- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഗോൾവല കുലുക്കി ഡഗൗട്ടിലേക്ക് എത്തി ടിറ്റേയ്ക്കൊപ്പം ചുവടുവെച്ചു; പിന്നാലെ സാക്ഷാൽ റൊണാൾഡോയേയും 'പീജിയൻ ഡാൻസ്' പഠിപ്പിച്ച് റിച്ചാർലിസൻ; കൗതുകകരമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഫിഫ
ദോഹ: ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ഗോൾമഴയിൽ മുക്കിയാണ് ബ്രസീൽ ക്വാർട്ടർ പ്രവേശനം ആഘോഷമാക്കിയത്. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തോൽപിച്ചത്. ഏഴാം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ തുടക്കമിട്ട ഗോളടിമേളം 36-ാം മിനുറ്റിൽ ലൂക്കാസ് പക്വേറ്റയിലൂടെയാണ് പൂർത്തിയായത്.
മത്സരത്തിലെ ഏറ്റവും മികച്ച ബ്രസീലിയൻ ഗോൾ സാംബ ചുവടുകളോടെ ഒമ്പതാം നമ്പർ സ്‌ട്രൈക്കർ റിച്ചാർലിസണിന്റെ വകയായിരുന്നു. പ്രാവിനെ പോലെ നൃത്തം വച്ചാണ് റിച്ചാർലിസൺ ഗോളാഘോഷം നടത്തിയത്. പരിശീലകൻ ടിറ്റെയും ഇതിന്റെ കൂടെക്കൂടി.
ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ മാത്രമല്ല, മത്സര ശേഷം ബ്രസീലിയൻ ഇതിഹാസവും 2002 ലോകകപ്പ് ഹീറോയുമായ റൊണാൾഡോ ഫിനമിനയെ 'പീജിയൻ ഡാൻസ്' പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു റിച്ചാർലിസൺ. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഫിഫ പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തിന്റെ 29ാം മിനുറ്റിലായിരുന്നു റിച്ചാർലിസൺ ഗോൾ നേടിയത്. ഗോൾവല കുലുക്കി ഡഗൗട്ടിലേക്ക് എത്തിയ റിച്ചാർലിസൺ കോച്ച് ടിറ്റേയ്ക്കൊപ്പം ചുവടുവെച്ചത് ഇതിനോടകം തന്നെ വൈറലായിരുന്നു. ഇതിന് പിന്നാലെ ബ്രസീൽ ഇതിഹാസം റൊണാൾഡോയേയും തന്റെ ചുവടുകൾ പഠിപ്പിക്കുന്ന റിച്ചാർലിസണിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മത്സരത്തിന് ശേഷം ഫിഫയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ബ്രസീൽ ഇതിഹാസം റൊണാൾഡോയെ റിച്ചാർലിസൻ തന്റെ ചുവടുകൾ പഠിപ്പിക്കാൻ ശ്രമിച്ചത്.
29ാം മിനുറ്റിൽ വലത് ഭാഗത്ത് നിന്ന് വന്ന ബ്രസീൽ താരത്തിന്റെ ക്രോസ് ദക്ഷിണ കൊറിയൻ താരം ഹെഡ്ഡ് ചെയ്ത് അകറ്റാൻ ശ്രമിച്ചു. എന്നാൽ കൊറിയൻ താരത്തിന്റെ ചലഞ്ച് മറികടന്നും പന്ത് രണ്ടിലധികം തവണ ഹെഡ് ചെയ്ത് നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച റിച്ചാർലിസൻ പന്ത് പക്വെറ്റയിലേക്കും പക്വെറ്റ പന്ത് തിയാഗോ സിൽവയിലേക്കും നൽകി. ബോക്‌സിനുള്ളിലേക്ക് ഓടിയ റിച്ചാർലിസന് നേരെ അളന്ന് കുറിച്ച നിലയിൽ തിയാഗോ സിൽവയുടെ പാസുമെത്തി. ഫിനിഷിങ്ങിൽ റിച്ചാർലിസന് പിഴച്ചുമില്ല.
റിച്ചാർലിസനുമൊത്തുന്ന ഗോൾ സെലിബ്രേഷനെ കുറിച്ച് ചോദിച്ചപ്പോൾ ടിറ്റേയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ കരുതലോടെയിരിക്കണമായിരുന്നു. കാരണം ഇത് നിന്ദിക്കലാണെന്ന് പറയുന്ന വിദ്വേഷം കൊണ്ട് നടക്കുന്ന ആളുകളുണ്ട്. എന്നാലത് സന്തോഷം പ്രകടിപ്പിക്കലാണ്, ടിറ്റേ പറഞ്ഞു.
ഏഴാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ മുന്നിലെത്തിയപ്പോൾ 13-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ നെയ്മർ ലീഡ് രണ്ടാക്കി ഉയർത്തി. രാജ്യത്തിനായി സുൽത്താന്റെ 76-ാം ഗോളാണിത്. 29-ാം മിനുറ്റിലായിരുന്നു സാബാ ചുവടുകളുടെ വശ്യതയെല്ലാം മൈതാനത്ത് കണ്ട റിച്ചാർലിസണിന്റെ അതിസുന്ദര ഗോൾ. 36-ാം മിനുറ്റിൽ ലൂക്കാസ് പക്വേറ്റ നാലാം ഗോൾ നേടി. ബ്രസീൽ ഏകപക്ഷീയമായ നാല് ഗോൾ ലീഡുമായി ആദ്യപകുതിക്ക് പിരിഞ്ഞപ്പോൾ 76-ാം മിനുറ്റിൽ പൈക്കിന്റെ വകയായിരുന്നു കൊറിയയുടെ ഏക മടക്ക ഗോൾ. അത് ഒന്നൊന്നര ഗോളാവുകയും ചെയ്തു.
ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. ഏഷ്യൻ കരുത്താരായ ജപ്പാനെ ഷൂട്ടൗട്ടിൽ തകർത്താണ് ക്രൊയേഷ്യയുടെ വരവ്. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ക്രൊയേഷ്യ വിജയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. പ്രീ ക്വാർട്ടറിൽ ജപ്പാനെതിരെ ക്രൊയേഷ്യയുടെ രക്ഷകനായത് ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ്. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകളാണ് ലിവാകോവിച്ച് തടുത്തിട്ടത്.
സ്പോർട്സ് ഡെസ്ക്