ദോഹ: കലാശപ്പോരിനോളം പോന്നൊരു ക്വാർട്ടർ പോരാട്ടം. യൂറോപ്യൻ ഫുട്‌ബോളിലെ അതികായന്മാർക്കൊപ്പം ആഫ്രിക്കയുടെ മാനം കാക്കാൻ മൊറോക്കോയും. രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും യൂറോകപ്പ് റണ്ണറപ്പായ ഇംഗ്ലണ്ടും കൊമ്പുകോർക്കും.

അട്ടിമറിയുടെ സൗന്ദര്യവുമായി എത്തുന്ന മൊറോക്കോയ്ക്ക് എതിരെ പൊരുതാൻ ഉറച്ചാണ് പോർച്ചുഗൽ ഇറങ്ങുന്നത്. അഫ്രിക്കൻ കരുത്തും യൂറോപ്യൻ വേഗതയും തമ്മിലാണ് പോരാട്ടം. ജയവും തോൽവിയും സമനിലയും പരിക്കും പകരക്കാരനും തിരിച്ചു വരവും. 'നായകനില്ലാത്ത' കപ്പലിൽ പറങ്കിപ്പടയുടെ കരുത്തും ദൗർബല്യവും വ്യക്തം.

കളിച്ചാലും ഇല്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയാകും ഇന്നത്ത മത്സരത്തിലും ശ്രദ്ധാകേന്ദ്രം. സ്വിറ്റ്‌സർലൻഡിനെതിരേ ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയ കോച്ച് ഫെർണാണ്ടോ സാന്റോസിനോട് വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തിൽ അതേപ്പറ്റിയായിരുന്നു ചോദ്യങ്ങളേറെയും. ക്രിസ്റ്റ്യാനോ ടീം വിടുമെന്ന വാർത്തയെ അദ്ദേഹം പുഞ്ചിരിയോടെ നിഷേധിച്ചു.

ക്രൊയേഷ്യയെ സമനിലയിൽ പിടിക്കുക, സ്പെയിനിനെയും ബെൽജിയത്തെയും തോൽപ്പിക്കുക. അസംഭവ്യമെന്ന് തോന്നിച്ചത് സാധിച്ചെടുത്തതിന്റെ ആത്മവിശ്വാസമാണ് മൊറോക്കോയുടെ കരുത്ത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഈ ആത്മവിശ്വാസത്തെ പോർച്ചുഗലും ഭയക്കുന്നുണ്ട്.

റൊണാൾഡോയ്ക്ക് പകരമെത്തിയ റാമോസ് ഫോമിലായത് സാന്റോസിനും പോർച്ചുഗലിനും ആത്മവിശ്വാസം നൽകുന്നു. ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന കൗതുകം ആരാധകർക്കുണ്ട്. ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും അവസരങ്ങൾ സൃഷ്ടിക്കുകയും ഗോൾ നേടുകയും ചെയ്യുന്നു. പെപ്പെ നയിക്കുന്ന പ്രതിരോധത്തിലും പഴുതുകളില്ല.

ജയിച്ചാൽ ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാകും മൊറോക്കോ. 2006-നുശേഷം പോർച്ചുഗൽ സെമിയിൽ എത്തിയിട്ടില്ല. പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെ തകർത്താണ് പോർച്ചുഗൽ വരുന്നതെങ്കിൽ കരുത്തരായ സ്പെയിനിനെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് മൊറോക്കോയുടെ വരവ്.

