ദോഹ: ലോകകപ്പുകളുടെ ചരിത്രത്തിൽ സെമി ബർത്ത് ഉറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമായി മാറിയ മൊറോക്കോയെ അഭിനന്ദിച്ച് ജർമൻ മുൻ താരം മെസ്യൂട്ട് ഓസിൽ. ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനെ ക്വാർട്ടറിൽ തകർത്ത് സെമി പ്രവേശനം നേടിയ മൊറോക്കൻ സംഘത്തെയാണ് മെസ്യൂട്ട് ഓസിൽ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലിം ലോകത്തിനും അഭിമാന നേട്ടമെന്നാണ് ഓസിൽ മൊറോക്കൻ വിജയത്തിനെ പ്രകീർത്തിച്ചത്.

'അഭിമാന നിമിഷം, എന്തൊരു വിസ്മയ ടീമാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലിം ലോകത്തിനും അഭിമാന നേട്ടം. ആധുനിക ഫുട്‌ബോളിൽ ഇത്തരമൊരു അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്. ഇത് നിരവധി പേർക്ക് ഊർജവും പ്രതീക്ഷയുമാകുന്നു' എന്നായിരുന്നു ഓസിലിന്റെ ട്വീറ്റ്.

അവസാന ക്വാർട്ടറിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തെന്നും, നാണക്കേട് ആവശ്യമില്ലെന്നും ഓസിൽ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. ഇംഗ്ലണ്ടിനായി ബുക്കായോ സാക്കോ തിളങ്ങിയെന്നും ഭാവി ഭദ്രമാണെന്നും ഓസിലിന്റെ കുറിപ്പിലുണ്ട്. ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. സെമിയിൽ മൊറോക്കോയാണ് ഫ്രാൻസിന് എതിരാളികൾ.

ക്വാർട്ടറിൽ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തകർത്തത്. 42 ആം മിനിറ്റിൽ യൂസഫ് എൻ നെസറിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.

ഓരോ ലോകകപ്പിലും ഒട്ടേറെ പ്രതീക്ഷകളോടെ എത്തി ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകനങ്ങൾ പുറത്തെടുത്ത് ഒടുവിൽ നോക്കൗട്ടിൽ അടിപതറി വീഴുന്ന ആഫ്രിക്കൻ ഫുട്‌ബോൾ ടീമുകളുടെ ചരിത്രമാണ് മൊറോക്കോ ഇത്തവണ മാറ്റിയെഴുതിയത്. ആഫ്രിക്കൻ വൻകരയ്ക്ക് ഫുട്‌ബോൾ ലോകത്ത് പുതിയ മേൽവിലാസം നൽകിയാണ് മോറോക്കോയുടെ വരവ്. ടൂർണമെന്റിലുടനീളം അത്ഭുതക്കുതിപ്പ് നടത്തുന്ന മൊറോക്കോ ഇതുവരെ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നീ വമ്പന്മാരെ വീഴ്‌ത്തിക്കഴിഞ്ഞു. ഖത്തറിലേത് മൊറോക്കോ കളിക്കുന്ന ആറാമത്തെ മാത്രം ലോകകപ്പാണ്.

ജർമൻ ഫുട്‌ബോൾ അസോസിയേഷനിലെയും ആരാധകർക്കിടയിലേയും വംശീയതയെ വിമർശിച്ച് 2018ൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് മെസ്യൂട്ട് ഓസിൽ. റഷ്യൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തോറ്റ് ജർമനി പുറത്തായതിന് പിന്നാലെ ഉയർന്ന വംശീയാധിക്ഷേപങ്ങളെ തുടർന്നായിരുന്നു അസിസ്റ്റുകളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന മെസ്യൂട്ട് ഓസിലിന്റെ വിരമിക്കൽ. ടീം ജയിക്കുമ്പോൾ ഞാനൊരു ജർമൻകാരനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമായി ചിത്രീകരിക്കപ്പെടുന്നതായി ഓസിൽ തുറന്നുപറഞ്ഞിരുന്നു.

എന്നാൽ മൊറോക്കോയെ അഭിനന്ദിച്ചുള്ള വാക്കുകളിലേക്ക് ഓസീൽ മതത്തെ കൊണ്ടുവന്നതിനെ വിമർശിച്ചും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. വൺ ലൗ ആം ബാൻഡ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഖത്തറിന്റെ നിലപാടിനെതിരെ ജർമൻ ടീം പ്രതിഷേധിച്ചപ്പോഴും ഓസീലിന്റെ പേരുയർത്തി മറുഭാഗം പ്രതിരോധിച്ചിരുന്നു. ടീം ഫോട്ടോയ്ക്കായി വാ മൂടിയാണ് ജർമൻ ടീം പ്രതിഷേധിച്ചത്. എന്നാൽ ഖത്തർ ആരാധകർ ഓസീലിന്റെ ചിത്രം ഉയർത്തിയാണ് ജർമനിക്ക് മറുപടി നൽകിയത്.

ഖത്തർ ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മൊറോക്കോ സെമിയിൽ പ്രവേശിച്ചത്. ആദ്യപകുതിയിൽ 42-ാം മിനുറ്റിൽ യൂസെഫ് എൻ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാട്ടങ്ങളെ ഓർമ്മിപ്പിച്ച് വളരെ ഉയരെ ജംപ് ചെയ്താണ് നെസീരി ഗോൾ നേടിയത്. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ടാംപകുതിയിൽ ഇറക്കിയിട്ടും മടക്ക ഗോൾ നേടാൻ പോർച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി ഇതോടെ മൊറോക്കോ ചരിത്രം കുറിച്ചു.