- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ദുരന്ത നായകനായി ഹാരി കെയ്ൻ! വീണു കീട്ടിയ പെനാൽറ്റി പുറത്തേക്കടിച്ച് സമനില നേടാനുള്ള സുവർണ്ണാവസരം പാഴാക്കി; ഇംഗ്ലണ്ടിനെ ക്വാർട്ടറിൽ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ എത്തുന്നത് ഭാഗ്യത്തിന്റെ കരുത്തിൽ; ജയമുറപ്പിച്ച് ചൗമേനിയുടെ ലോങ് റേഞ്ചറും ജിറൂദിന്റെ ബുള്ളറ്റ് ഹെഡറും; മൊറോക്കോയെ നേരിടാൻ ദെഷാംസിന്റെ യൂറോപ്യൻ സംഘം; നിലവില ചാമ്പ്യന്മാർക്ക് അടുത്ത എതിരാളി ചരിത്രം രചിക്കുന്ന ആഫ്രിക്കൻ കരുത്ത്
ദോഹ: ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വീഴ്‌ത്തി നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകർത്തെറിഞ്ഞ് ഫ്രഞ്ച് പട സെമിയിലേക്ക് മാർച്ച് നടത്തിയത്. ഫ്രാൻസിനായി ചൗമേനി, ജിറൂദ് എന്നിവരാണ് ഗോളുകൾ നേടിയത്. ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ നായകൻ ഹാരി കെയ്ൻ സ്വന്തമാക്കി. ഒരു ഗോളിന് പിന്നിൽ നിന്നപ്പോൾ ലഭിച്ച പെനാൽറ്റി ഹാരി കെയ്‌ന് പുറത്തേക്ക് അടിച്ചു കളഞ്ഞതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സെമിയിൽ ഫ്രാൻസ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടും.
ആദ്യ ഗോൾ അതിവേഗം നേടി മാനസികാധിപത്യം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഇരു യൂറോപ്യൻ വമ്പന്മാരും. നിരന്തരമായ മുന്നേറ്റങ്ങൾക്കിടെ 11-ാം മിനിറ്റിൽ ഫ്രാൻസിന് ആദ്യ അവസരം ലഭിച്ചു. വലതു വിംഗിൽ നിന്ന് ഡെംബലെ നൽകിയ ക്രോസ് അൽപ്പം പണിപ്പെട്ട് ആണെങ്കിലും ജിറൂദ് ലക്ഷ്യത്തിലേക്ക് തിരിച്ച് വിട്ടെങ്കിലും ഇംഗ്ലീഷ് ഗോൾ കീപ്പർ പിക്ക്‌ഫോർഡിന്റെ പൊസിഷൻ കിറുകൃത്യമായിരുന്നു.
ഫ്രാൻസ് താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് കൂടുതൽ സുരക്ഷിതമായ രീതിയിലേക്ക് ഗെയിം പ്ലാൻ മാറ്റി. ആന്റോയിൻ ഗ്രീസ്മാൻ ആയിരുന്നു ഫ്രഞ്ച് സംഘത്തിന്റെ എഞ്ചിൻ. വിംഗുകൾ മാറി മാറിയും മൈതാന മധ്യത്ത് പാറിപ്പറന്നും അത്‌ലറ്റിക്കോ മാഡ്രിഡ് താരം കളം നിറഞ്ഞു. 17-ാം മിനിറ്റിൽ ഫ്രാൻസിന്റെ ഗോളടി മികവ് ഇംഗ്ലണ്ട് ശരിക്കും മനസിലാക്കി. പന്ത് വീണ്ടെടുത്ത് പാഞ്ഞു കയറി പ്രതിരോധത്തിലെ കരുത്തൻ ഉപമെക്കാനോ ആണ് എല്ലാം തുടങ്ങി വച്ചത്. അവസാനം ഗ്രീസ്മാൻ ചൗമേനിയിലേക്ക് പാസ് നൽകുമ്പോൾ ഇംഗ്ലീഷ് താരങ്ങൾക്ക് അപകടമൊന്നും തോന്നിയില്ല.
റയൽ മാഡ്രിഡ് താരം 25 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട സൗത്ത്‌ഗേറ്റ് ഒരുക്കിയ പ്രതിരോധ പൂട്ടിനെയും ഗോൾ കീപ്പറെയും കടന്ന വലയിലേക്ക് തുളഞ്ഞു കയറി. ഗോൾ കീപ്പർ അടക്കം പത്ത് ഇംഗ്ലീഷ് താരങ്ങൾ മുന്നിൽ നിൽക്കെയാണ് ചൗമേനി പോഗ്‌ബെയെ അനുസ്മരിക്കും വിധം അസാധ്യമായ ഗോൾ കുറിച്ചത്.