എതിരാളികൾക്ക് മേൽ കൃത്യമായ പദ്ധതിയുണ്ട് മൊറോക്കോയ്ക്ക്. കായിക ക്ഷമതയും വേഗവുമാണ് ടീമിന്റെ കരുത്ത്. എതിരാളിയെ അളന്ന് തന്ത്രങ്ങൾ മെനയുന്ന പരിശീലകനാണ് ഖാലിദ്. തന്ത്രങ്ങളെ കളത്തിൽ ഫലിപ്പിക്കാൻ കഴിവുണ്ട് ടീമിന്. അഷ്‌റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധവും ബൗഫലിന്റെ മധ്യനിരയും ഒരോ കളിയും മെച്ചപ്പെടുന്നുണ്ട്. ഗോൾ വലയ്ക്ക് കീഴിൽ യാസിനും ഫോമിലാണ്.മുന്നേറ്റത്തിൽ സിയേച്ചിന്റെ കാലിലാണ് പ്രതീക്ഷ. സ്‌പെയിനെതിരായ ടീമിൽ കാര്യമായ മാറ്റം ഉണ്ടായേക്കില്ല. സെമി ഫൈനൽ ലക്ഷ്യം വച്ച് ഇരു ടീമുകളും ഇറങ്ങുമ്പോൾ അൽ തുമാമയിൽ ഇന്ന് തീപടരുമെന്ന് ഉറപ്പാണ്.

കൈവശമുള്ള കിരീടം കാത്തുസൂക്ഷിക്കാൻ ഇറങ്ങുന്ന ഫ്രഞ്ച് പടയ്ക്ക് എതിരെ പെരുമയ്ക്ക് ഒപ്പം പോരാട്ടം കാഴ്ചവയ്ക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഗോളടിച്ചു കൂട്ടുന്ന കിലിയൻ എംബാപ്പെ ആ പണി തുടർന്നാൽ ഫ്രാൻസിന് സെമിയിലേക്കുള്ള പോക്ക് എളുപ്പമാകും. ജിറൂഡും ഗ്രീസ്മാനും ഡെംബലെയും ഫോമിലാണ്. ഫ്രാൻസിന്റെ പ്രതിരോധനിര അധികം പരീക്ഷിക്കപ്പെട്ടിട്ടില്ല. ഗോൾ വലയ്ക്ക് കീഴിലുള്ള ഹ്യൂഗോ ലോറിസന്റെ പ്രകടനവും നിർണായകമാകും.

കടലാസിലും കളത്തിലും കരുത്തരാണ് ഇംഗ്ലീഷ് നിര. ടീമിലെ വമ്പൻ പേരുകളെ നന്നായി വിനിയോഗിക്കാൻ സൗത്ത് ഗേറ്റിനാകുന്നുണ്ട്. കരുത്തുള്ള പ്രതിരോധവും കളി മെനയുന്ന മധ്യനിരയും ഗോൾ അടിക്കാൻ മടിയില്ലാത്ത മുന്നേറ്റവും ഫ്രാൻസിന് ഭീഷണിയാകും. ഗോൾ വലയ്ക്ക് കീഴിലും ടീമിന് ആശങ്കയില്ല. യൂറോപ്പിന്റെ കരുത്തും തന്ത്രവുമായി രണ്ട് ടീമുകളും ഏറ്റുമുട്ടുമ്പോൾ ക്വാർട്ടർ പോരാട്ടം കലാശപ്പോരിനൊളം ഉയരും.

പ്രീക്വാർട്ടറിൽ പോളണ്ടിനെ തോൽപ്പിച്ചാണ് ഫ്രാൻസ് വരുന്നതെങ്കിൽ സെനഗലിനെ തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. കൈലിയൻ എംബാപ്പെയെ ആരു തടയുന്നുവോ, അവർക്കാകും ലോകകപ്പ് എന്നാണ് ഫുട്‌ബോൾ വിദഗ്ധരുടെ സംസാരം. ക്വാർട്ടറിൽ ഇറങ്ങുമ്പോൾ ഫ്രാൻസിന്റെ പ്രതീക്ഷകളത്രയും എംബാപ്പെയിലാണ്. ഇതിനകം അഞ്ചു ഗോളുമായി ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന എംബാപ്പെ ഇംഗ്ലണ്ടിനെതിരേയും കസറാനുള്ള പുറപ്പാടിലാണ്. ലോകകപ്പിനിടെ പെട്ടെന്ന് നാട്ടിലേക്കു മടങ്ങിയ ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിങ് ടീമിനൊപ്പം തിരിച്ചെത്തി.