- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
റൊണാൾഡോ ബെഞ്ചിൽ തന്നെ; സൂപ്പർതാരമില്ലാതെ മൊറോക്കോയ്ക്കെതിരെ പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ഇലവൻ; ഗോൺസാലോ റാമോസ് സെൻട്രൽ സ്‌ട്രൈക്കർ; വില്യം കാർവാലിയോയ്ക്ക് പകരം റൂബൻ നെവസ്; നിർണായക മാറ്റവുമായി സാന്റോസ്
ദോഹ: ലോകകപ്പിലെ ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയെ നേരിടാൻ ഒരുങ്ങുന്ന പോർച്ചുഗലിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ച് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബഞ്ചിലിരുത്തിയാണ് ഇന്നും പോർച്ചുഗൽ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ കളിയിൽ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാർട്ടിങ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോൺസാലോ റാമോസാണ് ഇന്നും സെൻട്രൽ സ്‌ട്രൈക്കർ.
ബ്രൂണോ ഫെർണാണ്ടസും ജുവാ ഫെലിക്സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാർ. സ്വിസ് ടീമിനെ നേരിട്ട ഇലവനിൽ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് വരുത്തിയിരിക്കുന്നത്. വില്യം കാർവാലിയോയ്ക്ക് പകരം മധ്യനിരയിൽ റൂബൻ നെവസ് ടീമിലെത്തി.
സ്വിറ്റ്‌സർലൻഡിനെതിരായ കഴിഞ്ഞ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോൺസാലോ റാമോസിനെയാണ് റൊണാൾഡോക്ക് പകരം ഇറക്കിയത്. അന്ന് ഹാട്രിക്കുമായാണ് റോമോസ് തിരിച്ചുകയറിയത്. 2008ന് ശേഷം റൊണാൾഡോ ഇല്ലാതെ ആദ്യമായാണ് കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗൽ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിക്കുന്നത്. പിന്നീട് മത്സരത്തിന്റെ അവസാന മിനുട്ടുകളിലാണ് റോണോയെ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇറക്കിയത്.
എന്നാൽ കിട്ടിയ അവസരം മുതലെടുത്ത റാമോസ് ഒരൊറ്റ മത്സരത്തോടെ ടീമിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി. പെലേക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആണ് റാമോസ് അന്ന് റെക്കോർഡ് ബുക്കിൽകയറിപ്പറ്റിയത്. കൂടാതെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രികും റാമോസിന്റെ പേരിലാണ് അടയാളപ്പെടുത്തപ്പെട്ടത്.
4-3-3 ശൈലിയിൽ മൈതാനത്തിറങ്ങുന്ന പോർച്ചുഗലിന്റെ മധ്യനിരയിൽ ബെർണാഡോ സിൽവയും റൂബൻ നെവസും ഒട്ടോവിയായുമാണ്. റാഫേൽ ഗറേരോ, റൂബൻ ഡിയാസ്, പെപെ, ഡിയാഗോ ഡാലറ്റ് എന്നിവരാണ് പ്രതിരോധത്തിൽ.
4-3-3 ഫോർമേഷനിൽ ഹക്കീം സിയെച്ചിനെയും സൊഫിയാൻ ബുഫൈലിനെയും യൂസെഫ് എൻ നെസീരിയേയും ആക്രമണത്തിന് നിയോഗിച്ചാണ് മൊറോക്കോ ഇറങ്ങുന്നത്. പ്രീ ക്വാർട്ടറിൽ നിന്ന് രണ്ട് മാറ്റങ്ങൾ ടീമിലുണ്ട്. ബോനോ തന്നെയാണ് ഗോൾബാറിന് കീഴെ. സൂപ്പർ താരങ്ങളായ അഷ്റഫ് ഹക്കീമിയും സൊഫീയാൻ ആംറബാട്ടും സ്റ്റാർട്ടിങ് ഇലവനിലുണ്ട്. അൽ തുമാമ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30ന് മത്സരത്തിന് കിക്കോഫാകും.
സ്പോർട്സ് ഡെസ്ക്