- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലൂസെയ്ലിൽ പോർച്ചുഗലിന്റെ ആറാട്ട്!; സ്വിറ്റ്‌സർലൻഡിനെ ഗോൾമഴയിൽ മുക്കി പറങ്കിപ്പട ക്വാർട്ടറിൽ; റൊണാൾഡോയ്ക്ക് പകരമിറങ്ങി ഹാട്രിക് തികച്ച് റാമോസ്; പട്ടിക തികച്ച് പെപ്പെയും റാഫേൽ ഗുറെയ്റോയും റാഫേൽ ലിയോയും; ഒന്നിനെതിരെ ആറ് ഗോളിന്റെ മിന്നും ജയവുമായി എത്തുന്ന സാന്റോസിന്റെ സംഘത്തിന് എതിരാളി മൊറോക്കോ
ദോഹ: ഓരോ ലോകകപ്പും താരപ്പിറവിയുടെ വേദികൂടിയാണ്. ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡ് പോർച്ചുഗൽ മത്സരം പൂർത്തിയാകുമ്പോൾ സാക്ഷാൽ റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങി ഹാട്രിക് തികച്ച് സ്വന്തം ടീമിന്റെ ക്വാർട്ടർ പ്രവേശനം ആഘോഷമാക്കിയ 21കാരൻ ഗോൺസാലോ റാമോസാണ് അൽ തുമാമ സ്‌റ്റേഡിയത്തിൽ ഉദിച്ചുയർന്ന ആ സുവർണ നക്ഷത്രം. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പകരം ഇറങ്ങി ഹാട്രിക് തികച്ച റാമോസിന്റെ മികവാണ് ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് സ്വിസ്റ്റസർലൻഡിനെ കീഴടക്കി പറങ്കിപ്പടയുടെ ക്വാർട്ടർ പ്രവേശനം രാജകീയമാക്കിയത്.
ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്ക് പന്തടിച്ചുകയറ്റിയ ഇരുപത്തൊന്നുകാരൻ റാമോസിന്റെ മികവിൽ, സ്വിറ്റ്‌സർലൻഡിനെ ഗോൾമഴയിൽ മുക്കിയാണ് പോർച്ചുഗൽ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. പെനൽറ്റി ഷൂട്ടൗട്ടിൽ കരുത്തരായ സ്‌പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാർട്ടറിൽ കടന്നത്.
സ്വിറ്റ്‌സർലൻഡിന് എതിരായ പ്രീക്വാർട്ടർ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പോർച്ചുഗീസ് നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇടംപിടിക്കാത്തതായിരുന്നു വാർത്തയെങ്കിൽ മത്സരത്തിന്റെ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ വാർത്തയാകുന്നത് ഗോൺസാലോ റാമോസ് എന്ന 21കാരന്റെ താരപ്പിറവി തന്നെയാണ്. സ്വിറ്റ്‌സർലൻഡിന്റെ ആശ്വാസഗോൾ 58ാം മിനിറ്റിൽ മാനുവൽ അകാൻജി സ്വന്തമാക്കി. പോർച്ചുഗലിനായി പകരക്കാരനായി എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലക്ഷ്യം കണ്ടെങ്കിലും, അത് ഓഫ്‌സൈഡിൽ കുരുങ്ങി.
മുന്നേറ്റനിരയിൽ അത്ഭുതപ്രകടനം പുറത്തെടുത്ത റാമോസ് ഹാട്രിക്കുമായി ടീമിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. 17, 51, 67 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പോർച്ചുഗലിന്റെ മറ്റു ഗോളുകൾ പെപ്പെ (33ാം മിനിറ്റ്), റാഫേൽ ഗുറെയ്‌റോ (55ാം മിനിറ്റ്), പകരക്കാരൻ റാഫേൽ ലിയോ (90പ്ലസ് ടു) എന്നിവർ നേടി.. ഈ ആധികാരിക വിജയത്തോടെ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ 1966-ന് ശേഷം ഇതാദ്യമായാണ് പോർച്ചുഗൽ നാലിലധികം ഗോളുകൾ ഒരു മത്സരത്തിൽ അടിച്ചുകൂട്ടുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് പോർച്ചുഗൽ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ പോർച്ചുഗൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കുള്ള ആദ്യ തുടക്കം സ്വിറ്റ്സർലൻഡിന്റെതായിരുന്നു. ആറാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ പന്തുമായി മുന്നേറി ഷോട്ടുതിർത്തെങ്കിലും പ്രതിരോധതാരം പെപ്പെ അത് വിഫലമാക്കി.
