ദോഹ: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഇംഗ്ലണ്ടിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മുന്നിൽ. പതിനേഴാം മിനിറ്റിൽ ഔറേലിയൻ ചൗമേനി നേടിയ ഗോളിലാണ് ഫ്രാൻസ് മുന്നിലെത്തിയത്. ഗോൾ മടക്കാൻ 21ാം മിനിറ്റിൽ സുവർണാവസരം ലഭിച്ചെങ്കിലും ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ നഷ്ടപ്പെടുത്തി.

ഇംഗ്ലണ്ട് ബോക്‌സിലേക്ക് ഫ്രഞ്ച് താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ 17ാം മിനിറ്റിലാണ് ചൗമേനി ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുമ്പോഴാണ് ചൗമേനിയിലൂടെ ഫ്രാൻസ് ലീഡ് പിടിച്ചത്. അന്റോയ്ൻ ഗ്രീസ്മന്റെ പാസിൽ നിന്നായിരുന്നു ചൗമേനിയുടെ ഗോൾ. ഈ ലോകകപ്പിൽ ഗ്രീസ്മൻ സൃഷ്ടിക്കുന്ന 16ാമത്തെ ഗോളവസരമാണിത്. ഇക്കാര്യത്തിൽ മുന്നിലുണ്ടായിരുന്ന സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പമെത്തി താരം.

ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് അവരുടെ ബോക്‌സിലേക്ക് ഫ്രാൻസ് നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി. ഇംഗ്ലണ്ടിന്റെ പകുതിയിൽ പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറിയ കിലിയൻ എംബപെ ഡെക്ലാൻ റൈസിന്റെ വെല്ലുവിളി മറികടന്ന് പന്ത് വലതുവിങ്ങിൽ അന്റോയ്ൻ ഗ്രീസ്മനു മറിച്ചു. പന്തു പിടിച്ചെടുത്ത് ഗ്രീസ്മൻ അത് ബോക്‌സിനു പുറത്ത് നടുവിൽ ചൗമേനിക്കു നൽകി. ഒന്നുരണ്ടു ചുവടുവച്ച് ബോക്‌സിനു പുറത്തുനിന്ന് ചൗമേനി പായിച്ച ലോങ് റേഞ്ചർ ജൂഡ് ബെല്ലിങ്ങാമിന്റെ കാലുകൾക്കിടയിലൂടെ ഇംഗ്ലണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്.

ഗോൾ വഴങ്ങിയതിനു പിന്നാലെ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട്, ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നിന്റെ രണ്ട് ഗോൾശ്രമങ്ങൾ ഫ്രഞ്ച് നായകൻ കൂടിയായ ഹ്യൂഗോ ലോറിസ് തടുത്തിട്ടു. ഇതിനിടെ ഫ്രഞ്ച് ബോക്‌സിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഹാരി കെയ്നെ ഉപമെകാനോ വീഴ്‌ത്തിയതിന് ഇംഗ്ലണ്ട് താരങ്ങൾ പെനൽറ്റിക്കായി വാദിച്ചെങ്കിലും, 'വാറി'ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ റഫറി അനുവദിച്ചില്ല.

ഇതിനു മുൻപ് ഇരു ടീമുകളും ലോകകപ്പിൽ രണ്ടു തവണ കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടു തവണയും ഇംഗ്ലണ്ട് ജയിച്ചുകയറി. 1966ൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച അവർ, 1982ൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചു. ഇന്ന് വിജയിക്കുന്നവർ രണ്ടാം സെമിയിൽ മൊറോക്കോയെ നേരിടും.