ദോഹ: സെമി ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ശക്തരായ ബ്രസീലിനെ ആദ്യ പകുതിയിൽ പിടിച്ചുകെട്ടി ക്രൊയേഷ്യ. 12ാം മിനിറ്റിൽ മുന്നിലെത്താനുള്ള അവസരം ഇവാൻ പെരിസിച്ച് പാഴാക്കിയെങ്കിലും ബ്രസീലിനെതിരെ സമ്മർദമില്ലാതെയാണ് ക്രൊയേഷ്യ മുന്നേറിയത്. ആവശകരമായി പുരോഗമിച്ച ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. മത്സരത്തിൽ ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.

45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനായില്ല. ഇരു ടീമുകളും ഗോളിനായി ഇരമ്പിക്കയറിയെങ്കിലും ലഭിച്ച അവസരങ്ങൾ പാഴാക്കി. ബ്രസീലിയൻ ആക്രമണനിരയെ തടഞ്ഞുനിർത്തുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്ന ക്രൊയേഷ്യയേയാണ് മൈതാനത്ത് ആദ്യ പകുതി കണ്ടത്. 52 ശതമാനം ബോൾ പൊസിഷനും മൂന്ന് ഓൺടാർഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെ മികച്ച പ്രകടനമാണ് ക്രൊയേഷ്യ പുറത്തെടുക്കുന്നത്.



12ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കാണ് മത്സരത്തിലെ ആദ്യ സുവർണാവസരം ലഭിച്ചത്. വലതുവിങ്ങിലൂടെ ജോസിപ് ജുരാനോവിച്ച് നടത്തിയ അതിവേഗ മുന്നേറ്റമാണ് ക്രൊയേഷ്യയെ ഗോളിന് അടുത്തെത്തിച്ചത്. ജുരാനോവിച്ചിൽനിന്ന് പന്തു സ്വീകരിച്ച് ബ്രസീൽ ബോക്‌സ് ലക്ഷ്യമാക്കി പസാലിച്ച് കൊടുത്ത തകർപ്പൻ ക്രോസിന് ഇവാൻ പെരിസിച്ചിന് കാലുവയ്ക്കാനാകാതെ പോയത് നേരിയ വ്യത്യാസത്തിൽ. പിന്നാലെ അലിസന്റെ പിഴവിൽനിന്ന് ലഭിച്ച പന്തുമായി ലൂക്കാ മോഡ്രിച്ച് നടത്തിയ മുന്നേറ്റവും ഗോളിലെത്താതെ പോയി.

മത്സരം 20 മിനിറ്റു പിന്നിട്ടതിനു പിന്നാലെ തുടർച്ചയായി ക്രൊയേഷ്യൻ ഗോൾമുഖത്ത് ബ്രസീൽ സാന്നിധ്യമറിയിച്ചു. നെയ്മറും വിനീസ്യൂസ് ജൂനിയറും റിച്ചാർലിസനും ചേർന്ന് ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങളാണ് ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ജീവൻ നൽകിയത്. 26ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ജുരാനോവിച്ചിന്റെ അപകടകരമായ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ അപകടകരമായി ഫൗൾ ചെയ്ത ഡാനിലോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി.

ബ്രസീലിയൻ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണയാണ്. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങൾ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു. ക്രൊയേഷ്യയ്ക്കെതിരെ ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും തോൽവിയറിഞ്ഞിട്ടില്ല എന്നതാണ് ബ്രസീലിന് ആത്മവിശ്വാസം നൽകുന്ന ഘടകം. മൂന്നു മത്സരങ്ങൾ ബ്രസീൽ ജയിച്ചപ്പോൾ, ഒരു മത്സരം സമനിലയിലായി. ഏറ്റവും ഒടുവിൽ ഇരു ടീമുകളും 2018 ജൂണിൽ കണ്ടുമുട്ടിയപ്പോൾ, ബ്രസീൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചു.



ദക്ഷിണ കൊറിയയെ തോൽപ്പിച്ച അതേ ടീമിനെ നിലനിർത്തിയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ ഇറക്കിയത്. മറുവശത്ത്, ജപ്പാനെ വീഴ്‌ത്തിയ ക്രൊയേഷ്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. അസുഖം ഭേദമായി തിരിച്ചെത്തിയ സോസ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ബാരിസിച്ചിനു പകരമാണിത്. പെട്‌കോവിച്ചിനു പകരം പസാലിച്ചും ആദ്യ ഇലവനിൽ ഇടംപിടിച്ചു. വിജയിക്കുന്ന ടീം പുലർച്ചെ നടക്കുന്ന അർജന്റീന നെതർലൻഡ്സ് മത്സരത്തിലെ വിജയികളെ ആദ്യ സെമി ഫൈനലിൽ നേരിടും.

പ്രീ ക്വാർട്ടറിൽ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ ജപ്പാനെ (3 - 1) മറികടന്നാണ് റഷ്യൻ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ അവസാന എട്ടിൽ ഇടംപിടിച്ചത്. അട്ടിമറി വീരന്മാരായ ദക്ഷിണ കൊറിയയെ 4-1ന് അനായാസം മറികടന്നാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയത്.