എന്നാൽ സ്വിസ് പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് പോർച്ചുഗൽ മത്സത്തിൽ ലീഡെടുത്തു. റൊണാൾഡോയ്ക്ക് പകരം ടീമിലിടം നേടിയ ഗോൺസാലോ റാമോസാണ് പോർച്ചുഗലിനായി വലകുലുക്കിയത്. 17-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ജാവോ ഫെലിക്സ് ബോക്സിനുള്ളിലേക്ക് നൽകിയ പാസ് സ്വീകരിച്ച് റാമോസ് തൊടുത്തുവിട്ട വെടിയുണ്ട പോലെയുള്ള ഷോട്ട് സ്വിസ് ഗോൾവല കീറിമുറിച്ചു. ഗോളടിക്കാൻ സാധ്യത തീരെ കുറഞ്ഞ പൊസിഷനിൽ നിന്നാണ് റാമോസ് ഗോളടിച്ചത്. താരത്തിന്റെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഇത്. പോർച്ചുഗലിനായി റാമോസ് നേടുന്ന രണ്ടാം ഗോളുമാണിത്. ക്ലബ്ബ് ഫുട്ബോളിൽ ബെൻഫിക്കയ്ക്ക് വേണ്ടിയാണ് ഈ യുവതാരം ബൂട്ടുകെട്ടുന്നത്.
30-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിധിച്ചു. കിക്കെടുത്ത സൂപ്പർ താരം ഷാക്കിരിയുടെ തകർപ്പൻ ഷോട്ട് പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റ ഒരുവിധം തട്ടിയകറ്റുകയായിരുന്നു.
33-ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ വെറ്ററൻ താരം പെപ്പെയാണ് പോർച്ചുഗീസ് പടയ്ക്ക് വേണ്ടി വലകുലുക്കിയത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിലേക്ക് ചാടിയുയർന്ന പെപ്പെ പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഹെഡ്ഡ് ചെയ്തു. ഗോൾകീപ്പർ യാൻ സോമറിനെ നിസ്സഹായനാക്കി പെപ്പെ വലകുലുക്കി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് പെപ്പെ സ്വന്തമാക്കി. 39 വയസ്സും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം. ഇതോടെ പോർച്ചുഗൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 38-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ ഗോൾശ്രമം പോർച്ചുഗീസ് പ്രതിരോധതാരം ഡീഗോ ഡാലോ ഗോൾലൈനിന് തൊട്ടുമുന്നിൽ വെച്ച് വിഫലമാക്കി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും സ്വിറ്റ്സർലൻഡിന് ആദ്യ പകുതിയിൽ ഗോളടിക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോർച്ചുഗൽ വീണ്ടും ഗോളടിച്ചു. ഇത്തവണയും യുവതാരം ഗോൺസാലോ റാമോസാണ് വീണ്ടും ലക്ഷ്യം കണ്ടത്. 51-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ഡീഗോ ഡാലോ നൽകിയ ക്രോസ് സ്വീകരിച്ച റാമോസ് ഗോൾകീപ്പർ യാൻ സോമറിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോൾ. വലതുവിങ്ങിൽനിന്ന് ഡീഗോ ദാലത്ത് നൽകിയ നിലംപറ്റെയുള്ള ക്രോസിലേക്ക് കാൽനീട്ടിയ റാമോസ്, പന്തിന് ഗോളിലേക്ക് വഴികാട്ടി. സ്വിസ് ഗോൾകീപ്പർ സോമ്മർ ഒരിക്കൽക്കൂടി കാഴ്ചക്കാരൻ മാത്രമായി.
