- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലിവകോവിച്ചിനെ വട്ടംചുറ്റിച്ച് തകർപ്പൻ ഫിനിഷിങ്; കാനറികളെ മോഹിപ്പിച്ച മിന്നും ഗോൾ; ബ്രസീൽ കുപ്പായത്തിൽ ഫുട്‌ബോൾ രാജാവ് പെലെയുടെ റെക്കോർഡിന് ഒപ്പമെത്തി സുൽത്താൻ നെയ്മർ; എന്നിട്ടും മഞ്ഞപ്പടയ്ക്ക് കണ്ണീരോടെ മടക്കം
ദോഹ: ബ്രസീലിന്റെ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡിന് ഒപ്പമെത്തിയാണ് സുൽത്താൻ നെയ്മർ ഖത്തറിൽ നിന്നും മടങ്ങുന്നത്. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ എക്സ്ട്രാ ടൈമിൽ വല ചലിപ്പിച്ചാണ് നെയ്മർ ഫുട്‌ബോൾ രാജാവിന്റെ റോക്കോർഡിന് ഒപ്പമെത്തിയത്. പെലെയുടെ റെക്കോർഡിനൊപ്പം നെയ്മർ ഇടംപിടിച്ച ദിനം ബ്രസീലിയൻ ഫുട്‌ബോൾ മറക്കാനാഗ്രഹിക്കുന്ന ദിവസം കൂടിയായി മാറുകയാണ്.
ഇരുവരുടേയും ഗോൾനേട്ടം 77 ആയി. നെയ്മർ 124 മത്സരങ്ങളിലും പെലെ 92 കളികളിലുമാണ് ഇത്രയും ഗോളുകൾ അടിച്ചുകൂട്ടിയത്. 98 കളിയിൽ 62 ഗോളുമായി റൊണാൾഡോയാണ് പട്ടികയിൽ മൂന്നാമത്. ഖത്തർ ലോകകപ്പിൽ താരത്തിന്റെ രണ്ടാം ഗോൾ കൂടിയായിരുന്നിത്. നേരത്തെ സ്വിറ്റ്സർലൻഡിനെതിരെയാണ് നെയ്മർ ഗോളടിച്ചിരുന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ എട്ട് ഗോളെന്ന റെക്കോർഡിനൊപ്പവും ബ്രസീൽ സൂപ്പർതാരം എത്തിയിരിക്കുകയാണ്.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നെയ്മാർ നേടിയ ഗോളിൽ ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്ക്കായി ഗോൾ മടക്കിയത്. ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. തുടർന്ന് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ടിലേക്ക്.
ക്രൊയേഷ്യക്കെതിരായ ക്വാർട്ടറിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോറ്റ് ബ്രസീൽ സെമി കാണാതെ പുറത്തായി. 120 മിനുറ്റുകളിൽ ഓരോ ഗോളടിച്ച് ടീമുകൾ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയിൽ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചർ ഗോൾ നേടിയതോടെയാണ് കളി നാടകീയമായി ഷൂട്ടൗട്ടിലേക്കെത്തിയത്. ഇരു ഗോളുകളും എക്സ്ട്രാ ടൈമിലായിരുന്നു.
പലതവണ ഗോളിനടുത്ത് എത്തിയപ്പോഴും പാറപോലെ ഉറച്ചുനിന്ന ക്രൊയേഷ്യൻ പ്രതിരോധത്തെയും ഗോൾകീപ്പർ ലിവാക്കോവിച്ചിനെയും വിദഗ്ധമായി മറികടന്നാണ് എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ബ്രസീൽ ലീഡ് നേടിയത്. ക്രൊയേഷ്യൻ പ്രതിരോധം പിളർത്താൻ അവസരം കാത്ത് ബോക്‌സിനു പുറത്ത് വട്ടമിട്ട ബ്രസീൽ താരങ്ങൾ, ഒരു അവസരം കിട്ടിയതോടെ അകത്തേക്ക്. ലൂക്കാസ് പക്വേറ്റയുമായി പന്ത് കൈമാറി അകത്തേക്ക് കയറിയ നെയ്മാർ, തടയാനെത്തിയ ഗോൾകീപ്പർ ലിവാക്കോവിച്ചിനെ വട്ടംചുറ്റിച്ച് സെക്കൻഡ് പോസ്റ്റിനു സമീപത്തുനിന്ന് നെയ്മാറിന്റെ തകർപ്പൻ ഫിനിഷിങ്.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്‌സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യമാണ്.
2002ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ 20ന് തോൽപ്പിച്ചതിനു ശേഷം കളിക്കുന്ന ആറാം നോക്കൗട്ട് മത്സരത്തിലാണ് ബ്രസീൽ യൂറോപ്യൻ ടീമിനോടു തോറ്റ് പുറത്താകുന്നത്. ഇതിൽ നാലു തവണയും ക്വാർട്ടറിലാണ് ബ്രസീൽ തോറ്റത്. 2006ൽ ഫ്രാൻസിനോടും 2010ൽ നെതർലൻഡ്‌സിനോടും 2018ൽ ബെൽജിയത്തോടും തോറ്റു.
പ്രീക്വാർട്ടറിൽ ജപ്പാന്റെ പോരാട്ടവീര്യത്തെയും പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നതിനു പിന്നാലെയാണ്, ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെയും പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വീഴ്‌ത്തിയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിലും പ്രീക്വാർട്ടറിലും ക്വാർട്ടറിലും അവർ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത്. സെമിയിൽ എക്‌സ്ട്രാ ടൈമിലും. ഡിസംബർ 13നു നടക്കുന്ന ഒന്നാം സെമിഫൈനലിൽ അർജന്റീന നെതർലൻഡ്‌സ് ക്വാർട്ടർ വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.
സ്പോർട്സ് ഡെസ്ക്