ദോഹ: അധിക സമയത്തിന്റെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ വിസ്മയ ഗോളുമായി എജ്യൂക്കേഷൻ സിറ്റി സ്‌റ്റേഡിയത്തെ കോരിത്തരിപ്പിച്ച നെയ്മർ.... ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ ക്രൊയേഷ്യയെ കീഴടക്കി കാനറികൾ സെമിയിലേക്ക് എന്ന് തോന്നിയ നിമിഷങ്ങൾ.... മാധ്യമങ്ങൾ തലക്കെട്ട് തയ്യാറാക്കി തുടങ്ങവെ മത്സരം തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ, ക്രൊയേഷ്യയുടെ രക്ഷകൻ പിറന്നു.

എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയിൽ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചർ ഗോളിലൂടെ തകർപ്പൻ മറുപടി. അധിക സമയത്ത് തുല്യത പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. പിന്നെ കണ്ടത് ക്രൊയേഷ്യയുടെ വീരചരിതം. കണ്ണീരോടെ കാനറികളുടെ മടക്കം.

'സുൽത്താന്റെ' സാന്നിധ്യമില്ലാതെയാകും ഇനി ലോകകപ്പ് മുന്നേറുക. ബ്രസീലിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി ക്രൊയേഷ്യ സെമിയിലെത്തുന്ന ആദ്യ ടീമായി മാറുമ്പോൾ ദേശീയ ഹീറോയായി മാറുകയാണ് പകരക്കാരനായി ഇറങ്ങി ക്രൊയേഷ്യയ്ക്ക് ജീവവായു നൽകിയ ബ്രൂണോ പെറ്റ്കോവിച്ച്. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യ ജയിച്ചത്. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ മനക്കരുത്തായിരുന്നു സെമിയിലേക്ക് ക്രൊയേഷ്യയുടെ വഴി തുറന്നത്. അതിന് കരുത്ത് നൽകിയാതാകട്ടെ ബ്രൂണോ പെറ്റ്കോവിച്ചിന്റെ എണ്ണം പറഞ്ഞ ലോംഗ് റേഞ്ചർ ഗോളും.



ഒരു ഗോൾ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് വീണ്ടും ആക്രമിക്കാൻ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്‌കോവിച്ചിന്റെ സമനില ഗോൾ. ബ്രസീൽ താരങ്ങളുടെ നീക്കത്തിന്റെ മുനയൊടിച്ച് ബ്രസീൽ ബോക്‌സിലേക്ക് മിസ്ലാവ് ഓർസിച്ചിന്റെ കുതിപ്പ്. മുന്നോട്ടുകയറി നിൽക്കുകയായിരുന്ന ബ്രസീൽ താരങ്ങൾ പ്രതിരോധിക്കാനായി ബോക്‌സിലേക്ക് പാഞ്ഞെടുത്തുമ്പോഴേയ്ക്കും ഇടതുവിങ്ങിൽനിന്ന് ഓർസിച്ച് പന്തു നേരെ ബോക്‌സിനുള്ളിൽ പെട്‌കോവിച്ചിന് മറിച്ചു. പെട്‌കോവിച്ചിന്റെ ഇടംകാൽ ഷോട്ട് നേരെ വലയിലേക്ക് കുതിച്ചെത്തി.

മത്സരം 70ാം മിനിറ്റ് പിന്നിട്ടതിനു പിന്നാലെയാണ് ക്രമാരിച്ച്, പസാലിച്ച് എന്നിവരെ പിൻവലിച്ച് ക്രൊയേഷ്യൻ കോച്ച് പെട്‌കോവിച്ചിനും നിക്കോളാസ് വ്‌ലാസിച്ചിനും അവസരം നൽകിയത്. ഒറ്റ ഗോളോടെ പകരക്കാരൻ താരം ദേശീയ ഹീറോയായി മാറുകയാണ്.

ക്രൊയേഷ്യയിലെ മെറ്റ്കോവിച്ചിലാണ് പെറ്റ്കോവിച്ച് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജാക്കോവ് പെറ്റ്കോവിച്ച് മെറ്റ്കോവിച്ചിൽ നിന്നുള്ളയാളാണ്, അമ്മ റുസാ നിസിക് ലുബുസ്‌കിക്ക് സമീപമുള്ള ക്ർവേനി ഗ്രമിൽ നിന്നുള്ള ഹെർസഗോവിനിയൻ ക്രൊയറ്റാണ്. റൊണാൾഡോയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ആയിരുന്നു പെറ്റ്കോവിച്ചിന്റെ ബാല്യകാല ആരാധനാ പാത്രങ്ങൾ.

2007ൽ ഡൈനാമോ സാഗ്രെബിലേക്ക് പോകുന്നതിന് മുമ്പ് ജന്മനാട്ടിലെ ക്ലബ്ബുകളായ ഒഎൻകെ മെറ്റ്കോവിച്ച്, എൻകെ നെരെത്വ എന്നിവയിലൂടെയാണ് കളിമികവ് തെളിയിച്ചത്. അടുത്ത രണ്ട് സീസണുകളിൽ, സെരി എ ടീമായ കാറ്റാനിയയ്ക്കൊപ്പം ഇറ്റലിയിലേക്കുള്ള മാറ്റത്തിന് വഴിയൊരുങ്ങി.

പരിക്കേറ്റ മാർക്കോ പിജാക്കയ്ക്ക് പകരക്കാരനായാണ് ദേശീയ ടീമിലേക്ക് വഴി തുറന്നത്. അസർബൈജാനെതിരായ യൂറോ 2020 യോഗ്യതാ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. ടുണീഷ്യയുമായുള്ള സൗഹൃദ മത്സരത്തിൽ അദ്ദേഹം ദേശീയ ടീമിനായി തന്റെ ആദ്യ ഗോൾ നേടി.

ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടറിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകൾക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിന്റെ ആക്രമണത്തിന്റെ തുടർച്ച പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിൽ മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രൊയേഷ്യ നീക്കങ്ങൾ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോൾ പൊസിഷനും മൂന്ന് ഓൺടാർഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്.

മൂന്നാം മിനുറ്റിൽ കൊവാസിച്ചിനെ കാസിമിറോ ഫൗൾ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിന്റെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാർ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് പിടികൂടി. 10-ാം മിനുറ്റിൽ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റിൽ പെരിസിച്ചിന്റെ ഫിനിഷിങ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കിൽ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റിൽ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളിൽ വിശ്രമിച്ചു. 23-ാം മിനുറ്റിൽ നെയ്മറുടെ താളം കൃത്യമായി കണ്ട നീക്കത്തിൽ കസിമിറോയ്ക്ക് ഗോൾവല ഭേദിക്കാനായില്ല. 42-ാം മിനുറ്റിൽ ബോക്സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കിൽ നെയ്മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി.

90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ(105പ്ലസ് വൺ) സാക്ഷാൽ സുൽത്താൻ നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ 116-ാം മിനുറ്റിൽ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്കോവിച്ചിന്റെ ലോംഗ് റേഞ്ചർ മത്സരം 120 മിനുറ്റുകളിൽ സമനിലയിലാക്കി. ഇതോടെ ഷൂട്ടൗട്ടിൽ കാര്യങ്ങൾക്ക് തീരുമാനമാവുകയായിരുന്നു.