ദോഹ: അട്ടിമറികൾ കൊണ്ട് വിഖ്യാതമായ ഖത്തർ ലോകകപ്പ്. ഒടുവിൽ ഇതാ അവസാന നാലിൽ ചരിത്രത്തിൽ ആദ്യമായി ഇടംപിടിച്ച് ഒരു ആഫ്രിക്കൻ രാജ്യവും. അറബി സംസാരിക്കുന്ന അറേബ്യൻ വേരുകൾ ഉള്ള ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് ഒരു വൻകരയുടെ ചിരകാല സ്വപ്‌നം യാഥാർത്ഥ്യമാക്കിയത്. വീറുറ്റ പോരാട്ടങ്ങൾ നടത്തി നോക്കൗട്ടിൽ കണ്ണീരോടെ മടങ്ങാറുള്ള ആഫ്രിക്കൻ താരങ്ങളുടെ പ്രതികാരദാഹമാണ് പറങ്കിപ്പടയെ തുരത്താനായി മൊറോക്കോ താരങ്ങൾക്ക് പ്രചോദനമായത്.

ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്. പകരക്കാരനായി ബെഞ്ചിലിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ് മാർക്ക് സ്‌റ്റൈലിൽ ഒരാൾ പൊക്കത്തിൽ ഉയർന്നുചാടി ഹെഡ്ഡ് ചെയ്ത എൻ നെസിരിയാണ് മൊറോക്കോയുടെയും ആഫ്രിക്കൻ വൻകരയുടെയും അഭിമാനം ഉയർത്തിയ വിജയഗോൾ നേടിയത്.



പോർച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയുടെ പിഴവും സ്‌പെയിനിൽ കളിക്കുന്ന നെസിരിക്ക് കാര്യങ്ങൾ എളുപ്പമാക്കി. നാൽപത്തിരണ്ടാം മിനിറ്റിലായിരുന്നു ചരിത്രപുസ്തകങ്ങളിൽ ഇടം നേടിയ ഈ സുവർണഗോൾ പിറന്നത്.

ഫുട്ബോൾ ഭൂപടത്തിൽ ഇതുവരെ വ്യക്തമായ മേൽവിലാസം ഉണ്ടായിരുന്നില്ല മൊറോക്കോയ്ക്ക്. എന്നാൽ ഖത്തർ ലോകകപ്പ് അടയാളപ്പെടുത്തുകയാണ് താരപരിവേഷങ്ങളില്ലാതെ വന്ന് അട്ടിമറികളിലൂടെ ഫുട്‌ബോൾ ആരാധകരുടെ മനം കവർന്ന ഈ അറബ് ആഫ്രിക്കൻ കരുത്തരെ.

ഈ ലോകകപ്പിൽ അവസാന നാല് ടീമുകളിൽ ഒന്നായ മൊറോക്കോയുടെ കുതിപ്പ് അപ്രതീക്ഷിതവും എക്കാലവും ഓർമ്മിക്കപ്പെടുന്നതുമായിരുന്നു. ക്രൊയേഷ്യയും ബെൽജിയവും കാനഡയും ഉൾപ്പെടുന്ന ഗ്രൂപ്പിൽ മൊറോക്കോ ആദ്യ ഘട്ടം കടന്ന് മുന്നോട്ട് പോകുമെന്ന് പോലും ആരും കരുതിയിരുന്നില്ല. ഫുട്‌ബോൾ വിദഗ്ദ്ധർ നോക്കൗട്ടിലേക്ക് പ്രവചിച്ചത് ക്രൊയേഷ്യയ്ക്കും ബൽജിയത്തിനുമായിരുന്നു. എന്നാൽ കളിക്കളത്തിൽ പോരാട്ടം തുടങ്ങിയതോടെ കഥമാറി.



ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ റഷ്യൻ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചായിരുന്നു തുടക്കം. ആ മത്സരത്തിന്റെ ഫലത്തിൽ ഒരിക്കലും മൊറോക്കോ പ്രകീർത്തിക്കപ്പെട്ടില്ല. ക്രൊയേഷ്യയുടെ 2018ലെ മുന്നേറ്റം ഒറ്റത്തവണ പ്രതിഭാസം ആയിരുന്നു എന്ന തലത്തിലായിരുന്നു വിലയിരുത്തലുകളും വിശേഷണങ്ങളും. എന്നാൽ ഇന്ന് അതേ ഗ്രൂപ്പിൽ നിന്ന് രണ്ട് സംഘങ്ങളും സെമി ഫൈനലിൽ എത്തിയിരിക്കുന്നു.

ഗ്രൂപ്പ് മത്സരത്തിൽ ലോക രണ്ടാം നമ്പർ ടീമായ ബെൽജിയത്തെ അട്ടിമറിച്ചതോടെയാണ് മൊറോക്കോ ചെറിയ മീനല്ലെന്ന സത്യം മറനീക്കി പുറത്തേക്ക് വന്നത്. പിന്നീട് കാനഡയെ കൂടി പരാജയപ്പെടുത്തി ഏഴ് പോയിന്റുമായി പ്രീ ക്വാർട്ടറിലേക്ക് കുതിച്ചത് അപരാജിതരായി. അവിടെ നേരിടാനുണ്ടായിരുന്നതാകട്ടെ സാക്ഷാൽ സ്പെയ്നിനെ. നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിതമായിരുന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ സ്പാനിഷ് വമ്പന്മാരെ മുട്ടുകുത്തിച്ച് ക്വാർട്ടറിലെത്തി.