ഗോൾ വഴങ്ങിയതോടെ ഇംഗ്ലണ്ട് ഉണർന്നു പൊരുതി. 22-ാം മിനിറ്റിൽ ഉപമെക്കാനോയുടെ ഡിഫൻസ് പൊളിച്ച് ഹാരി കെയ്ൻ മുന്നോട്ട് കയറി വന്ന ഷോട്ട് എടുത്തെങ്കിലും ഹ്യൂഗോ ലോറിസ് എന്ന വന്മതിൽ കടന്നില്ല. 26-ാം മിനിറ്റിൽ കെയ്‌നെതിരെയുള്ള ഉപമെക്കാനോയുടെ ചലഞ്ചിന് ഇംഗ്ലണ്ട് താരങ്ങൾ പെനാൽറ്റിക്കായി മുറവിളി കൂട്ടിയെങ്കിലും റഫറി എതിരായി. വാർ റൂമിൽ നിന്നും ഇംഗ്ലണ്ടിന് അനുകൂലമായി വിധി എത്തിയില്ല.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ഇംഗ്ലണ്ടിനെ 54ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഹാരി കെയ്ൻ തന്നെയാണ് ഒപ്പമെത്തിച്ചത്. ജൂഡ് ബെലിങ്ങാമിനു പന്തു കൈമാറി ഫ്രഞ്ച് ബോക്‌സിലേക്ക് ആക്രമിച്ചു മുന്നേറിയ ഇംഗ്ലിഷ് താരം ബുകായോ സാകയെ, ബോക്‌സിനുള്ളിലേക്കു കടന്നതിനു പിന്നാലെ ഔറേലിയൻ ചൗമേനി വീഴ്‌ത്തി. ഒരു നിമിഷം പോലും വൈകിക്കാതെ റഫറി പെനൽറ്റി സ്‌പോട്ടിലേക്കു വിരൽചൂണ്ടി. കിക്കെടുക്കാനെത്തിയ ഹാരി കെയ്ൻ അനായാസം ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ഫ്രാൻസിനൊപ്പം. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളിൽ കെയ്ൻ സാക്ഷാൽ വെയ്ൻ റൂണിക്കൊപ്പമെത്തി.
78ാം മനിറ്റിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കി വീണ്ടും ഫ്രാൻസ് മുന്നിലെത്തി. ഒളിവർ ജിറൂദിന്റെ തകർപ്പൻ ഹെഡറാണ് ഫ്രഞ്ച് പടയെ വീണ്ടും മുന്നിലെത്തിച്ചത്. സമനില ഗോൾ നേടിയതോടെ വർധിത വീര്യം പ്രകടിപ്പിച്ച ഇംഗ്ലണ്ട് അടുത്ത ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഫ്രാൻസ് അപ്രതീക്ഷിതമായി ലീഡു നേടിയത്. 77ാം മിനിറ്റിൽ ഒസ്മാൻ ഡെംബലെയിൽനിന്ന് ലഭിച്ച പന്തിന് ഇടംകാലുകൊണ്ട് ഗോളിലേക്കു വഴികാട്ടാൻ നടത്തിയ ശ്രമം ഉജ്വല സേവിലൂടെ ജോർദാൻ പിക്‌ഫോർഡ് രക്ഷപ്പെടുത്തിനു തൊട്ടുപിന്നാലെയാണ് ജിറൂദ് തന്നെ ലക്ഷ്യം കണ്ടത്.
ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ കിക്കെടുത്തത് അന്റോയ്ൻ ഗ്രീസ്മൻ. താരത്തിന്റെ കിക്ക് ഇംഗ്ലണ്ട് പ്രതിരോധം ക്ലിയർ ചെയ്‌തൈങ്കിലും പന്തു വീണ്ടും ലഭിച്ച ഗ്രീസ്മൻ അത് ബോക്‌സിലേക്ക് മറിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഉയർന്നുചാടിയ ജിറൂദിന്റെ ബുള്ളറ്റ് ഹെഡർ വലയിൽ.
84ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നായകൻ ഹാരി കെയ്ൻ പുറത്തേക്കടിച്ചത് ഇംഗ്ലണ്ട് താരങ്ങൾക്കും ആരാധകർക്കും ഒരുപോലെ അവിശ്വസനീയമായിരുന്നു. ഇംഗ്ലീഷ് താരം മേസൺ മൗണ്ടിനെ തിയോ ഹെർണാൻഡസ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി അനുവദിച്ചത്. എന്നാൽ അവസരം ഇംഗ്ലണ്ടിന് മുതലാക്കാനായില്ല. പെനൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്കിലും, ഇംഗ്ലണ്ടിന് ലഭിച്ച രണ്ടാം പെനൽറ്റി പുറത്തേക്കടിച്ചു കളഞ്ഞ ക്യാപ്റ്റൻ ഹാരി കെയ്‌നാണ് മത്സരത്തിലെ ദുരന്തനായകൻ.
പകരക്കാരനായി ഇറങ്ങിയ മേസൺ മൗണ്ടിനെ ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസ് സ്വന്തം ബോക്‌സിനുള്ളിൽ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി.
ഡിസംബർ 14ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്‌ത്തിയാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം.
സ്പോർട്സ് ഡെസ്ക്