മൂന്ന് ഗോളടിച്ചിട്ടും പോർച്ചുഗീസ് ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞില്ല. 55-ാം മിനിറ്റിൽ പോർച്ചുഗൽ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ റാഫേൽ ഗുറെയ്റോയാണ് ഗോളടിച്ചത്. കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ പിറന്നത്. റാമോസിന്റെ പാസ് സ്വീകരിച്ച് റാഫേൽ തൊടുത്തുവിട്ട ഷോട്ട് ഗോൾവല കീറി. ഇതോടെ പോർച്ചുഗൽ വിജയമുറപ്പിച്ചു. മൂന്നാം ഗോളിന്റെ ആരവമടങ്ങും മുൻപേയായിരുന്നു പോർച്ചുഗൽ നാലാം ഗോൾ.
മൂന്നാം ഗോളിൽനിന്ന് നാലാം ഗോളിലേക്കുള്ള സമയദൈർഘ്യം വെറും നാലു മിനിറ്റു മാത്രം. പോർച്ചുഗൽ പകുതിയിലേക്കെത്തിയ ഒരു സ്വിസ് ആക്രമണത്തിന്റെ മുനയൊടിച്ച് നടത്തിയ കൗണ്ടർ അറ്റാക്കാണ് നാലാം ഗോൾ കൊണ്ടുവന്നത്. ഒട്ടാവിയോ തുടക്കമിട്ട നീക്കത്തിൽനിന്ന് പന്ത് ഗോൺസാലോ റാമോസ് വഴി ബോക്‌സിനുള്ളിൽ റാഫേൽ ഗുറെയ്‌റോയ്ക്ക്. താരത്തിന്റെ തകർപ്പൻ വോളി നേരെ വലയിലേക്ക്.
എന്നാൽ തൊട്ടുപിന്നാലെ ഒരു ഗോൾ തിരിച്ചടിച്ച് സ്വിസ്സ് പട പോരാട്ടവീര്യം കാട്ടി. പ്രതിരോധതാരം മാനുവൽ അകാൻജിയാണ് ടീമിനായി വലകുലുക്കിയത്. 58-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. വലിയ അപകടമുണ്ടാക്കാതെ കടന്നുപോയ കോർണർ കിക്ക് നേരെ അകാൻജിയുടെ കാലിലേക്കാണ് വന്നത്. സ്ഥാനം തെറ്റിനിന്ന ഗോൾകീപ്പർ ഡീഗോ കോസ്റ്റയെ നിസ്സഹായനാക്കി അകാൻജി ഗോൾവലകുലുക്കി.
67-ാം മിനിറ്റിൽ ചരിത്രനേട്ടവുമായി ഗോൺസാലോ റാമോസ് ഹാട്രിക്ക് കുറിച്ചു. ജാവോ ഫെലിക്സിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ റാമോസ് യാൻ സോമറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിട്ട് വലകുലുക്കി റെക്കോഡ് നേടി. പോർച്ചുഗൽ പകുതിയിൽനിന്നെത്തിയ പന്ത് പിടിച്ചെടുത്ത ജാവോ ഫെലിക്‌സ് അത് നേരെ ഓടിക്കയറിയ റാമോസിനു മറിച്ചു. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ യാതൊരു സമ്മർദ്ദവുമില്ലാതെ റാമോസിന്റെ കൂൾ ഫിനിഷ്. താരത്തിന് ഹാട്രിക്. പോർച്ചുഗലിന് അഞ്ചാം ഗോൾ. 2022 ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്. 2002- ന്ശേഷം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം നേടിയ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് റാമോസ്. നേരത്തേ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
73-ാം മിനിറ്റിൽ ഗോൺസാലോ റാമോസിനെ പിൻവലിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ സാന്റോസ് കൊണ്ടുവന്നു. 84-ാം മിനിറ്റിൽ റൊണാൾഡോ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഇൻജുറി ടൈമിൽ പകരക്കാരനായി വന്ന റാഫേൽ ലിയോയും ഗോളടിച്ചതോടെ പോർച്ചുഗലിന്റെ ഗോളുകളുടെ എണ്ണം ആറായി ഉയർന്നു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ലിയോ ഇടതുവിങ്ങിൽ നിന്ന് തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിലേക്ക് പറന്നിറങ്ങി. പിന്നാലെ പോർച്ചുഗൽ ഉജ്ജ്വലവിജയവുമായി ക്വാർട്ടറിലേക്ക് മുന്നേറി.
സ്പോർട്സ് ഡെസ്ക്