ക്വാർട്ടറിൽ കാത്തിരുന്നത് സിആർ7ന്റെ പോർച്ചുഗൽ. ഏകപക്ഷീയമായ ഒരു ഗോളിന് ജയം ആഘോഷിച്ച് മൊറോക്കൻ സംഘം യാത്ര തുടരുകയാണ്. സെമിയിലെത്തി നിൽക്കുന്ന ആ യാത്രയുടെ അവസാനം ലോക കിരീടവും ഉയർത്തി ആകുമോ? പ്രവചന സിംഹങ്ങൾ പിൻവലിഞ്ഞു കഴിഞ്ഞു.

കളിക്കളത്തിൽ എന്താണ് ചെയ്യുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായ ധാരണയുള്ള ടീമാണവർ. രണ്ട് ജയങ്ങൾക്കപ്പുറം ലോക ഫുട്ബോൾ രാജാക്കന്മാരുടെ സിംഹാസനം അവരെ കാത്ത് കിടക്കുന്നു. ഒത്തിണക്കത്തോടെ മികച്ച പ്രതിരോധവും പ്രത്യാക്രമണവും നടത്തുന്ന മൊറോക്കൻ സംഘം എന്ത് അത്ഭുതത്തിനും പോന്നവരാണ്. എതിരാളി ഏതുകൊലകൊമ്പനായാലും സമ്മർദമില്ലാതെ കളിക്കാനുള്ള കരളുറപ്പ് കൈമുതലാക്കിയവർ. അത് തന്നെയാണ് ഈ സംഘത്തെ ഇവിടം വരെ എത്തിച്ചതും.



ലോകകപ്പ് വേഗകുതിപ്പിൽ മത്സരത്തിൽ പോർച്ചുഗലിന്റെ ഗോളെന്നുറച്ച നാലോളം ഷോട്ടുകളാണ് ഗോൾകീപ്പർ യാസിൻ ബോനോ തടുത്തിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ബോനോ മൊറോക്കോയുടെ രക്ഷയ്ക്കെത്തി. ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഒരു ഡൈവിങ് ഹെഡർ താരം തട്ടിയകറ്റി. പിന്നാലെ 83-ാം മിനിറ്റിലും ഫെലിക്സിന്റെ കിടിലനൊരു ഷോട്ട് തടുത്തിട്ട് ബോനോ ഒരിക്കൽ കൂടി മൊറോക്കോയുടെ രക്ഷകനായി. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഷോട്ടും രക്ഷപ്പെടുത്തിയ ബോനോ പോർച്ചുഗലിന് പുറത്തേക്കുള്ള വഴികാണിക്കുകയായിരുന്നു.



നേരത്തെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയ്നിനെതിരേയും മൊറോക്കോയ്ക്ക് തുണയായത് ബോനോയുടെ കിടിലൻ സേവുകളായിരുന്നു. നിശ്ചിത സമയത്ത് 55-ാം മിനിറ്റിൽ സ്പാനിഷ് താരം ഡാനി ഓൽമോയുടെ ഗോളെന്നുറച്ച ഫ്രീ കിക്ക് രക്ഷപ്പെടുത്തി ബോനോ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ട് വരെയെത്തിച്ചു. ഷൂട്ടൗട്ടിൽ കാർലോസ് സോളറിന്റെയും സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകൾ രക്ഷപ്പെടുത്തി ബോനോ വീണ്ടും താരമായി. 10 വർഷമായി സ്പാനിഷ് ലീഗിൽ കളിക്കുന്നതിന്റെ ഗുണം പ്രീ ക്വാർട്ടറിൽ സ്പെയ്നിനെതിരേ ബോനോ പുറത്തെടുത്തു. ഈ ലോകകപ്പിൽ ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്ന് താരം വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രമാണ്.



ഖത്തറിലേത് മൊറോക്കോ കളിക്കുന്ന ആറാമത്തെ മാത്രം ലോകകപ്പാണ്. 1970ൽ ആണ് ആദ്യമായി അവർ ലോകകപ്പിൽ പന്ത് തട്ടിയത്. പിന്നീട് 1986, 1994, 1998 ലോകമാമാങ്കത്തിലും മൊറോക്കൻ സംഘം കളിക്കാനെത്തി. പിന്നീട് 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018ലെ റഷ്യൻ ലോകകപ്പിലാണ് പന്തുതട്ടിയത്. സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നിവർക്കൊപ്പം മത്സരിച്ച അവർ രണ്ട് തോൽവിയും ഒരു സമനിലയുമായി മടങ്ങി. സ്പെയ്നിനോട് സമനില നേടിയെങ്കിലും പോർച്ചുഗലിനോടും ഇറാനോടും തോറ്റായിരുന്നു അന്ന് മടങ്ങിയത്.