- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഓരോ താരവും ആയിരം പെനാൽറ്റി കിക്കുകളെടുക്കണം; നാഷണൽ ക്യാമ്പിൽ വെച്ച് താരങ്ങൾക്ക് ഹോം വർക്ക് നൽകി പരിശീലകൻ ലൂയിസ് എന്റിക്വെ; എന്നിട്ടും ഒരു കിക്ക് പോലും ലക്ഷ്യം കണ്ടില്ല; ഇത് സ്പാനിഷ് ദുരന്തം!; ദേശീയ ഹീറോയായി മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോനോ
ദോഹ: ഇരുപകുതികളിലും അധിക സമയത്തും ഗോൾരഹിതമായ പ്രീക്വാർട്ടറിൽ സ്പെയിന്റെ സ്വപ്‌നങ്ങൾ തകർത്ത് കണ്ണീർ സമ്മാനിച്ചത് മൊറോക്കൻ ഗോളി യാസിൻ ബോനോവിന്റെ മികവ് ഒന്നുമാത്രമായിരുന്നു. കാൽപ്പന്ത് കളിയിൽ കാളപ്പോരിന്റെ ഉശിരോടെ ഇരമ്പിയാർത്ത് വന്ന സ്പാനിഷ് പടയെ പിടിച്ചുകെട്ടിയാണ് ബോനോ രാജ്യത്തിന് തിളക്കമാർന്ന വിജയവും ക്വാർട്ടർ ബർത്തും സമ്മാനിച്ചത്. ഷൂട്ടൗട്ടിൽ നിർണായകമായ രണ്ടു കിക്കുകളാണ് ഷൂട്ടൗട്ടിൽ ബോനോ തടുത്തിട്ടത്. മത്സരത്തിലുടനീളം സേവ് ചെയ്തത് മറ്റനേകം ഷോട്ടുകളും.
പ്രീ ക്വാർട്ടറിൽ കരുത്തരായ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മുന്നേറിയത്. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0 നാണ് മൊറോക്കോ വിജയിച്ചത്. ഒരു പെനാൽറ്റി കിക്ക് പോലും വലയിലെത്തിക്കാൻ സാധിക്കാതെ ദയനീയമായാണ് സ്പെയിൻ കീഴടങ്ങിയത്.
ലോകകപ്പിന് വരുന്നതിന് മുന്നേ പെനാൽറ്റി ഷൂട്ടൗട്ടിനായി തയ്യാറെടുക്കാൻ സ്പെയിൻ താരങ്ങളോട് പരിശീലകൻ ലൂയിസ് എന്റിക്വെ പറഞ്ഞിരുന്നു 'ഒരു വർഷം മുമ്പ് തന്നെ നാഷണൽ ക്യാമ്പിൽ വെച്ച് താരങ്ങൾക്ക് ഹോം വർക്ക് നൽകി. ക്ലബ്ലിനായി പരിശീലിക്കുമ്പോൾ ഓരോ താരവും 1000 പെനാൽറ്റി കിക്കുകളെടുക്കണം.-എന്റിക്വെ മത്സരത്തിന് മുമ്പ് പറഞ്ഞു
ഇത് ലോട്ടറിയല്ലെന്നും പരിശീലിച്ചാണ് പെനാൽറ്റിയിൽ മെച്ചപ്പെടുകയെന്നും എന്റിക്വെ കൂട്ടിച്ചേർത്തു. പക്ഷേ പ്രീ ക്വാർട്ടറിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ദയനീയമായി തകർന്നടിയുന്ന സ്പെയിനിനെയാണ് കണ്ടത്. ഒരു കിക്കും വലയിലെത്തിക്കാൻ സ്പാനിഷ്താരങ്ങൾക്കായില്ല.
പാബ്ലോ സരാബിയയെടുത്ത ആദ്യ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. ലോകകപ്പ് ചരിത്രത്തിൽ ഷൂട്ടൗട്ടിൽ സ്പെയിനിന്റെ ആദ്യ കിക്ക് പാഴാവുന്നതും ഇതാദ്യമാണ്. കാർലോ സോളറെടുത്ത സ്പെയിനിന്റെ രണ്ടാം കിക്ക് മൊറോക്കൻ ഗോൾകീപ്പർ ബോനോ തടുത്തിട്ടു. മൂന്നാം കിക്കെടുത്ത സെർജിയോ ബുസ്‌കെറ്റ്സിനും പിഴച്ചു. ബോനോ വീണ്ടും ഹീറോയായപ്പോൾ സ്പെയിൻ നിരാശയോടെ മടങ്ങി.
31 കാരനായ ബോനോ ലാലീഗയിൽ സെവിയ്യ ഗോൾകീപ്പറാണ്. ജിറോണ, സെവിയ്യക്കുമായി 100 മത്സരങ്ങളിലിറങ്ങിയിട്ടുണ്ട്. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാമ്പ്യന്മാരായ സെവിയ്യ ടീമിൽ അംഗമായിരുന്നു. 2013 മുതൽ മൊറോക്കൻ ടീം അംഗമാണ്. രണ്ടു ലോകകപ്പ് ടൂർണമെന്റുകളിലും ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെന്റിലും കളിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്സിൽ അണ്ടർ 23 ടീമിലുമുണ്ടായിരുന്നു.
ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഒരു കിക്ക് മാത്രമാണ് ബോനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയാണ് ഗോളടിച്ചത്. എന്നാൽ ആ മത്സരത്തിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം വിജയിച്ചിരുന്നു. രണ്ടു വിജയവും ഒരു സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ നേടിയത്.
സ്പോർട്സ് ഡെസ്ക്