ദോഹ: നായകൻ ഇല്ലാതെ ഇറങ്ങിയിട്ടും സ്വിറ്റ്‌സർലൻഡിനെതിരെ പോർച്ചുഗീസ് പട രണ്ടടി മുന്നിൽ. സൂപ്പർതാരം ക്രിസ്റ്റ്യാനൊ റോണാൾഡോ ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്നിട്ടും പോർച്ചുഗീസ് ആക്രമണത്തിന് പതിവിലേറെ മൂർച്ചയുണ്ടായിരുന്നു. റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഇരുപത്തൊന്നുകാരൻ ഗോൺസാലോ റാമോസും ടീമിലെ വെറ്ററൻ താരം പെപ്പെയും നേടിയ ഗോളുകൾ തന്നെയാണ് ഇതിന്റെ തെളിവ്. സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടർ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ പോർച്ചുഗൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിൽ.

പോർച്ചുഗലിന്റെ ആദ്യ ഗോൾ 17ാം മിനിറ്റിൽ ഇരുപത്തൊന്നുകാരൻ ഗോൺസാലോ റാമോസിന്റെ വകയായിരുന്നു. 2006നു ശേഷം ഇതാദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലായ ലോകകപ്പ് മത്സരത്തിൽ, സൂപ്പർതാരത്തിനു പകരമിറങ്ങിയാണ് ഗോൺസാലോ റാമോസ് ലക്ഷ്യം കണ്ടത്. ലോകകപ്പ് വേദിയിൽ ആദ്യ ഇലവനിൽ ആദ്യമായി ലഭിച്ച അവസരമാണ് റാമോസ് ഗോളടിച്ച് ആഘോഷിച്ചത്.

ഇതോടെ, ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ പോർച്ചുഗീസ് താരവുമായി റാമോസ്, ഗോൾ നേടുമ്പോൾ താരത്തിന്റെ പ്രായം 21 വർഷവും 169 ദിവസവും. ലോകകപ്പ് നോക്കൗട്ടിൽ കളിച്ച 17 മിനിറ്റിനിടെയാണ് റാമോസ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത്. അതേസമയം, നോക്കൗട്ടിൽ 514 മിനിറ്റ് കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല.

പോർച്ചുഗലിന്റെ രണ്ടാം ഗോൾ പെപ്പെയുടെ വകയായിരുന്നു. സ്വിറ്റ്‌സർലൻഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ലീഡ് വർധിപ്പിച്ച് പോർച്ചുഗൽ. മത്സരത്തിന്റെ 33ാം മിനിറ്റിൽ, കോർണർ കിക്കിൽ നിന്നെത്തിയ പന്തിന് തലവച്ചാണ് പെപ്പെ ലക്ഷ്യം കണ്ടത്. ഇതോടെ, ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് പെപ്പെയുടെ പേരിലായി. ഗോൾ നേടുമ്പോൾ 39 വർഷവും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം. ആദ്യപകുതി പൂർത്തിയാകുമ്പോൾ പോർച്ചുഗൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുന്നിലാണ്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് പോർച്ചുഗൽ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ പോർച്ചുഗൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കുള്ള ആദ്യ തുടക്കം സ്വിറ്റ്സർലൻഡിന്റെതായിരുന്നു. ആറാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ പന്തുമായി മുന്നേറി ഷോട്ടുതിർത്തെങ്കിലും പ്രതിരോധതാരം പെപ്പെ അത് വിഫലമാക്കി.

എന്നാൽ സ്വിസ് പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് പോർച്ചുഗൽ മത്സത്തിൽ ലീഡെടുത്തു. റൊണാൾഡോയ്ക്ക് പകരം ടീമിലിടം നേടിയ ഗോൺസാലോ റാമോസാണ് പോർച്ചുഗലിനായി വലകുലുക്കിയത്. 17-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ജാവോ ഫെലിക്സ് ബോക്സിനുള്ളിലേക്ക് നൽകിയ പാസ് സ്വീകരിച്ച് റാമോസ് തൊടുത്തുവിട്ട വെടിയുണ്ട പോലെയുള്ള ഷോട്ട് സ്വിസ് ഗോൾവല കീറിമുറിച്ചു. ഗോളടിക്കാൻ സാധ്യത തീരെ കുറഞ്ഞ പൊസിഷനിൽ നിന്നാണ് റാമോസ് ഗോളടിച്ചത്. താരത്തിന്റെ ആദ്യ ലോകകപ്പ് ഗോളാണിത്. പോർച്ചുഗലിനായി റാമോസ് നേടുന്ന രണ്ടാം ഗോളുമാണിത്. ക്ലബ്ബ് ഫുട്ബോളിൽ ബെൻഫിക്കയ്ക്ക് വേണ്ടിയാണ് ഈ യുവതാരം ബൂട്ടുകെട്ടുന്നത്.

30-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിധിച്ചു. കിക്കെടുത്ത സൂപ്പർ താരം ഷാക്കിരിയുടെ തകർപ്പൻ ഷോട്ട് പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റ ഒരുവിധം തട്ടിയകറ്റുകയായിരുന്നു.

33-ാം മിനിറ്റിൽ കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിലേക്ക് ചാടിയുയർന്ന പെപ്പെ പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഹെഡ്ഡ് ചെയ്തു. ഗോൾകീപ്പർ യാൻ സോമറിനെ നിസ്സഹായനാക്കി പെപ്പെ വലകുലുക്കി. 

38-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ ഗോൾശ്രമം പോർച്ചുഗീസ് പ്രതിരോധതാരം ഡീഗോ ഡാലോ ഗോൾലൈനിന് തൊട്ടുമുന്നിൽ വെച്ച് വിഫലമാക്കി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും സ്വിറ്റ്സർലൻഡിന് ആദ്യ പകുതിയിൽ ഗോളടിക്കാനായില്ല.