ബെർലിൻ: ഖത്തർ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന് പിന്നാലെ താരങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ഉയർത്തുന്നത്. ഖത്തർ ലോകകപ്പിൽ നിന്ന് ടീം പുറത്താകുന്നതിലേക്ക് നയിച്ചത് താരങ്ങളുടെ ഭാര്യമാർക്കും കാമുകിമാർക്കുമൊപ്പമുള്ള സമയം ചെലവഴിക്കലാണെന്നാണ് അസോസിയേഷന്റെ വിമർശനം.

കോസ്റ്ററീക്കയ്ക്കെതിരെയുള്ള മത്സരത്തിന് മുൻപ് ടീമിന്റെ തയ്യാറെടുപ്പിനെ ഇത് ബാധിച്ചെന്നും താരങ്ങൾ ഒരു അവധിക്കാലത്തിന്റെ മൂഡിലായിരുന്നുവെന്നും അസോസിയേഷൻ വിമർശിച്ചു. ലോകകപ്പിലെ
ടീമിന്റെ പ്രകടനം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് താരങ്ങൾക്കും കാമുകിമാർക്കും ഭാര്യമാർക്കും എതിരെ രൂക്ഷവിമർശനം ഉണ്ടായത്.

ജർമൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് ബെർൻഡ് ന്യൂൻഡ്രോഫ്, വൈസ് പ്രസിഡണ്ട് ഹാൻസ് ജോകിം വാട്‌കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ടീം താമസിച്ച ഹോട്ടലിൽ പങ്കാളികളെ അനുവദിക്കാത്തതിൽ ചില കളിക്കാർക്ക് അതൃപ്തിയുണ്ടായിരുന്നതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



2014ൽ ലോക ചാമ്പ്യന്മാരായി റഷ്യയിലെത്തിയ ജർമൻ പട ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇതിന് മറുപടി ഖത്തറിൽ കൊടുക്കാൻ എത്തിയപ്പോൾ ഉൾപ്പെട്ടത് സ്‌പെയിനും ജപ്പാനും കോസ്റ്ററിക്കയും അടങ്ങുന്ന മരണഗ്രൂപ്പിലാണ്.

ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ് തുടങ്ങിയ ജർമനി സ്‌പെയിനോട് സമനിലയും കോസ്റ്ററിക്കയോട് ജയവും നേടിയെടുത്തെങ്കിലും ആദ്യ കടമ്പ കടക്കാനായില്ല.2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത് ജർമനിയാണ്. ഇതിന് മുമ്പ് തോൽവികളുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനാണ് ജർമൻ ഫുട്‌ബോൾ അസോസിയേഷന്റെ ശ്രമം.

തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം അതിജീവിക്കാനാകാതെ ജർമനി മടങ്ങുമ്പോൾ പ്രധാന ടൂർണമെന്റുകളിൽ കരുത്തുകൂടുന്നവരെന്ന വിശേഷണം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കാലം മാറിയതും കളി മാറിയതും അറിയാതെ പോയതായിരുന്നു റഷ്യയിൽ ജർമൻ സംഘത്തിന് പറ്റിയ അബദ്ധം. 2018ൽ മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് ഗ്രൂപ്പിൽ ഏറ്റവും പിന്നിലായിപ്പോയി. ഇക്കുറി ഒരു പടി മുകളിലേക്ക് കയറിയെന്നതിൽ മാത്രമാണ് ഏക ആശ്വാസം.

ലോകകപ്പ് ക്യാമ്പിലാണെന്ന് പോലും പലരും മറന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അതേസമയം അസോസിയേഷന്റെ വിമർശനത്തിൽ പരിശീലകൻ ഹാൻസി ഫ്ളിക് ഇനിയും പ്രതികരിച്ചിട്ടില്ല. ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും 2024ൽ ജർമനിയിൽ നടക്കുന്ന യൂറോ കപ്പ് വരെ ഫ്ളിക്കിന് പരിശീലകന്റെ കരാർ നീട്ടി നൽകിയിട്ടുണ്ട്.

അതേ സമയം അവധിക്കാലം ആഘോഷിക്കാനിറങ്ങിയ നായകൻ മാനുവൽ ന്യൂയർക്ക് സ്‌നോ സ്‌കേറ്റിംഗിനിടെ കാൽ ഒടിഞ്ഞു. വെള്ളിയാഴ്ച താൻ ശസ്ത്രക്രിയക്ക് വിധേയനായെന്ന് താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഈ സീസൺ പൂർണമായും നഷ്ടമാകുന്നതിന് വലിയ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു.



ക്ലബ്ബ് സീസൺ വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് ലഭിച്ച കുറച്ച് സമയം ആഘോഷിക്കാനായ പോയ സമയത്താണ് ന്യൂയർക്ക് അപകടം ഉണ്ടായത്. അതേസമയം, തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ ഞെട്ടലിലാണ് ജർമനി.