ദോഹ: ലോകകപ്പ് ക്വാർട്ടർ ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ മത്സരത്തിനാണ് ഇന്നലെ ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. നെതർലൻഡ്‌സിനെ ആവേശപ്പോരിൽ അർജന്റീന മറികടന്നത് ആവട്ടെ പെനാൽറ്റി ഷൂട്ടൗട്ടിലും. ഒരു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്ത അർജന്റീന നായകൻ ലയണൽ മെസി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. മത്സരത്തിനിടെ ലോകകപ്പിലെ ഒരു റെക്കോർഡ് കൂടി മെസി മറികടന്നു. മറികടന്നതാകട്ടെ ഇതിഹാസങ്ങളിലെ ഇതിഹാസമായ സാക്ഷാൽ പെലെ സ്ഥാപിച്ച റെക്കോർഡ്.

ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുന്ന താരമെന്ന റെക്കോർഡാണ് മെസ്സി ഇപ്പോൾ സ്വന്തം പേരിലാക്കിയിരിക്കുന്നത്. നെതർലൻഡ്‌സിനെതിരായ കളിയിലെ അസിസ്റ്റ് ഉൾപ്പെടെ ഇതുവരെ ലോകകപ്പ് നോക്കൗട്ടുകളിൽ നിന്ന് മെസ്സി അഞ്ച് അസിസ്റ്റുകളാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഫുട്‌ബോൾ രാജാവെന്ന് ലോകം വിശേഷിപ്പിക്കുന്ന പെലെയുടെ പേരിലായിരുന്നു ഇതിനുമുൻപുള്ള റെക്കോർഡ് നേട്ടം. നാല് അസിസ്റ്റുകളാണ് നോക്കൗട്ട് റൗണ്ടുകളിൽ നിന്ന് പെലെ സ്വന്തം പേരിലാക്കിയത്.

ഇനി മെസ്സിക്ക് മുന്നിലുള്ളത് ആകെ ലോകകപ്പ് അസ്സിസ്റ്റുകളുടെ എണ്ണത്തിലെ റെക്കോർഡാണ്. ഗ്രൂപ്പ് സ്റ്റേജ് ഉൾപ്പെടെ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിൽ നിന്നുമുള്ള മെസ്സിയുടെ ആകെ അസിസ്റ്റുകൾ ഏഴെണ്ണമാണ്. ഇക്കാര്യത്തിൽ ബ്രസീൽ ഇതിഹാസം പെലെ തന്നെയാണ് മുന്നിൽ. ലോകകപ്പിൽ പെലെയുടെ പേരിൽ എട്ട് അസിസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് ആരാധകർ വിലയിരുത്തുമ്പോൾ ഒരു അസിസ്റ്റ് കൂടി പൂർത്തിയാക്കി പെലെയുടെ റെക്കോർഡിനൊപ്പമെത്തുമെന്നാണ് ഏവരുടേയും പ്രതീക്ഷ. നിലവിൽ രാജ്യാന്തര തലത്തിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ മെസ്സിയുടെ പേരിൽത്തന്നെയാണ്.

ലോകകപ്പിലെ നേട്ടത്തിനൊപ്പം മത്സരത്തിനിടെ മെസിയുടെ അപൂർവ്വമായ വികാരവിക്ഷോഭങ്ങളും ചർച്ചയാക്കിയിരിക്കുകയാണ് ആരാധകർ. കളത്തിൽ ഇതുവരെ കണ്ടുപരിചയിച്ച താരമേ ആയിരുന്നില്ല ഇന്നലെ നെതർലാൻഡ്സിനെതിരെ. ലോകകപ്പ് ക്വാർട്ടറിൽ ഡച്ച് പടയ്ക്കെതിരെ അർജന്റീന നേടിയ വിജയത്തിനൊപ്പം ആ മത്സരത്തിൽ മെസി നടത്തിയ ആംഗ്യവിക്ഷേപങ്ങളും ചർച്ചയായി. കളത്തിൽ സൗമ്യതയും ശാന്തതയും മുഖമുദ്രയായി കൊണ്ടു നടക്കുന്ന താരത്തിന്റെ അപൂർവ്വമായ വികാരവിക്ഷോഭങ്ങൾക്കാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്.

പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടിയ ശേഷം ഡച്ച് കോച്ച് ലൂയി വാൻ ഗാലിന്റെ അടുത്തെത്തി, കൈപ്പത്തികൾ പുറത്തേക്ക് തുറന്ന് ചെവിയോട് ചേർത്തുപിടിച്ച് മെസ്സി കാണിച്ച ആഘോഷമാണ് ആരാധകർ ഏറെ ചർച്ച ചെയ്യുന്നത്. അർജന്റീനൻ നായകനായിരുന്ന യുവാൻ റോമൻ റിക്വൽമിക്കു വേണ്ടിയാണ് മെസ്സി ഇങ്ങനെയൊരു ആഘോഷം നടത്തിയത് എന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ വിശദീകരിക്കുന്നത്.

രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ബാഴ്സലോണയിൽ കോച്ചായിരുന്ന വേളയിൽ വാൻ ഗാൽ ഏറെ തവണ പുറത്തിരുത്തിയ താരമാണ് റിക്വൽമി. കളത്തിലിറക്കിയ വേളയിൽ തന്റെ ഇഷ്ട പൊസിഷനായ സെൻട്രൽ മിഡ്ഫീൽഡിൽ താരത്തെ കളിപ്പിക്കാനും വാൻ ഗാൽ തയ്യാറായിരുന്നില്ല. രണ്ടര വർഷമാണ് റിക്വൽമി ബാഴ്സലോണയിലുണ്ടായിരുന്നത്.

അർജന്റീനയിലെ ബൊക്ക ജൂനിയേഴ്സിൽ നിന്ന് ബാഴ്സയിലെത്തിയ റിക്വൽമിയുടെ വരവിനെ പൊളിറ്റിക്കൽ സൈനിങ് എന്നാണ് വാൻഗാൽ വിശേഷിപ്പിച്ചിരുന്നത്. ഇക്കാലത്ത്, 2003 മാർച്ചിൽ റേസിഡ് ഡി സാൻഡാൻഡറിനെതിരെ ഗോൾ നേടിയ ശേഷം റിക്വൽമി ചെവിയിൽ കൈ ചേർത്തുവച്ച് ആഘോഷിച്ചിരുന്നു. ടോപോ ജീജോ എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. വാൻഗാലിനെ ഒരിക്കൽക്കൂടി ടോപോ ജീജോ ഓർമിപ്പിക്കുകയായിരുന്നു മെസ്സി.

അതുകൊണ്ടു മാത്രം നിർത്തിയില്ല, പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു കഴിഞ്ഞ ശേഷം വാൻഗാലിനും സഹപരിശീലകൻ എഡ്ഗാർ ഡേവിഡ്സിനും അടുത്തെത്തി കയർത്തു സംസാരിക്കുകയും ചെയ്തു. മെസ്സിയുടെ പുറത്തുതട്ടി എഡ്ഗാർ എന്തോ പറയാൻ ശ്രമിക്കുന്നതും വാൻഗാൽ ഒന്നും മിണ്ടാതെ മിഴിച്ചുനിൽക്കുന്നതും കാണാമായിരുന്നു

അതിനാടകീയ രംഗങ്ങൾക്കൊടുവിലാണ് രണ്ടാം ക്വാർട്ടറിൽ അർജന്റീന ഡച്ച് സംഘത്തെ തോൽപ്പിച്ചത്. ആദ്യ ഇരുപകുതിയും അധികസമയവും സമനിലയിലായതിനാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. നേരത്തെ ഇരട്ടഗോൾ ലീഡ് നേടി മത്സരത്തിൽ മുന്നിട്ടുനിന്ന നീലപ്പടയെ വെഗ്‌ഹോസ്റ്റിനെ സൂപ്പർ സബ്ബായിറക്കി സമനിലയിൽ കുരുക്കിയ ഡച്ച് ടീമിന് പക്ഷേ ഷൂട്ടൗട്ട് സമ്മർദ്ദം അതിജീവിക്കാനായില്ല.

 

നാലു അർജന്റീനൻ താരങ്ങൾ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ മൂന്നു പേരാണ് ഡച്ചപടയിൽ നിന്ന് ലക്ഷ്യം കണ്ടത്. അർജന്റീനൻ ഗോൾകീപ്പർ മാർട്ടിനെസ് കിടിലൻ സേവുകളും ഷൂട്ടൗട്ടിൽ കാഴ്ചവെച്ചു. നാലാമത് കിക്കെടുത്ത എൻസോ അവസരം പാഴാക്കിയെങ്കിലും ലൗത്താരോയെടുത്ത അവസാന കിക്ക് സെമിയിൽ അർജന്റീനയുടെ ഇടം ഉറപ്പാക്കി.