കോഴിക്കോട്: ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ ആവേശക്കൊടുമുടിയേറി സെമി ഫൈനലിൽ എത്തി നിൽക്കുകയാണ്. 32 ടീമുകൾ വിശ്വകിരീടത്തിനായി ആരംഭിച്ച പോരാട്ടം അവസാന നാലിൽ എത്തി നിൽക്കുന്നു. ലോകകപ്പ് ലഹരിയിലാണ് ലോകമെങ്ങുമുള്ള ആരാധകർ. ലോകകപ്പിന്റെ അലയൊലികൾ തുടക്കം മുതൽ നിലനിൽക്കുകയാണ് കേരളത്തിലും. ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു. അർജന്റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. പിറ്റേ ദിവസം തന്നെ മാധ്യമങ്ങളിൽ മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നു. വിട്ടുകൊടുക്കാതെ നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം പുഴയിൽ നെഞ്ചുവിരിച്ച് നിന്നു.

മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ട് ഉയർന്നത്. രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെയായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു. പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി.

കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നും നീക്കം ചെയ്യണമെന്നുമൊക്കെയായി പുള്ളാവൂരിൽ മെസിയും നെയ്മറും ക്രിസ്റ്റ്യാനോയും മലയാളികളുടെ ഫുട്‌ബോൾ ചർച്ചകളിൽ ഇടംപിടിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. പിന്നീട് ഫിഫ വരെ കട്ടൗട്ടുകൾ ഔദ്യോഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തു.

മത്സരങ്ങൾ സെമിയിലേക്ക് കടക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും വിരുദ്ധമായ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ലോകകപ്പിൽ അരങ്ങേറുന്നത്. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ട് അർജന്റീന നിരാശപ്പെടുത്തിയെങ്കിലും സെമി ചിത്രങ്ങൾ തെളിഞ്ഞു വരുമ്പോൾ ആദ്യം ഇടം നേടിയത് അർജന്റീനയാണ്.

ആദ്യ ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യയോട് ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും നെയ്മറിന്റേയും റിച്ചാര്‌ലിസന്റേയും ബ്രസീൽ ലോകകപ്പിനോട് കണ്ണീരോടെ വിടപറഞ്ഞു. പരാജിതനായി കരഞ്ഞു കൊണ്ടുള്ള നെയ്മറിന്റെ മടക്കം ബ്രസീൽ ആരാധകരുടെ മനസ്സിൽ അടുത്ത നാല് വർഷവും വിങ്ങുന്ന ചിത്രമായിരിക്കും. രണ്ടാമത് നടന്ന ക്വാർട്ടർ മത്സരത്തിൽ നെതർലൻഡിന് മുമ്പിൽ അൽപം വിയർത്തെങ്കിലും അർജന്റീന സെമിയിലെത്തി.

നെയ്മറിന്റെ കാര്യത്തിൽ തീരുമാനമായതോടെ ആരാധകർ ഉറ്റുനോക്കിയത് പോർച്ചുഗൽ-മൊറോക്കോ പോരാട്ടമായിരുന്നു. മത്സരം തുടങ്ങുമ്പോൾ ബെഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ 51ാം മിനുട്ടിൽ ഇറങ്ങിയെങ്കിലും മൊറോക്കൻ ശക്തിക്ക് മുന്നിൽ അടിപതറി വീണു. സെമി പോലും കാണാതെ തന്റെ അവസാന ലോകകപ്പിൽ നിന്നും വിടപറഞ്ഞു പോകുന്ന ക്രിസ്റ്റ്യാനോ ആയിരിക്കും ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഓർത്തുവെക്കപ്പെടുന്നത്.

ക്രിസ്റ്റ്യാനോയും നെയ്മറും ലോകകപ്പിൽ നിന്ന് പുറത്തായതോടെ പുള്ളാവൂർ പുഴയിൽ ഉയർത്തിയ കട്ടൗട്ടുകളിൽ ഇനി അവശേഷിക്കുന്നത് മെസി മാത്രമാണ്. കൊണ്ടു കൊടുത്തും ആവേശത്തോടെ മുന്നേറിയ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോൾ വീതമടിച്ചു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസി തന്നെയായിരുന്നു അർജന്റീനയുടെ കുന്തമുന. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ഓറഞ്ച് പടയെ തോൽപ്പിച്ച് അർജന്റീന സെമി ബെർത്തുറപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 12.30ന് ക്രൊയേഷ്യയാണ് അർജന്റീനയുടെ സെമി എതിരാളികൾ.