്മറിന്റെ പാസ് സ്വീകരിച്ച് വീണ്ടും റാഫീഞ്ഞ എത്തി, ഇത്തവണയും ഗ്യൂവ് ഉറച്ച് നിന്നു.

നാലു ഗോളടിച്ച് ആദ്യപകുതിയിൽ മുന്നിൽക്കയറിയതോടെ, ബ്രസീൽ പരിശീലകൻ ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങൾക്കുള്ള വേദിയാക്കി. പോസ്റ്റിനു മുന്നിൽ അലിസനെ ഉൾപ്പെടെ അദ്ദേഹം സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. ഇതിനിടെയാണ് ലോങ് റേഞ്ചറിൽനിന്ന് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ പിറന്നത്.

 

ലോങ് റേഞ്ചറുകളിലൂടെ ലക്ഷ്യം ഭേദിക്കാനുള്ള കൊറിയൻ ശ്രമം വിജയിച്ചതോടെയാണ് അവർക്ക് ഒരു ഗോൾ മടക്കാനായത്. ദക്ഷിണ കൊറിയയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനൊടുവിൽ ബ്രസീൽ താരങ്ങൾ അടിച്ചകറ്റിയ പന്ത് ബോക്‌സിനു പുറത്ത് പയ്ക് സ്യൂങ് ഹോയിലേക്ക്. പന്ത് കാലിൽക്കൊരുത്ത് പയ്ക് സ്യൂങ് പായിച്ച ബുള്ളറ്റ് ഷോട്ട് ബ്രസീൽ പ്രതിരോധക്കോട്ട പിളർന്ന്, ഗോൾകീപ്പർ അലിസന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിൽ കയറി.