ദോഹ: നിർണായക ക്വാർട്ടർ മത്സരത്തിനിറങ്ങുന്ന ബ്രസീൽ ലൈനപ്പ് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ ഇലവനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ വീണ്ടും കളത്തിലിറക്കുന്നത്. ക്രൊയേഷ്യ രണ്ട് മാറ്റങ്ങളോടെയാണ് ലൈനപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രസീൽ നിരയിൽ റിച്ചാർളിസൺ, വിനീഷ്യസ് ജൂനിയർ, നെയ്മർ, റഫീന്യ, കസമിറോ, ലുക്കാസ് പക്വേറ്റ, ഡാനിലോ, തിയാഗോ സിൽവ, മാർകീന്യോസ്, എഡർ മിലിറ്റാവോ, അലിസൺ ബെക്കർ ഇടംപിടിച്ചു.

ക്രൊയോഷ്യൻ നിരയിൽ പസാലിച്ച്, ക്രമാരിച്ച്, പെരിസിച്ച്, ലൂക്കാ മോഡ്രിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച്, ജുറാനോവിച്ച്, ലോവേൺ, ഗ്വാഡിയോൾ, സോസ, ലിവാക്കോവിച്ച് എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.

തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ, ഡാനിലോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാമസിറോയ്‌ക്കൊപ്പം പക്വേറ്റയാണ്. അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയുമാണുള്ളത്. റിച്ചാർലിസണാണ് ഗോളടിക്കാനുള്ള ചുമതല. 4-2-3-1 ശൈലിയിലാണ് ബ്രസീൽ പരിശീലകൻ ടിറ്റെ ഇന്ന് ടീമിനെ ഇറക്കുന്നത്. മറുവശത്ത് ലൂക്ക മോഡ്രിച്ച്, ഗ്വാർഡിയോൾ, പെരിസിച്ച് അടക്കം ക്രമാരിച്ച് അടക്കം അവരുടെ മികച്ച താരങ്ങളെ എല്ലാം ക്രൊയേഷ്യയും കളത്തിൽ ഇറക്കിയിട്ടുണ്ട്. 4-3-3 ഫോർമേഷനിലാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.

അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാൻ യൂറോപ്പും ലാറ്റിൻ അമേരിക്കയും നേർക്കുനേർ എത്തുമ്പോൾ വിജയം പ്രവചിക്കുക അസാധ്യമാകും. അതേസമയം, ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇറങ്ങുമ്പോൾ കാനറികൾക്ക് ആശങ്കകളില്ല . ഗോൾ അടിച്ചുകൂട്ടുന്ന അപകടകാരികളായ മുന്നേറ്റനിര. ഒന്നിനുപിറകെ ഒന്നായിഅവസരങ്ങൾ സൃഷിടിക്കുന്ന മധ്യനിര. പരീക്ഷിക്കപ്പെടാൻ ഇടം നൽകാത്ത പ്രതിരോധപ്പട. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറും ഫോമിലാണ്.

ബ്രസീലിനെ പോലെ പ്രതിഭാസമ്പന്നമായ സംഘമല്ല ക്രൊയേഷ്യ. സൂപ്പർ താരം ലൂക്കാമോഡ്രിച്ചിനെ ചുറ്റിപ്പറ്റിയാണ് പരിശീലകൻ ഡാലിച്ചിന്റെ തന്ത്രങ്ങൾ. മധ്യനിരയാണ് ടീമിന്റെ കരുത്ത്. മുന്നേറ്റത്തിൽ ക്രമാറിച്ചല്ലാതെ സ്ഥിരതയുള്ള ഫിനിഷർ ഇല്ല. പെരിസിച്ചും പെറ്റ്‌കോവിച്ചും ഫോമിലെത്തേണ്ടതുണ്ട്. പ്രതിരോധനിരയിൽ വിള്ളലുകളില്ലാത്തത് ആശ്വാസമാണ്. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ കണക്കുകളിൽ ബ്രസീലിനാണ് മുൻതൂക്കം.