- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
നെതർലൻഡ്സിനെ കീഴടക്കി അർജന്റീന ആദ്യ ലോകകിരീടം ചൂടിയത് 1978ൽ; 1998 ഫ്രാൻസ് ലോകകപ്പിൽ ഓറഞ്ചുപടയുടെ മധുര പ്രതികാരം; 2014 ലോകകപ്പ് സെമിയിൽ ഡച്ച് ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മെസിയും സംഘവും; മരണക്കളിയിൽ ഇന്ന് ആരു ജയിക്കും
ദോഹ: അർജന്റീനയും നെതർലൻഡ്സും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയപ്പോഴൊക്കെ തീപാറും പോരാട്ടമാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. അർജന്റീന ആദ്യമായി ലോകകിരീടത്തിൽ മുത്തമിട്ടത് 1978ലാണ്. അന്ന് കിരീടപ്പോരിൽ കണ്ണീരണിഞ്ഞാണ് നെതർലൻഡ്സ് മടങ്ങിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം 1998 ഫ്രാൻസ് ലോകകപ്പിൽ ക്വാർട്ടറിൽ ഡെനിസ് ബെർക്കാംപിന്റെ വിസ്മയഗോളിൽ ഡച്ചു പട കണക്കുതീർത്തു. ക്ലാസിക് പോരിന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയാകും.
ഏറ്റവുമൊടുവിൽ 2014 ലോകകപ്പ് സെമിയിലാണ് നെതർലൻഡ്സും അർജന്റീനയും ഏറ്റുമുട്ടിയത്. യൂറോപ്യൻ കരുത്തരെ അന്ന് മെസിപ്പട മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിൽ. ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. നാല് കളികളിൽ ജയിച്ച നെതർലൻഡ്സിനാണ് മേൽക്കൈ. അർജന്റീനയ്ക്ക് രണ്ട് ജയം മാത്രം.
ലോകകപ്പിൽ ആറാം തവണയാണ് ഇരുടീമും നേർക്കുനേർ വരുന്നത്. അതും ലോകകപ്പ് ക്വാർട്ടറിൽ. നിലവിലെ പ്രകടനം പരിശോധിച്ചാൽ അത്ര എളുപ്പത്തിൽ ഈ ക്വാർട്ടർ കടമ്പ രണ്ടുപേർക്കും പിന്നിടാനാകില്ല. ഒരു മരണക്കളി തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം. ഇന്ന് മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ അർജന്റീനയുടെ ആശങ്ക പരിക്കാണ്.
ടീമിലെ പ്രധാന താരങ്ങളായ റോഡ്രിഗോ ഡി പോൾ, എയ്ഞ്ചൽ പരിക്കിന്റെ പിടിയിലാണ്. എന്നാൽ ഇരുവർക്കും കളിക്കാൻ കഴിയുമെന്നാണ് അർജന്റൈൻ ക്യാംപിന്റെ പ്രതീക്ഷ. പരിക്ക് മാറി പരിശീലനം തുടങ്ങിയെങ്കിലും ഇന്നത്തെ അവസാനവട്ട വൈദ്യപരിശോധനയ്ക്കുശേഷമേ ഇവരുടെകാര്യത്തിൽ അന്തിമതീരുമാനമെടുക്കൂ. ഇതുകൊണ്ടുതന്നെ ഡിപോളു ഡിം മരിയയും കളിക്കാത്ത സാഹചര്യമുണ്ടായാൽ ഇറക്കേണ്ട ഇലവനെയും പരിശീലനത്തിനിടെ സ്‌കലോണി പരീക്ഷിച്ചു. ഇരുവരും ആദ്യ ഇലവനിൽ എത്തുകയാണെങ്കിൽ പതിവ് 4-3-3 ഫോർമേഷനിൽ തന്നെ അർജന്റീന കളിക്കും.
ഗോൾപോസ്റ്റിൽ എമിലിയാനോ മാർട്ടിനെസ്. നിഹ്വെൽ മൊളീന, ക്രിസ്റ്റ്യൻ റൊമേറൊ, നിക്കോളാസ് ഒട്ടമെൻഡി, മാർകോസ് അക്യൂന എന്നിവർ പ്രതിരോധത്തിലുണ്ടാവും. ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവർക്കാണ് മധ്യനിരയുടെ ചുമതല. മുന്നേറ്റത്തിൽ എയ്ഞ്ചൽ ഡി മരിയ, ലിയോണൽ മെസി, ജൂലിയൻ അൽവാരസ്. ഡി പോളും ഡി മരിയയും കളിക്കുന്നില്ലെങ്കിൽ 5-3-2 ഫോർമേഷനിലേക്ക് മാറാനാണ് സ്‌കലോണിയുടെ തീരുമാനം. പ്രതിരോധിക്കാൻ ലിസാൻഡ്രോ മാർട്ടിനെസ് കൂടിയെത്തും. ഡി പോളിന് പകരം ലിയാൻഡ്രോ പരേഡസ് മധ്യനിരയിൽ സ്ഥാനം പിടിക്കും.
