ദോഹ: ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയുടെ എതിരാളികളെ തീരുമാനിക്കാൻ പോർച്ചുഗലും സ്വിറ്റ്‌സർലൻഡും മുഖാമുഖം എത്തുന്നു. അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ് എച്ച് ചാംപ്യന്മാരായ പോർച്ചുഗൽ ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സർലൻഡിനെ നേരിടും.

പോർച്ചുഗൽ നിരയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയോക്ക് ആദ്യ ഇലവനിൽ അവസരമില്ല. ഈ പ്രീക്വാർട്ടറിൽ ജയിക്കുന്നവർ ഡിസംബർ 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയെ നേരിടും.

നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ നിർണായക പോരാട്ടത്തിന് ഇറങ്ങുന്നത്. പകരക്കാരുടെ ബെഞ്ചിലാണ് റൊണാൾഡോയുടെ സ്ഥാനം. റൊണാൾഡോയ്ക്ക് പകരം യുവതാരം ഗോൺസാലോ റാമോസ് ടീമിലിടം നേടി. മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം ഡീഗോ ഡാലോ പ്രതിരോധതാരമായി ടീമിൽ സ്ഥാനം നേടി. ജാവോ ക്യാൻസലോ പകരക്കാരുടെ ബെഞ്ചിലാണ്. റൂബൻ നെവസിനും ആദ്യ ഇലവനിൽ സ്ഥാനം നേടാനായില്ല.

ലോകകപ്പിൽ 6 നോക്കൗട്ട് മത്സരങ്ങളിലായി 514 മിനിറ്റ് കളിച്ചിട്ടുണ്ടെങ്കിലും നോക്കൗട്ട് ഘട്ടത്തിൽ ഒരു ഗോളടിക്കാൻ ഇതുവരെ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ല. സ്വിറ്റ്‌സർലൻഡിനെതിരെ പ്രിയതാരം പകരക്കാരനായെത്തി ഗോൾ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അർജന്റീനയുടെ ലയണൽ മെസ്സിക്കു പിന്നാലെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ക്രിസ്റ്റ്യാനോയും അക്കൗണ്ട് തുറക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് അവർ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം പെരുമാറ്റത്തിൽ അതൃപ്തി തുറന്നുപറഞ്ഞ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പോർച്ചുഗൽ എന്നാൽ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിനിടയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലകനെതിരെ പൊട്ടിത്തെറിച്ചത്.മത്സരത്തിൽ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്ന് മത്സരത്തിന്റെ 65-ാം മിനിറ്റിൽ റൊണാൾഡോയെ പോർച്ചുഗൽ പരിശീലകൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പിൻവലിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിൽ റൊണാൾഡോ കുപിതനാക്കിയത്.

റൊണാൾഡോയുടെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് പരിശീലകൻ സാന്റോസ് വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു. ' അതെ ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം എനിക്ക് ഇഷ്ടമായില്ല. അതേക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. ഞാൻ എന്റെ ടീമിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.' സാന്റോസ് പറഞ്ഞു.

ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്തരുതെന്ന് ആരാധകരും ആവശ്യപ്പെട്ടിരുന്നു. പോർച്ചുഗീസ് സ്പോർട്സ് പത്രമായ എ ബോല നടത്തിയ ഒരു സർവേയിൽ 70 ശതമാനം ആരാധകരും റൊണാൾഡോ ആദ്യ ഇലവനിൽ കളിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. എന്തിനാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നത്. അദ്ദേഹം ക്ലബ്ബിൽ പോലും സ്റ്റാർട്ടർ ആയിരുന്നില്ലെന്ന് ഒരു ആരാധകൻ പറഞ്ഞതായി എ ബോല റിപ്പോർട്ട് ചെയ്തു.


ഗ്രൂപ്പിലെ ആദ്യ 2 മത്സരങ്ങൾ ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നെങ്കിലും പോർച്ചുഗൽ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയോടു തോറ്റു. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ഇതുവരെ താരം 2 ഗോളിനു വഴിയൊരുക്കി. ഘാനയ്ക്കും ദക്ഷിണ കൊറിയയ്ക്കും എതിരെ 2 ഗോൾ വീതം വഴങ്ങിയ പ്രതിരോധമാണ് ടീമിന്റെ ദൗർബല്യം.

ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ സെർബിയയെ 3 -2നു തോൽപിച്ചാണ് സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. വിങ്ങിലൂടെയുള്ള മുന്നേറ്റമാണ് സ്വിസ് ടീമിന്റെ ശക്തി. ഷെർദൻ ഷാക്കീരി കഴിഞ്ഞ കളിയിൽ ഗോൾ നേടി ഫോമിലെത്തി. സ്‌ട്രൈക്കർ ബ്രീൽ എംബോളോ 2 ഗോൾ നേടി. പോർച്ചുഗൽ 4-3-3 ശൈലിയിലാണ് കളിക്കുന്നത്. സ്വിറ്റ്സർലൻഡ് 4-2-3-1 ഫോർമേഷനിൽ കളിക്കും. സൂപ്പർ താരം ഷാക്കിരി ആദ്യ ഇലവനിൽ ഇടം നേടിയിട്ടുണ്ട്.