- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
വന്മതിൽ തീർത്ത് മൊറോക്കോ!; ലക്ഷ്യം കാണാതെ സ്പാനിഷ് മുന്നേറ്റം; സുവർണാവസരം പാഴാക്കി നയേഫ് അഗ്വേർഡും; ആവേശകരം, ഗോൾരഹിതം; പ്രീക്വാർട്ടർ പോരാട്ടം അധിക സമയത്തേക്ക്; അട്ടിമറി പ്രതീക്ഷിച്ച് ആരാധകർ
ദോഹ: സ്പെയിൻ - മൊറോക്കോ പ്രീ ക്വാർട്ടർ പോരാട്ടത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമും ഗോളടിക്കാതിരുന്നതോടെ മത്സരം അധികസമയത്തേക്ക്. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആവേശകരമായ രണ്ടാം പകുതിയും ഗോൾരഹിതമായതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
ഇരു പകുതികളിലും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ്, ഖത്തർ ലോകകപ്പിൽ ജപ്പാൻ - ക്രൊയേഷ്യ പ്രീക്വാർട്ടർ പോരാട്ടത്തിന് പിന്നാലെ സ്‌പെയിൻ - മൊറോക്കോ മത്സരവും അധികസമയത്തേക്കു നീണ്ടത്. പന്തടക്കത്തിലും പാസിങ്ങിലും പതിവുപോലെ സ്‌പെയിൻ ആധിപത്യം പുലർത്തിയെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകളും മൊറോക്കോയുടെ അടിയുറച്ച പ്രതിരോധവുമാണ് ലക്ഷ്യം കാണാതെ പോയത്.
പന്ത് നിയന്ത്രണത്തിലാക്കി അവസരത്തിനായി കാത്തിരുന്ന സ്പാനിഷ് താരങ്ങൾക്കുമുൻപിൽ പ്രതിരോധനീക്കത്തിലൂടെയും ഇടയ്ക്കിടെയുള്ള പ്രത്യാക്രമണങ്ങളിലൂടെയും ഭീഷണിയുയർത്തുകയാണ് ആഫ്രിക്കക്കാർ. മത്സരം ആരംഭിക്കുന്നതു തന്നെ മൊറോക്കോ താരം ഹകീം സിയച്ചിന്റെ ഫൗളിലൂടെയായിരുന്നു. സ്പെയിനിനു വേണ്ടി ജോർദി ആൽബയെടുത്ത ഫ്രീകിക്ക് പക്ഷെ ഗോളാക്കാനായില്ല.
12-ാം മിനിറ്റിൽ മൊറോക്കൻ സൂപ്പർ താരം അഷ്റഫ് ഹക്കീമി ബോക്സിനു പുറത്തുനിന്നെടുത്ത ഫ്രീകിക്ക് ബാറിനു മുകളിലൂടെ പറന്നു. 27-ാം മിനിറ്റിൽ സ്പെയിനിനു മുന്നിൽ വലിയൊരു അവസരം തുറന്നുകിട്ടിയെങ്കിലും മൊറോക്കൻ പ്രതിരോധം കടന്ന് ബോക്സിലേക്ക് ഓടിയെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
33-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമോണിന് മത്സരത്തിലെ ആദ്യ പരീക്ഷണം. വലതു വിങ്ങിലൂടെ ബോക്സിലേക്ക് മസ്റൂഇ തൊടുത്ത ഷോട്ട് സിമോൺ കൈപിടിയിലൊതുക്കി. 42-ാം മിനിറ്റിൽ മനോഹരമായൊരു സെറ്റ് പീസിൽ ബോക്സിന്റെ മധ്യത്തിൽനിന്ന് നായിഫ് അഗ്വാർഡിന്റെ ഹെഡറിന് ലക്ഷ്യം പിഴച്ചു
52-ാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബൗനോ തട്ടിയകറ്റി. മത്സരത്തിൽ ടാർഗറ്റിലേക്കുള്ള സ്പെയിനിന്റെ ആദ്യ ഷോട്ടായിരുന്നു ഇത്. 63-ാം മിനിറ്റിൽ ഗാവിയെയും അസെൻസിയോയെയും പിൻവലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് എന്റിക് കാർലോസ് സോളറിനെയും അൽവാരോ മൊറാട്ടയെയും ഇറക്കി.
70-ാം മിനിറ്റിൽ ഒൽമോ നൽകിയ പാസിൽ ബോക്സിനകത്ത് അവസരം സൃഷ്ടിച്ച് ഗോളാക്കാനുള്ള മൊറാട്ടയുടെ നീക്കം പക്ഷെ മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തകർന്നു. 76-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡും കണ്ടു. സ്പാനിഷ് പ്രതിരോധ താരം ലപോർട്ടയ്ക്കാണ് ഹകീമിക്കെതിരായ ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ചത്.
81ാം മിനുട്ടിൽ അൽവാരോ മൊറാട്ട മെറോക്കോൻ ഗോൾപോസ്റ്റിന് കുറുകെ നീട്ടിനൽകിയ പാസ് ഏറ്റെടുക്കാൻ ആരുമുണ്ടായില്ല. 85ാം മിനുട്ടിൽ വാലിദ് ചെദ്ദിരക്ക് സ്പെയിൻ ഗോൾവല കുലുക്കാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് ദുർബലമായതിനാൽ ഉനൈ സൈമണിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു.
അടിയും തിരിച്ചടിയുമായി ആവേശകരമായിരുന്നു ഇരുപകുതികളുമെങ്കിലും, അതേ ആവേശം ഫിനിഷിങ്ങിലേക്കു കൊണ്ടുവരാനാകാതെ പോയതാണ് മത്സരം ഗോൾരഹിതമാക്കിയത്. ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, ഫിനിഷിങ് ടച്ച് നൽകാനാകാതെ പോയത് തിരിച്ചടിയായി.
രണ്ടാം പകുതിയിലും മൊറോക്കോ പ്രതിരോധം ഭേദിക്കാനാകാതെ വന്നതോടെ 63ാം മിനിറ്റിൽ സ്പാനിഷ് പരിശീലകൻ ലൂയിസ് എന്റിക്വെ ഇരട്ടമാറ്റങ്ങൾ വരുത്തി. മാർക്കോ അസെൻസിയോയ്ക്കു പകരം അൽവാരോ മൊറാട്ടയും ഗാവിക്കു പകരം കാർലോസ് സോലറുമെത്തി. പിന്നാലെ മൊറോക്കോ നിരയിൽ ബൗഫലിനു പകരം അബ്ദ്‌സമദ് എസൽസോലിയും കളത്തിലിറങ്ങി.
മത്സരം 80 മിനിറ്റു പിന്നിട്ടതിനു പിന്നാലെ മൊറോക്കോ വരുത്തിയ ട്രിപ്പിൾ മാറ്റങ്ങളും നിശ്ചിത സമയത്ത് സ്‌കോർ ബോർഡിൽ വ്യത്യാസമൊന്നും വരുത്തിയില്ല. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ സ്‌പെയിന് ഫ്രീകിക്കിൽനിന്ന് ലഭിച്ച സുവർണാവസരം പെഡ്രിക്കും വില്യംസിനും മുതലാക്കാനാകാതെ പോയതോടെ നിശ്ചിത സമയം ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്