ലൂയിസ് വാൻഗാൽ എന്ന പരിശീലകന്റെ തന്ത്രങ്ങളെല്ലാം ഒരു വിട്ടുവീഴ്‌ച്ചയുമില്ലാതെ ഗ്രൗണ്ടിൽ അവതരിപ്പിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഡച്ച് പടയുടെ നേട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ അവർ ഈ ലോകകപ്പിൽ ഏറ്റവും ആധികാരികമായി കളിക്കുന്ന ടീമുകളിൽ ഒന്നാണ്. അമേരിക്കയ്ക്കെതിരായ പ്രീ ക്വാർട്ടറിലും അവർ തങ്ങളുടെ മികവ് പൂർണമായും പുറത്തെടുത്തിട്ടില്ല. കളി വരുതിയിലാക്കി വിജയത്തിലേക്ക് നീങ്ങുന്ന ഓറഞ്ച് പട അർജന്റീനയ്ക്കെതിരായ ക്വാർട്ടറിലാകും വിശ്വരൂപം പുറത്തെടുക്കുക.
ടൂർണമെന്റിൽ ഇതുവരെ എട്ടു ഗോൾ സ്‌കോർ ചെയ്ത ടീമാണ് നെതർലാൻഡ്സ്. ഒരു കളിയിൽ ശരാശരി രണ്ടെണ്ണം വീതം. ഏഴു ഗോൾ നേടിയ അർജന്റീനയുടെ ശരാശരി മത്സരംപ്രതി 1.75 ഗോളാണ്. എന്നാൽ അവസരങ്ങൾ സൃഷ്ടിച്ചതിൽ സ്‌കലോണിയുടെ സംഘമാണ് മുമ്പിൽ. ഇതുവരെ പത്ത് അവസരങ്ങൾ. ലൂയി വാൻ ഗാലിന്റെ സംഘം സൃഷ്ടിച്ചത് ആറ് അവസരങ്ങളും. ഇരു ടീമുകളുടെയും ആക്രമണ നിര എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ കണക്കാണിത്. അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ ലാറ്റിനമേരിക്കക്കാരേക്കാൾ ഒരുപടി മുമ്പിലാണ് യൂറോപ്യൻ സംഘം.
പ്രീക്വാർട്ടറിൽ യുഎസ്എക്കെതിരെ കളിച്ച 3-4-1-2 ഫോർമേഷൻ തന്നെ നെതർലാൻഡ്സ് ക്വാർട്ടറിലും സ്വീകരിക്കുമെന്ന് കരുതപ്പെടുന്നു. ആൻഡ്രിയസ് നോപ്പർട്ട് തന്നെ വല കാക്കും. പ്രതിരോധത്തിൽ ജറിയൻ ടിംബർ, വിർജിൽ വാൻ ഡൈക്, നഥാൻ ആകെ എന്നിവർ. ഡിഫൻസിന് തൊട്ടുമുമ്പിൽ ഡബ്ൾ പിവോട്ട് റോളിൽ ഡാലി ബ്ലിന്റും ഫോമിലുള്ള ഡെൻസെൽ ഡുംഫ്രൈസും. ക്രിയേറ്റീവ് മിഡിൽ ഡെ റൂണും ഡിയോങ്ങും. സ്ട്രൈക്കിങ്ങിൽ മെംഫിസ് ഡിപേയ്ക്കും കോഡി ഗാക്പോയ്ക്കും പിന്നിൽ എവർട്ടന്റെ ഡവി ക്ലാസൻ വരും.
ലോകകപ്പിൽ ഇതുവരെ
1974 ലോകകപ്പ്
ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ യൊഹാൻ ക്രൈഫിന്റെ മികവിൽ എതിരില്ലാത്ത നാല് ഗോളിനാണ് അർജന്റീനയെ നെതർലൻഡ്സ് തോൽപ്പിച്ചത്. അന്ന് ക്രൈഫ് ഇരട്ടഗോൾ നേടി.
1978 ലോകകപ്പ്
അന്ന് ഇരുടീമുകളും കിരീടപ്പോരാട്ടത്തിലാണ് മുഖാമുഖം വന്നത്. മരിയോ കെംപസിന്റെ ഇരട്ടഗോളിൽ അർജന്റീന നെതർലൻഡ്സിനെ തോൽപ്പിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 3-1നായിരുന്നു ആതിഥേയരുടെ വിജയം.
1998 ലോകകപ്പ്
ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ഗോൾ കണ്ട ക്വാർട്ടർ ഫൈനൽ മത്സരം. 90-ാം മിനിറ്റിൽ ഡെന്നീസ് ബെർകാംപിന്റെ ആ ഗോളിൽ അർജന്റീനയെ 2-1ന് തോൽപ്പിച്ച് ഡച്ച് ടീം സെമിയിലെത്തി.
2006 ലോകകപ്പ്
ഗ്രൂപ്പ് ഘട്ടത്തിലാണ് ഇരുടീമുകളും മുഖാമുഖം വന്നത്. ഗോൾരഹിത സമനിലയായിരുന്നു മത്സരഫലം.
2014 ലോകകപ്പ്
എട്ടു വർഷങ്ങൾക്ക് മുമ്പ് ഡച്ച് ആരാധകരെ സങ്കടത്തിലാഴ്‌ത്തി സെമി ഫൈനലിൽ അർജന്റീന നെതർലൻഡ്സിനെ തോൽപ്പിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ സമയത്തും ഇരുടീമുകളും ഗോൾ നേടാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലെത്തി. 4-2ന് വിജയം അർജന്റീനയ്ക്കൊപ്പം.
സ്പോർട്സ് ഡെസ്ക്